2020-ലെ ഒരു തെളിഞ്ഞ രാത്രി. കാലിഫോര്‍ണിയയിലെ സ്പെയ്സ്എക്സിന്റെ ആസ്ഥാനത്തുള്ള ലോഞ്ച്പാഡില്‍ ഇലോണ്‍ മസ്ക് ഏകനായി നിന്നു. അയാള്‍ക്ക് പിന്നില്‍ ഒരു ഭീമാകാരന്‍ സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പ് ആകാശക്കുതിപ്പിന് തയ്യാറായി നിന്നു. ക്യാമറകള്‍ മിന്നി, എഞ്ചിനീയര്‍മാര്‍ ഉദ്വേഗഭരിതരായി, വിദൂരത്തില്‍ കൗണ്ട്ഡൗണ്‍ തുടങ്ങി…..
പക്ഷേ മസ്കിന്റെ മുഖത്ത് മാറ്റമൊന്നുമില്ല, ചിരിയില്ല, ആശങ്കയില്ല. മുമ്പും ഇത്തരം അവസരങ്ങളില്‍ മസ്ക് അങ്ങനെ തന്നെയായിരുന്നു. മസ്കിന് അത് മറ്റൊരു ലോഞ്ച് മാത്രമല്ല, തന്റെ ഏറ്റവും വലിയ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണ്, ചൊവ്വാഗ്രഹത്തില്‍ നാഗരികതയെന്ന സ്വപ്നത്തിന് കുറച്ചുകൂടി തെളിച്ചം വരികയാണ്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ ജനിച്ചുവളര്‍ന്ന ഒരു ബാലന് അങ്ങനെയൊരു സ്വപ്നം കാണുതിനായി നടന്ന ദൂരം ചെറുതല്ല. ഇടയില്‍ അയാള്‍ കംപ്യൂട്ടര്‍ ഗെയിം ഉണ്ടാക്കി, ഇലക്ട്രിക് കാറുകള്‍ ഉണ്ടാക്കി, ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് റോക്കറ്റുകള്‍ അയച്ചു, സംരംഭകനായി, സ്വാധീന വ്യക്തിത്വമായി, കോടീശ്വരനായി, വിവാദങ്ങളുടെ നായകനായി..
ഇലോണ്‍ മസ്കിനെ മനസ്സിലാക്കുമ്പോള്‍ അദ്ദേഹത്തിലെ പ്രതിഭയെ മാത്രമല്ല, അദ്ദേഹം നടന്ന വഴിയും അറിയണം. കല്ലും മുള്ളും നിറഞ്ഞ ആ പാതയും കുട്ടിക്കാലവും ലക്ഷ്യങ്ങളും വിജയങ്ങളും അറിയണം. എവിടെപ്പോയാലും പിന്തുടരുന്ന വിവാദങ്ങളും അറിയണം.
മറ്റൊരു ഗ്രഹത്തിലേക്ക് പറക്കാന്‍ ആഗ്രഹിച്ച ഒരാളുടെ കഥയല്ല ഇത്, ഈ ഗ്രഹം തന്നെ വിട്ടുപോകണമെന്ന് സ്വപ്നം കണ്ട ഒരാളുടേതാണ്.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് തുടങ്ങിയ യാത്ര
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ 1971 ജൂണ്‍ 28നാണ് ഇലോണ്‍ റീവ് മസ്കിന്റെ ജനനം. മോഡലും ഡയറ്റീഷനുമായ മേയ് മസ്കിന്റെയും എഞ്ചിനീയറായ ഇറോള്‍ മസ്കിന്റെയും ആദ്യ പുത്രനായിരുന്നു ഇലോണ്‍ മസ്ക്. ചെറുപ്പം മുതല്‍ തന്നെ മസ്ക് വളരെ വ്യത്യസ്തനായിരുന്നു. അധികം സംസാരിക്കാത്ത, അന്തര്‍മുഖനായ, എപ്പോഴും പുസ്തകങ്ങളുമായി സമയം ചിലവഴിച്ചിരുന്ന ഒരു കുട്ടി. പത്താംവയസ്സില്‍ മസ്ക് കംപ്യൂട്ടിംഗില്‍ ആകൃഷ്ടനായി, സ്വയം പ്രോഗ്രാമിംഗ് പഠിച്ചു. പന്ത്രണ്ട് വയസ്സായപ്പോള്‍ ബ്ലാസ്റ്റര്‍ എന്ന പേരില്‍ ബഹിരാകാശ പശ്ചാത്തലമുള്ള ഒരു വീഡിയോ ഗെയിം വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്തു.
പക്ഷേ മസ്കിലെ പ്രതിഭ പലപ്പോഴും അംഗീകരിക്കപ്പെട്ടില്ല. സ്കൂളില്‍ മസ്ക് നിരന്തരം കളിയാക്കപ്പെട്ടു, സഹപാഠികളാല്‍ മര്‍ദ്ദിക്കപ്പെട്ടു. ഒരിക്കല്‍ കോണിപ്പടിയില്‍ നിന്ന് സഹപാഠികള്‍ തള്ളിയിട്ട് മസ്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സ്ഥിതി പോലും ഉണ്ടായി. ചെറുപ്പകാലത്തെ ഈ ദുരനുഭവങ്ങള്‍ മസ്കിന് ഒരു പരുക്കന്‍ സ്വഭാവമേകി, പിന്നീട് മസ്കില്‍ ലോകം കണ്ടതും പരുക്കനായ ഒരു വ്യക്തിയെ ആയിരുന്നു.
വര്‍ണ്ണവിവേചനത്തിന്റെ നാളുകളിലൂടെയാണ് മസ്കിന്റെ കുട്ടിക്കാലം കടന്നുപോയത്. ‘എനിക്കത് വെറുപ്പായിരുന്നു, ഒരു കഴമ്പും ഇല്ലാത്തതാണത്’ എന്നാണ് പിന്നീട് മസ്ക് വര്‍ണ്ണവിവേചനത്തെ കുറിച്ച് പറഞ്ഞത്. അങ്ങനെയാണ് മസ്ക് രക്ഷപ്പെടല്‍ സ്വപ്നം കണ്ടുതുടങ്ങിയത്. ആദ്യം കണ്ടത് ദക്ഷിണാഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തേക്കുള്ള രക്ഷപ്പെടലായിരുന്നു. സാങ്കേതികവിദ്യയെ കുറിച്ച് പഠിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും ബഹിരാകാശത്തേക്ക് എത്തിപ്പറ്റാനും സഹായിക്കുന്ന ഒരു ലോകമായിരുന്നു കൗമാരപ്രായക്കാരനായ മസ്ക് ആഗ്രഹിച്ചത്.
രക്ഷപ്പെടല്‍
ഒടുവില്‍ പതിനേഴാം വയസ്സില്‍ മസ്ക് നിറഭേദങ്ങളുടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ നിന്നും രക്ഷപ്പെട്ടു. കനേഡിയക്കാരിയായ അമ്മയിലൂടെ മസ്കിന് കനേഡിയന്‍ പാസ്പോര്‍ട്ട് കിട്ടി. 1989ല്‍ മസ്ക് ദക്ഷിണാഫ്രിക്ക വിട്ടു. കാനഡയിലെ സാസ്കാച്ചവെനില് വിമാനമിറങ്ങിയ മസ്ക് പിന്നീട് പല പണികളും ചെയ്തു. തടിമില്ലിലെ മാലിന്യം കളയുന്നത് മുതല്‍ ബോയിലര്‍ റൂം വൃത്തിയാക്കുന്നത് വരെ. ടെക് സ്റ്റാര്‍ട്ടപ്പ് എന്ന സ്വപ്നം വിദൂരമായിരുന്നുവെങ്കിലും സ്വാതന്ത്ര്യം മസ്കിന് ആത്മസംതൃപ്തിയേകി.
ആദ്യം ക്യൂന്‍സ് സര്‍വ്വകലാശാലയിലും പിന്നീട് പെന്‍സില്‍വേനിയ സര്‍വ്വകലാശാലയിലും ചേര്‍ന്ന് ഫിസിക്സിലും ഇക്കോണമിക്സിലും ബിരുദമെടുത്തു. പഠനകാലത്തും മസ്ക് അത്ര സഹൃദയനായിരുന്നില്ല. അക്ഷീണനായി പ്രയത്നിക്കുന്ന, അന്തര്‍മുഖനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു അയാള്‍. ചൊവ്വയെ കോളനിവത്കരിക്കുന്നതിനെ കുറിച്ച് അന്നും മസ്ക് സംസാരിച്ചിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് ഓര്‍ക്കുന്നു.
പിന്നീട് എനര്‍ജി ഫിസിക്സില്‍ പിഎച്ച്ഡി എടുക്കുന്നതിനായി മസ്ക് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. പക്ഷേ ആ പഠനം രണ്ടുദിവസമേ നീണ്ടുള്ളു. ഇന്റെര്‍നെറ്റിന്റെ കുതിപ്പ് തുടങ്ങുന്ന കാലമായിരുന്നു അത്. അതിനൊപ്പം ഒഴുകാതിരിക്കാന്‍ മസ്കിന് കഴിഞ്ഞില്ല. അങ്ങനെ പഠനം മതിയാക്കി മസ്ക് തന്റെ ലക്ഷ്യങ്ങള്‍ക്ക് നേരെ തുഴഞ്ഞുതുടങ്ങി.
ആദ്യ ജയങ്ങള്‍
1995-ല്‍ മസ്കും അദ്ദേഹത്തിന്റെ സഹോദരനായ കിമ്പലും ചേര്‍ന്ന് പാലോ ആള്‍ട്ടോയില്‍ ഒരു ചെറിയ ഓഫീസ് തുടങ്ങി. സിപ്പ്2 (Zip2) എന്നായിരുന്നു ആ സ്റ്റാര്‍ട്ടപ്പിന്റെ പേര്. രാത്രികളില്‍ മസ്ക് ആ ഓഫീസിലെ സോഫയില്‍ ചുരുണ്ടുകൂടി, ശുചിയാകാന്‍ അടുത്തുള്ള വൈഎംസിഎയെ ആശ്രയിച്ചു. ബിസിനസ് ഡയറക്ടറികള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുക, മാപ്പുകള്‍ തയ്യാറാക്കുക എന്നതായിരുന്നു സിപ്പ്2-ന്റെ ലക്ഷ്യം. ഒരു ഓണ്‍ലൈന്‍ സിറ്റി ഗൈഡ് സോഫ്റ്റ്വെയര് കമ്പനി. ഇന്ന് നമ്മള് സ്ഥിരമായി ഉപയോഗിക്കുന്ന ഗൂഗിള്‍ മാപ്പും യെല്പ്പുമെല്ലാം ചെയ്യുന്ന കാര്യം. പക്ഷേ അന്ന് ഇത് രണ്ടും ഉണ്ടായിരുന്നില്ല.
സിപ്പ്2 കാണാനത്ര ഭംഗിയുള്ളതൊന്നും ആയിരുന്നില്ല. പക്ഷേ അതിന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു. നാല് വര്‍ഷത്തിനുള്ളില്‍ സിപ്പ്2വിനെ കോംപാക് ഏറ്റെടുത്തു. 307 മില്യണ്‍ ഡോളറിനായിരുന്നു ആ ഇടപാട്. അങ്ങനെ 27-ാം വയസ്സില്‍ 22 മില്യണ്‍ ഡോളര്‍ നേടി മസ്ക് തന്റെ ആദ്യ സംരംഭത്തിന്റെ പടിയിറങ്ങി.
പക്ഷേ പിന്നീടും മസ്ക് വെറുതെയിരുന്നില്ല.
ആ പണം കൊണ്ട് X.com ആരംഭിച്ചു. അതൊരു ഓണ്‍ലൈന്‍ ബാങ്കിംഗ് പ്ലാറ്റ്ഫോം ആയിരുന്നു. ഒരു വെബ്സൈറ്റില്‍ ക്രെഡിറ്റ്കാര്‍ഡ് നമ്പര്‍ അടിച്ചുകൊടുക്കാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്ന കാലമായിരുന്നു അത്. പിന്നീട് X.com കോണ്‍ഫിനിറ്റി എന്ന മറ്റൊരു ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുമായി ലയിച്ചു. അങ്ങനെയാണ് പേപാലിന്റെ പിറവി (PayPal).
PayPal – നിരവധി വെല്ലുവിളികള്‍ നേരിട്ട കാലമായിരുന്നു അത്. മസ്കിലെ പ്രതിഭ കമ്പനിക്കും മറ്റ് ഉടമകള്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചുതുടങ്ങി. മറ്റ് സ്ഥാപകരുമായി മസ്ക് പിണങ്ങി, പല പ്രധാനതീരുമാനങ്ങളും ഒറ്റക്കെടുത്തു. ടീമിന് കൈകാര്യം ചെയ്യാന്‍ കഴിയാതിരുന്ന സാങ്കേതികവിദ്യകള്‍ അടിച്ചേല്‍പ്പിച്ചു. അങ്ങനെയിരിക്കെ, അവധിയാഘോഷിക്കാന്‍ പോയ മസ്കിനെ ഡയറക്ടര്‍ ബോര്‍ഡ് പുറത്താക്കി.
എന്നിട്ടും 1.5 ബില്യണ്‍ ഡോളറിന് eBay, PayPal-നെ ഏറ്റെടുത്തതിലൂടെ മസ്കിന് 2002ല്‍ 180 മില്യണ്‍ ഡോളര്‍ വിഹിതം ലഭിച്ചു.
വിചിത്ര സ്വപ്നങ്ങളുടെ കൂട്ടുകാരന്
ഇത്ര വലിയൊരു തുക ഒന്നിച്ച് കിട്ടിയാല്‍ അത് വസ്തു വാങ്ങിയോ സുരക്ഷിതമായ സംരംഭങ്ങള്‍ തുടങ്ങിയോ സമ്പത്ത് വര്‍ധിപ്പിക്കാനായിരിക്കും ആരും ആലോചിക്കുക. പക്ഷേ മസ്ക് അധികമാരും ചിന്തിക്കാത്ത വഴികളിലൂടെയാണ് നടന്നത്. തന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്കും ഇലക്ട്രിക് കാര്‍ വികസിപ്പിക്കുന്നതിനും ആ തുക വിനിയോഗിച്ചു. അന്നുവരെ ആരും വിജയം കാണാത്ത മേഖലകളായിരുന്നു അവ രണ്ടും എന്നോര്‍ക്കണം.
2002ലാണ് മസ്ക് സ്പെയ്സ്എക്സ് (SpaceX) ആരംഭിക്കുന്നത്. പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ നിര്‍മ്മിക്കുക, ബഹിരാകാശ യാത്രയുടെ ചിലവ് കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. കിറുക്കന് ആശയങ്ങള്‍ എന്ന് ആരും ചിന്തിച്ചുപോകുന്നവ. ബഹിരാകാശ വ്യവസായ മേഖല മസ്കിനെ പുച്ഛിച്ചു. നാസയിലെ ഉദ്യോഗസ്ഥര്‍ വരെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. തീര്‍ത്തും അപക്വമായ ചിന്തയെന്ന് വരെ ഒരു മുതിര്‍ന്ന എയറോസ്പേസ് ഉദ്യോഗസ്ഥന് അന്നുപറഞ്ഞു.
2004-ല്‍ മസ്ക് തന്റെ അടുത്ത സ്വപ്നത്തിനും ചിറകുനല്‍കി. ടെസ്ല മോട്ടോഴ്സ് എന്ന ഒരു ചെറിയ ഇലക്ട്രിക് കാര്‍ കമ്പനിയില്‍ നിക്ഷേപം നടത്തി. അന്ന് ടെസ്ലയുടേതായി ഒരു കാര്‍ പോലും ഇറങ്ങിയിരുന്നില്ല. മസ്ക് ആയിരുന്നില്ല സ്ഥാപകന്‍ എങ്കില്‍ കൂടിയും മൂലധനത്തിലൂടെയും കാഴ്ചപ്പാടുകളിലൂടെയും അതിവേഗം മസ്ക് ടെസ്ലയുടെ മുഖമായി മാറി.
അതേസമയം തന്നെ മസ്ക് സോളാര്‍സിറ്റി എന്ന സോളാര്‍ പാനല്‍ ഇന്സ്റ്റലേഷന് കമ്പനി ആരംഭിക്കുകയും ഹൈപ്പര്‍ലൂപ്പ് ആശയത്തിന് പിന്തുണ നല്‍കുകയും ന്യൂറാലിങ്ക്, ഓപ്പണ്‍എഐ എന്നിവയ്ക്കുള്ള അടിത്തറ പാകുകയും ചെയ്തു. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് ഇവയെല്ലാം നടക്കാത്ത സ്വപ്നങ്ങളായിരുന്നു. പക്ഷേ മസ്ക് വളരെ ലളിതമായാണ് അതിനെ വിശേഷിപ്പിക്കുന്നത് – ‘’ഒരു കാര്യം പ്രധാനപ്പെട്ടതാണെങ്കില്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ കൂടിയും നിങ്ങളത് ചെയ്യുക’’.
വഴിത്തിരിവുകള്‍
2008-ഓടെ മസ്ക് പാപ്പരായെന്ന് പറയാം.
SpaceX-ന്റെ മൂന്ന് റോക്കറ്റുകളുടെ വിക്ഷേപണം പരാജയപ്പെട്ടു. എല്ലാം പൊട്ടിത്തെറിക്കുകയോ പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്തു. മാധ്യമങ്ങളും ലോകവും മസകിനെ കളിയാക്കി. കൂടെ നിന്ന എഞ്ചിനീയര്‍മാര്‍ അയാളെ തനിച്ചാക്കി. ജസ്റ്റിന് മസ്കുമായുള്ള ഇലോണ്‍ മസ്കിന്റെ വിവാഹബന്ധം തകര്‍ച്ചയിലേക്ക് നീങ്ങി. ഫണ്ടിംഗില്ലാതെ ടെസ്ലയുടെ വപ്രവര്ത്തനം താളംതെറ്റി. കാലതാമസവും ചിലവും കൊണ്ട് റോഡ്സെറ്റര് എന്ന ടെസ്ലയുടെ ആദ്യവണ്ടിയുടെ നിര്‍മ്മാണം ഇഴഞ്ഞു.
എന്നിട്ടും PayPal-ല്‍ നിന്നുള്ള ഓരോ സെന്റും മസ്ക് ഈ രണ്ട് കമ്പനികളിലുമായി ചിലവഴിച്ചുകൊണ്ടിരുന്നു. അന്നെല്ലാം അര്‍ധരാത്രി തണുത്തുവിറച്ച് എഴുന്നേറ്റിരുന്നുവെന്നും എല്ലാം പരാജയപ്പെടുകയാണെന്ന് കരുതിയിരുന്നുവെന്നും പിന്നീട് മസ്ക് പറഞ്ഞിട്ടുണ്ട്.
പിന്നീടാണ് പല അത്ഭുതങ്ങളും സംഭവിക്കുന്നത്.
2008 സെപ്റ്റംബറില്‍ SpaceX വിജയകരമായി ഫാല്‍ക്കണ്‍ 1 വിക്ഷേപിച്ചു. സ്വകാര്യമേഖലയില്‍ നിര്‍മ്മിച്ച, ദ്രാവക ഇന്ധനമുള്ള, ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയ റോക്കറ്റ് ആയിരുന്നു ഫാല്‍ക്കണ്‍ 1. മാസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കാര്‍ഗോ എത്തിക്കുന്നതിന് നാസ Space X-ന് 1.6 ബില്യണ്‍ ഡോളറിന്റെ കരാര്‍ നല്കി.
മറ്റൊരു അത്ഭുതവും ആ വര്‍ഷം സംഭവിച്ചു. 2008-ലെ ക്രിസ്മസ് രാവില്‍ ടെസ്ലയുടെ ജീവന് നിലനിര്‍ത്തിക്കൊണ്ട് നിക്ഷേപമെത്തി.
മസ്കിന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞില്ല. നഷ്ടപ്പെടലിന്റെ വക്കില്‍ നിന്നും അയാള്‍ അവയെ തിരികെപ്പിടിച്ചു.
മസ്ക് എന്ന വിജയ പ്രതീകം
2010കളുടെ തുടക്കത്തില്‍ കുറച്ച് സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകന്‍ എന്ന നിലയില്‍ നിന്നും വിജയത്തിന്റെയും തകര്‍ച്ചയില്‍ നിന്നും ഉയര്ത്തെഴുന്നേല്ക്കലിന്റെയും പ്രതീകമായി ഇലോണ്‍ മസ്ക് വളര്‍ന്നുകഴിഞ്ഞിരുന്നു.
2008-ല്‍ അയേണ്‍ മാന്‍ സിനിമയുടെ വിജയത്തിന് ശേഷം ഡയറക്ടര്‍ ജോന് ഫാവ്രോ ഒരു വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി. സിനിമയില്‍ റോബര്‍ട്ട് ഡോണി ജൂനിയര്‍ അവതരിപ്പിച്ച ടോണി സ്റ്റാര്‍ക്ക് എന്ന ബില്യണയര്‍ ഇന്‍വെന്റര്‍ എന്ന കഥാപാത്രത്തിന് പ്രചോദനമായത് ഇലോണ്‍ മസ്ക് ആയിരുന്നുവത്രേ. അയേണ്‍ മാന്‍ 2-ല്‍ മസ്ക് ഗസ്റ്റ് റോളില്‍ വന്നുപോകുന്നുപോലുമുണ്ട്. അങ്ങനെ ടെക് ലോകത്ത് മാത്രമല്ല, ലോകം മുഴുവനും മസ്കിന് ആരാധകരായി.
അഭിനയം ആയിരുന്നില്ല മസ്കിന്റെ വഴിയെങ്കിലും മസ്കിന്റെ ജീവിതം ഏതൊരു സയന്‍സ് ഫിക്ഷന്‍ സിനിമയേക്കാളും ആവേശം നിറയ്ക്കുന്നതായിരുന്നു.
2012-ല്‍ ടെസ്ല മോഡല്‍-S അവതരിപ്പിച്ചു. വളരെ സുന്ദരമായ, വേഗതയേറിയ ഒരു ഇലക്ട്രിക് സെഡാന് ആയിരുന്നു അത്. ഇതോടെ ഇലക്ട്രിക് വാഹനത്തെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാട് മാറി. ആ വര്‍ഷത്തെ മോട്ടോര്‍ ട്രെന്‍ഡിന്റെ കാര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം മോഡല്‍ S സ്വന്തമാക്കി. ടെസ്ലയ്ക്ക് ആരാധകരേറി.
Space X-ല്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ നിര്‍മ്മാണം മസ്ക് വേഗത്തിലാക്കി. അതിനുശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഡ്രാഗണ്‍ പേടകം വീണ്ടും നിര്മ്മിച്ചുനല്കി. നാസയ്ക്ക് വേണ്ടി ഒരു സ്വകാര്യ കമ്പനി ആദ്യമായാണ് അത്തരത്തില്‍ പേടകം നിര്‍മ്മിച്ചുനല്‍കിയത്. 2015-ല്‍ കമ്പനി ഫാല്‍ക്കണ്‍ ഹെവി അവതരിപ്പിച്ചു. പിന്നീട് ഈ ഫാല്‍ക്കണ്‍ ഹെവി ടെസ്ല റോഡ്സ്റ്ററെ ഭ്രമണപഥത്തില്‍ എത്തിച്ചു. അന്ന് ഡേവിഡ് ബൗണിയുടെ സ്പെയ്സ് ഓഡിറ്റി എന്ന ആല്‍ബം ഭ്രമണപഥത്തിലെ ആ കാറിനുള്ളില്‍ മുഴങ്ങി.
ആളുകള്‍ ചിരിച്ചുതള്ളിയ മസ്കിന്റെ സ്വപ്നങ്ങളെല്ലാം സത്യമാകുന്നത് ലോകം കണ്ടുനിന്നു.
പക്ഷേ അതുകൊണ്ടെന്നും മസ്ക് മതിയാക്കിയില്ല. ഓപ്പണ്ഐഎ സ്ഥാപിക്കാന്‍ സാം ഓള്ട്ട്മാനിനൊപ്പം നിന്നുകൊണ്ട് തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്സിന്റെ അപകടവശങ്ങളെ കുറിച്ച് മസ്ക് മുന്നറിയിപ്പ് നല്കി. നഗരങ്ങള്ക്കടിയിലൂടെ ഗതാഗത ടണലുകള്‍ നിര്‍മ്മിക്കാന്‍ ബോറിംഗ് കമ്പനി എന്ന സ്ഥാപനം തുടങ്ങി. മനുഷ്യരുടെ തലച്ചോറിനെ മെഷീനുമായി ബന്ധിപ്പിക്കുന്ന ന്യൂറാലിങ്ക് അവതരിപ്പിച്ചു.
ചിലര്‍ക്ക് മസ്ക് ഒരു അത്ഭുതപ്രതിഭയാണ്. മറ്റുചിലര്‍ക്ക് അപകടകാരിയും.
വിവാദങ്ങളുടെയും നായകന്
പ്രശസ്തിയ്ക്കൊപ്പം പലപ്പോഴും വിവാദങ്ങളും ഒപ്പമെത്തും, ഇലോണ്‍ മസ്ക് അവയില്‍ നിന്നും ഒളിച്ചോടിയില്ല.
ട്വിറ്റര്‍ എന്ന മൈക്രോബ്ലോഗിംഗ് സൈറ്റിലൂടെ വിവാദപരമായ പല പ്രഖ്യാപനങ്ങളും ആരോപണങ്ങളും പരാമര്‍ശങ്ങളും മസ്ക് നടത്തി. അര്‍ധരാത്രിയിലെ ഈ ട്വീറ്റുകളുടെ പ്രത്യാഘാതങ്ങള്‍ വലുതായിരുന്നു.
2018ല്‍ ഓഹരിയൊന്നിന് 420 ഡോളര്‍ നിരക്കില്‍ ടെസ്ലയെ സ്വകാര്യവല്ക്കരിക്കുകയാണെന്ന പ്രഖ്യാപനമായിരുന്നു അതിലൊന്ന്. ഇത് ഓഹരിവിപണിയില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കി. , 40 മില്യണ്‍ ഡോളറാണ് അന്ന് മസ്കിന് പിഴയായി നല്‍കേണ്ടിവന്നത്.
അതേവര്‍ഷം തന്നെ ഗുഹയില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്ന ബ്രിട്ടീഷുകാരനായ ഒരു രക്ഷാപ്രവര്‍ത്തകനെ ‘Pedo Guy’ (കുട്ടികളെ പീഡിപ്പിക്കുന്നയാള്) എന്ന് വിളിച്ചുകൊണ്ട് വീണ്ടും മസ്ക് ട്വിറ്ററിലൂടെ വിവാദ പ്രസ്താവന നടത്തി. ഒരു രക്ഷാപ്രവര്‍ത്തനത്തിനിടെ മസ്കിന്റെ മിനി-സബ്മറൈനെ വിമര്‍ശിച്ചതിന്റെ രോഷം തീര്‍ക്കുകയായിരുന്നു മസ്ക്. ഇത് കോടതിയില്‍ കേസായി. കേസില്‍ മസ്ക് വിജയിച്ചെങ്കിലും ജനങ്ങള്‍ക്ക് മസ്കിലുള്ള താല്‍പ്പര്യം കുറഞ്ഞു.
മസ്കിന്റെ കമ്പനികളിലെ സമ്മര്‍ദ്ദം നിറഞ്ഞ, മോശം തൊഴില്‍ സാഹചര്യങ്ങളെ വിമര്‍ശിച്ച് ജീവനക്കാര്‍ രംഗത്തുവന്നു. ടെസ്ലയിലും SpaceXലും മസ്ക് അസാധ്യമായ കാര്യങ്ങളായിരുന്നു ജീവക്കാരോട് ആവശ്യപ്പെട്ടിരുന്നതെന്ന് അവര്‍ ആരോപിച്ചു. പലപ്പോഴും അയാള്‍ തന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. പക്ഷേ അത് ജോലിക്കാരെ കഠിനമായി ഡജോലി ചെയ്യിപ്പിച്ചോ കൂടുതല്‍ പണമിറക്കിയോ ഭയപ്പെടുത്തുന്ന മാനേജ്മെന്റിലൂടെയോ ആയിരുന്നുവെന്ന് ആരോപണങ്ങള്‍ വന്നു.
കോവിഡ് മുന്‍കരുതലുകളെയും മസ്ക് ട്വിറ്ററിലൂടെ കളിയാക്കി. കാലിഫോര്‍ണിയയിലെ ലോക്ക്ഡൗണിനെ വെല്ലുവിളിച്ചു. പ്രതിഷേധിച്ച് ടെസ്ലയുടെ ആസ്ഥാനം ടെക്സസിലേക്ക് മാറ്റി.
അതിനുശേഷം ട്വിറ്റര്‍ വിവാദം തുടങ്ങുന്നത്.
2022-ല്‍ മസ്ക് 44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുത്തു. മിക്ക ജീവനക്കാരെയും പിരിച്ചുവിട്ടു. വിവാദ വ്യക്തിത്വങ്ങള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കി. ട്വിറ്ററിന്റെ പേര് മാറ്റി X എന്നാക്കി. അങ്ങനെ ട്വിറ്ററിന്റെ മുഖച്ഛായയും പ്രതിച്ഛായയും മാറി.
ഒരു അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഒരു പ്ലാറ്റ്ഫോമിനെ മസ്ക് തെറ്റായ വിവരങ്ങളുടെ തട്ടകമാക്കിയെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. അതേസമയം കോര്‍പ്പറേറ്റ് സെന്‍സര്‍ഷിപ്പിനെ വെല്ലുവിളിച്ചതിന് മസ്ക് അനുകൂലികള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.
ഭൂമിക്ക് പുറത്തേക്ക്
മസ്കിനെ കുറിച്ചുള്ള ലോകത്തിന്റെ അഭിപ്രായം പലതായെങ്കിലും മസ്കിന്റെ കാഴ്ചപ്പാടുകളിലും ലക്ഷ്യങ്ങളിലും ഒരു ഉലച്ചിലും ഉണ്ടായില്ല.
SpaceX-ല്‍ സ്റ്റാര്‍ഷിപ്പ് പദ്ധതി- (പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റ് എന്ന ആശയത്തിലൂന്നിയത്) കാര്യക്ഷമമായി പുരോഗമിക്കുന്നു. മനുഷ്യരെ ആദ്യം ചന്ദ്രനിലേക്കും പതുക്കെ ചൊവ്വയിലേക്കും എത്തിക്കുകയാണ് മസ്ക് ലക്ഷ്യമിടുന്നത്.
മസ്കിന്റെ സ്റ്റാര്‍ഷിപ്പ് വിക്ഷേപണങ്ങളെല്ലാം വിജയകരമൊന്നുമല്ല. ഉയര്‍ന്നുപൊങ്ങി പൊട്ടിത്തെറിച്ചവയുണ്ട്.പക്ഷേ അതൊന്നും മസ്കിനെ നിരാശപ്പെടുത്തുന്നില്ല. പരാജയവും ഒരു അവസരമാണ്, ഒന്നും പരാജയപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ പുതുതായി ഒന്നും കണ്ടുപിടിക്കുന്നില്ലെന്നാണ്- മസ്ക് പറയുന്നു.
അതേസമയം ടെസ്ല ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ വാഹനനിര്മ്മാതാക്കളായി മാറിക്കഴിഞ്ഞു. പല വന്‍കരകളിലുമായി ജിഗാഫാക്ടറികള്‍ ഉയര്‍ന്നു. പുരപ്പുറ സൗരോര്‍ജ്ജത്തിലേക്കും ബാറ്ററികളിലേക്കും എഐ ഉപയോഗിച്ചുള്ള ഡ്രൈവറില്ലാ ഡ്രൈവിംഗിലേക്കും കമ്പനി വളര്‍ന്നു. അതേസമയം പൂര്‍ണ്ണമായും ഡ്രൈവറുടെ ആവശ്യമില്ലാത്ത വാഹനമെന്ന വാഗ്ദാനം ഇനിയും പാലിക്കപ്പെടാനിരിക്കുന്നു.
ന്യൂറാലിങ്കിലൂടെ മസ്ക് തലച്ചോറും മെഷീനും തമ്മിലുള്ള ഇടപെടലുകളുടെ പരീക്ഷണം മസ്ക് ആരംഭിച്ചുകഴിഞ്ഞു. മൃഗങ്ങളിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. തുടര്‍ന്ന് മനുഷ്യരിലും നടക്കും. ഇതിലൂടെ തളര്‍ന്നുപോയവരെ സുഖപ്പെടുത്താനാകുമെന്നും ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ കഴിയുമെന്നുമെല്ലാമാണ് മസ്ക് അവകാശപ്പെടുന്നത്.
മസ്കിന്റെ ആശയങ്ങള്‍ സയന്‍സ് ഫിക്ഷനായി തോന്നാമെങ്കിലും മസ്കിന് അത് അങ്ങനെയല്ല. അവയെ എല്ലാം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രയത്നത്തിലാണ് അദ്ദേഹം.
ഇലോണ്‍ മസ്കിനെ ചരിത്രം എങ്ങനെ അടയാളപ്പെടുത്തും?
ചിലര്‍ക്ക് മസ്ക് എഡിസണ് ശേഷമുള്ള വലിയൊരു ഉപജ്ഞാതാവ് ആണ്. പരിമിതികളെ അംഗീകരിക്കാന്‍ കൂട്ടാക്കാതെ, ലോകത്തെ മാറ്റിമറിച്ച ഒരു വ്യക്തിത്വമാണ്. അയാള്‍ കാറുകളിലൂടെയും റോക്കറ്റുകളിലൂടെയും ഊര്‍ജ്ജത്തിലൂടെയും എഐയിലൂടെയും ലോകത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. നടക്കില്ലെന്ന് ലോകം കരുതിയ പല കാര്യങ്ങളെയും അയാള്‍ വെല്ലുവിളിച്ചു- അതില്‍ പലതിലും അയാള്‍ വിജയിച്ചു.
മറ്റുചിലര്‍ക്ക്, അഹന്തയുടെ പ്രതീകമാണ് മസ്ക്. വളരെ പ്രതിഭാധനനായ എന്നാല്‍ എപ്പോള്‍ വേണമെങ്കിലും നിറംമാറാവുന്ന ഒരു നേതാവാണ്. അയാളുടെ പരുഷമായ പെരുമാറ്റവും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രകോപനങ്ങളും മറ്റുള്ളവരെ വരുതിയില്‍ നിര്‍ത്താനുള്ള ആഗ്രഹവും അയാളുടെ പ്രതിച്ഛായയ്ക്ക് ഏറെ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
പക്ഷേ സത്യമൊരുപക്ഷേ ഇവയ്ക്ക് രണ്ടിനുമിടയിലാകാം.
ഇലോണ്‍ മസ്ക് ഒരു ഹീറോ അല്ല, പക്ഷേ അയാള്‍ വില്ലനുമല്ല. അയാളൊരു ശക്തിയാണ്- ബുദ്ധിക്ഷമതയുടെയും ലക്ഷ്യബോധത്തിന്റെയും സങ്കീര്‍ണ്ണതകളുടെയും ശക്തി. എന്തുകൊണ്ട്, എന്തുകൊണ്ട് പറ്റില്ല തുടങ്ങിയ ചോദ്യങ്ങള്‍ ധൈര്യപൂര്‍വ്വം ചോദിക്കാന്‍ അദ്ദേഹത്തിന് കഴിയും. പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല അയാള്‍ ഒന്നും ചെയ്യുന്നത്. താന്‍ സ്വപ്നം കാണുന്ന ഒരു ഭാവിക്കായി എന്തും ചെയ്യാന്‍ അയാള്‍ തയ്യാറാണ്.
അയാളുടെ റോക്കറ്റുകള്‍ കുതിച്ചുയരുമ്പോള്‍, നഗരങ്ങളെ ബന്ധിപ്പിക്കുന്ന ടണലുകള്‍ പണിതുകഴിയുമ്പോള്‍, ന്യൂറോണുകളിലൂടെ മനുഷ്യ-യന്ത്ര ഇടപെടല്‍ സാധ്യമാകുമ്പോള്‍, കാറുകള്‍ സ്വയം ഓടുമ്പോള്‍ ഒരുകാര്യം വ്യക്തമാകും. ഇലോണ്‍ മസ്ക് മറ്റൊരു ലോകത്ത് നിന്നുള്ള വ്യക്തിയൊന്നുമല്ല, പക്ഷേ നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കും.