മുട്ടയിൽ നിന്നും കോടികളുടെ വരുമാനമെന്നു കേൾക്കുമ്പോൾ ഉള്ളിലൊരു പുച്ഛചിരി പൊട്ടിയേക്കാം. എന്നാൽ ആ ചിരി വെറും ചിരിയാകുന്ന കഥയാണ് എഗോസ് എന്ന മുട്ട ബ്രാൻഡിന് പറയാനുള്ളത്. മുട്ടയിലും ബ്രാൻഡോ എന്നാണ് ചോദ്യമെങ്കിൽ, അതെ മുട്ടയിലും ബ്രാൻഡ് ഉണ്ട്. അഭിഷേക് നേഗി , ആദിത്യ സിംഗ് , ഉത്തം കുമാർ എന്നീ മൂന്ന് ഐഐടി എഞ്ചിനീയർമാരുടെ തലയിൽ വിളഞ്ഞ ബുദ്ധിയാണ് എഗോസ് എന്ന മുട്ട ബ്രാൻഡ്.
സാധാരണ ഐഐടിയിൽ നിന്ന് പഠിച്ചിറങ്ങിക്കഴിഞ്ഞാൽ ടെക് സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനെ പറ്റിയാണ് ചിന്തിക്കുന്നത്. എന്നാൽ അഭിഷേക് നേഗി , ആദിത്യ സിംഗ് , ഉത്തം കുമാർ എന്നീ സുഹൃത്തുക്കൾ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ട് ആണ് ചിന്തിച്ചത് . അവർ നേരെ പോയി ഒരു കോഴി ഫാം തുടങ്ങുകയാണ് ചെയ്തത്.
കെട്ടവരൊക്കെ മൂക്കത്ത് വിരൽ വച്ചു. കോഴികളെ വളർത്താനാണോ ഐഐടി പോലൊരു പ്രീമിയർ ഇൻസ്റ്റിറ്റൂട്ടിൽ പഠിച്ചത് എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നു.എന്നാൽ അവിടെയാണ് ഈ വിരുതന്മാരുടെ ബിസിനസ് തല പ്രവർത്തിച്ചത്. മുട്ട ഉൽപ്പാദന മേഖലയിൽ അവരൊരു പ്രശ്നം നിലനിൽക്കുന്നതായി കണ്ടെത്തി. ഗുണമേന്മയുള്ള മുട്ടയുടെ പോരായ്മ തന്നെ.
ഒരു ദിവസം ഇന്ത്യയിൽ ഏകദേശം 34 കോടി കോഴിമുട്ടകളാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. അത്രയും കോഴിമുട്ടകൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതിനു ആവശ്യമായ ഗുണമേന്മയുണ്ടോ എന്ന് സംശയമാണ്. ആന്റിബയോട്ടിക്സ് കുത്തിവെച്ച് കോഴികൾ ഇടുന്ന മുട്ട, കൂടുകളിൽ തന്നെ കൈത്തീറ്റ നൽകി വളർത്തുന്ന കോഴികളിടുന്ന മുട്ട, ഇവയെല്ലാം ആവശ്യത്തിന് പോഷക മൂല്യം ഇല്ലാത്തവയാണ്.
ഇതൊരു അവസരമായി കണ്ടാണ് ഈ മൂന്ന് സുഹൃത്തുക്കൾ കോഴി ഫാമുകൾ തുടങ്ങിയത്. ഈ ഫാമുകളിൽ അവര് നല്ല ഇനം കോഴികളെ തിരഞ്ഞെടുക്കുകയും അതിന് ഹെർബൽ ഫീഡ് കൊടുക്കുകയും ചെയ്തു. ഇതുകൊണ്ട് തന്നെ അത് ഇട്ട മുട്ട നല്ല ഹൈ പ്രോട്ടീൻ കണ്ടന്റ് ഉള്ളവയായിരുന്നു. എഗോസ് എന്ന ബ്രാൻഡിൽ അവയെ വിപണിയിൽ എത്തിക്കുകയും ചെയ്തു.
ഒരു മുട്ട പൊട്ടിച്ച് നോക്കി കഴിഞ്ഞാൽ ഉള്ളിലെ യോക് ഭാഗം ഓറഞ്ച് കളർ ആയിരിക്കും. അതിനർത്ഥം അത് നല്ല ഹൈ പ്രോട്ടീൻ കണ്ടന്റ് ഉള്ളതുകൊണ്ടാണ് എന്നാണ്. പ്രോട്ടീൻ കണ്ടന്റ് കുറവാണെങ്കിൽ മഞ്ഞ നിറമായിരിക്കും യോകിന്. എഗോസ് മുട്ടയുടെ വിലയിലും വ്യത്യാസമുണ്ട്. സാധാരണ കോഴിമുട്ടയിലും ഏകദേശം ഇരട്ടി വിലയാണ് ഇവർക്കിത് 12 രൂപ അടുത്ത് വരും .
എന്നിട്ടും ആളുകൾ എഗോസ് മുട്ടകൾ വാങ്ങുന്നുണ്ട്. അതുകൊണ്ടാണ് അവര് മൂന്ന് വർഷം കൊണ്ട് ഏകദേശം 100 കോടി രൂപയുടെ വാല്യുവേഷൻ ഉള്ള ബ്രാൻഡ് ആയിട്ട് മാറിയത്. വിപണിയിൽ നിലനിൽക്കുന്ന ഒരു പ്രശ്നം മനസിലാക്കി അതിനുള്ള പരിഹാരവുമായി എത്തുന്ന ബ്രാൻഡുകൾ വിജയിക്കും എന്നതിനുള്ള ഉദാഹരണമാണ് എഗോസിന്റെ വിജയം.