സുന്ദരികളും സുന്ദരന്മാരും ആയിരിക്കാൻ ആഗ്രഹിക്കാത്ത ആളുകളില്ല. എന്നാൽ പലപ്പോഴും സൗന്ദര്യം എന്നത് ചർമത്തിന്റെ നിറം കൂട്ടുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു. ഇന്ന് വിപണിയിൽ സജീവമായ ഒട്ടുമിക്ക കോസ്മറ്റിക്ക് ബ്രാൻഡുകളും മുന്നോട്ട് വയ്ക്കുന്ന സന്ദേശവും അതാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ അഭിപ്രായവും കാഴ്ചപ്പാടുകളുമാണ് സ്കിൻ കെയർ ബ്രാൻഡുകളിലെ സജീവ സാന്നിധ്യമായ അനുസ് ഹെർബ്സിന്റെ ഉടമ അനു കണ്ണനുണ്ണിക്ക്. കഴിഞ്ഞ 7 വർഷമായി വിവിധങ്ങളായ സൗന്ദര്യ സംരക്ഷണ ഉല്പന്നങ്ങളുമായി വിപണിയിൽ സജീവമായ അനു മലയാളിയുടെ സൗന്ദര്യ സങ്കൽപങ്ങളെ അടിമുടി മാറ്റിയെഴുതുകയാണ്.
ചർമത്തിന്റെ നിറം വർധിപ്പിക്കാം, മുടിയുടെ വളർച്ച കൂട്ടാം,കരുത്ത് വർധിപ്പിക്കാം തുടങ്ങിയ മോഹന വാഗ്ദാനങ്ങളൊന്നും നൽകാതെ, ചിട്ടയായ ജീവിതം, സൗന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗത്തിലൂടെ ആരോഗ്യകരമായ സൗന്ദര്യ സംരക്ഷണം എന്ന വലിയ ലക്ഷ്യമാണ് അനു മുന്നോട്ട് വയ്ക്കുന്നത്. ആലപ്പുഴ സ്വദേശിയായ അനു കണ്ണനുണ്ണി സ്കിൻ കെയർ പ്രോഡക്റ്റ് രംഗത്ത് ഒരു സംരംഭകയുടെ കുപ്പായം ധരിക്കുന്നത് തന്നെ ആ മേഖലയോടുള്ള അതിയായ താല്പര്യവും സ്നേഹവും മുൻനിർത്തിയാണ്.പഠനം കഴിഞ്ഞു ആകാശവാണിയിൽ മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന അനു അതോടൊപ്പം ഒരു സർക്കാർ ജോലി എന്ന ലക്ഷ്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് അതിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.പല ലിസ്റ്റിലും പേര് വന്നെങ്കിലും ജോലി എന്ന നിലയിലേക്ക് എത്തിയില്ല. ജീവിതത്തിൽ ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നിത്തുടങ്ങിയ സന്ദർഭത്തിലാണ് മനസ്സിൽ ഒളിച്ചു വച്ചിരുന്ന സംരംഭകത്വ മോഹത്തിന് പുതിയ ചിറകുകൾ നൽകാൻ അനു തീരുമാനിച്ചത്.
സ്വന്തം അനുഭവത്തിൽ നിന്നും വളർന്ന സ്ഥാപനം
വിവാഹശേഷം ഗര്‍ഭിണിയായതോടെ അനു ജോലിയിൽ നിന്നും ഒരു ബ്രേക്ക് എടുത്തു. യാത്രകൾ ബുദ്ധിമുട്ടായപ്പോളാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ആ സമയത്ത് സംരംഭകമോഹം മനസ്സിൽ കൂടുതൽ ദൃഢമായെങ്കിലും ഒന്നും പ്രാവർത്തികമാക്കാനുള്ള മനസുണ്ടായിരുന്നില്ല. 2017ൽ പ്രസവശേഷമാണ് കാര്യങ്ങൾ കൈവിട്ടു പോയത്. ശരീരം ഒരുപാട് മാറി. മുഖത്ത് വല്ലാതെ പിഗ്മെന്റേഷൻ, പോസ്റ്റ് പ്രഗ്നൻസി പ്രശ്നങ്ങൾ– മുൻപ് കണ്ടവർ ഒറ്റക്കാഴ്ചയിൽ തിരിച്ചറിയാത്ത അവസ്ഥ വന്നു. ആത്മവിശ്വാസത്തെ പോലും ഈ മാറ്റങ്ങൾ കാര്യമായി ബാധിച്ചു. അങ്ങനെയാണ് അനു മുഖത്തിനു പറ്റിയ ലേപനം തേടി പഴയ ആയുർവേദ ഗ്രന്ഥങ്ങൾ വായിച്ചുതുടങ്ങിയത്. സംസ്കൃതം അറിയുന്നത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി.വായിച്ചും പഠിച്ചും ഒരു ആന്റി പിഗ്മെന്റേഷൻ ഫേസ് പാക്ക് തയാറാക്കി ഉപയോഗിച്ചു തുടങ്ങി. ചർമ്മത്തിനു ശ്രദ്ധ കൊടുക്കാനും തുടങ്ങിയതോടെ ഒരു മാസം കൊണ്ട് വലിയ മാറ്റമുണ്ടായി. കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങിനു കണ്ടവർ ആറുമാസത്തിനു ശേഷം കണ്ടപ്പോൾ ഈ നല്ല മാറ്റത്തെപ്പറ്റി ചോദിച്ചുതുടങ്ങി. അപ്പോൾ കിട്ടിയ ആത്മവിശ്വാസമായിരുന്നു സംരംഭകത്വ രംഗത്തേക്കുള്ള അടിത്തറ.
” ചെറുപ്പം മുതൽക്ക് എനിക്ക് ഷഹനാസ് ഹുസൈനോട് വലിയ ആരാധനയും ബഹുമാവും ഒക്കെയായിരുന്നു. വലുതാകുമ്പോൾ അവരെ പോലെ അറിയപ്പെടുന്ന ഒരു കോസ്മെറ്റിക്ക് എൻട്രപ്രണർ ആകണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കരുതുന്ന പോലെ അത്ര എളുപ്പമല്ല സംരംഭകത്വം എന്നതും അതിനായി ഒരുപാട് കാര്യങ്ങൾ ചെയ്യണം എന്നതും ഈ ഒരു സ്വപ്നം മനസ്സിൽ മാത്രമായി സൂക്ഷിക്കാൻ എന്നെ നിർബന്ധിച്ചു. എന്നാൽ വിവാഹശേഷം എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പൂർണ പിന്തുണ നൽകുന്ന ഒരു വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നതോടെ ഞാൻ എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ തുടങ്ങി. അനുസ് ഹെബ്സ് എന്ന സ്ഥാപനത്തിന്റെ വളർച്ചക്ക് പിന്നിൽ ഭർത്താവ് കണ്ണനുണ്ണി ജി നൽകിയ പിന്തുണ വളരെ വലുതാണ്” അനു കണ്ണനുണ്ണി പ്രോഫിറ്റ് ന്യൂസിനോട് പറയുന്നു.
ആയുർവേദത്തിൽ അധിഷ്ഠിതമായ സൗന്ദര്യ സംരക്ഷണം
ഏറെ ഇഷ്ടമുള്ള മേഖലയായത് കൊണ്ട് തന്നെ ഈ രംഗത്തേക്ക് വന്നപ്പോൾ ഞാൻ ആദ്യം ചെയ്തത് വിപണിയെ പറ്റി പഠിക്കുക എന്നതാണ്. ഏത് വിഭാഗത്തിൽപ്പെട്ട ജനങ്ങളാണ് ഇവിടെ ഉള്ളത്, അവർ നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് എന്തെല്ലാമാണ്, ഏത് തരത്തിലുള്ള പരിഹാര മാർഗങ്ങളാണ് അവർ ആഗ്രഹിക്കുന്നത് തുടങ്ങി ആഴത്തിലുള്ള ഒരു വിപണി പഠനം നടത്തിയ ശേഷമാണ് ആയുവേദ കൂട്ടുകളിൽ അധിഷ്ഠിതമായ അനുസ് ഹെർബ്സ് ഉൽപ്പന്നങ്ങളിലേക്ക് തിരിയുന്നത്.
2018ൽ ആലപ്പുഴ ജില്ലയിലെ വളവനാടുള്ള വീടിന് മുകളിലുള്ള ഒറ്റമുറിയിലാണ് അനൂസ് ഹെർബ്സ് മാജിക് ബ്യൂട്ടി പ്രോഡക്ട്സിന്റെ ആരംഭം. കോസ്മെറ്റോളജി സ്കിൻ സയൻസിൽ ഡിപ്ലോമ നേടിയ അനു, തന്റെ എല്ലാ കഴിവും ഈ ബ്രാൻഡിന്റെ വളർച്ചയെ മുൻനിർത്തി സ്ഥാപനത്തിൽ സമർപ്പിക്കുകയായിരുന്നു. വായനയിലൂടെ നേടിയ അറിവും ആയുർവേദത്തിൽ തനിക്കുള്ള പരിജ്ഞാനവും ഉപയോഗിച്ച് സ്വന്തമായി സൃഷ്ടിച്ച ആദ്യത്തെ ഉൽപ്പന്നമാണ് ആന്റി-പിഗ്മെന്റേഷൻ പാക്ക്. സോഷ്യൽ മീഡിയ വഴിയായിരുന്നു ഉൽപ്പന്നം ആദ്യമായി ഉപഭോക്താക്കളിലേക്ക് എത്തുന്നത്. എന്നാൽ ഉപയോഗിച്ച ഉപഭോക്താക്കൾ നൽകിയ മികച്ച അഭിപ്രായങ്ങൾ സ്ഥാപനത്തെ കൂടുതൽ ഉയരത്തിലേക്ക് വളർത്തുകയായിരുന്നു. തുടർന്ന് കൂടുതൽ ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ അനു ശ്രദ്ധ കേന്ദ്രീകരിച്ചു.സ്കിൻ കെയർ ഓയിലുകൾ , സെറം, മോയ്സ്ചറൈസറുകൾ , ഫേസ് പാക്കുകൾ , ഹെയര്‍പാക്കുകൾ തുടങ്ങി അനേകം ഉൽപ്പന്നങ്ങൾ ഇപ്പോൾ അനുസ് ഹെർബ്സ് വിപണിയിൽ എത്തിക്കുന്നുണ്ട്.
ഉപഭോക്താക്കളെ അടുത്തറിയുന്ന സംരംഭം
തന്റെ ഉൽപ്പന്നങ്ങൾ ഓരോ ഉപഭോക്താവിനും നൽകും മുൻപായി അവരുടെ സ്കിൻ ടൈപ്പ് , ജീവിതരീതികൾ എന്നിവയെപ്പറ്റിയെല്ലാം അനു നന്നായി പഠിക്കും. അതിനു ശേഷം മാത്രമാണ് ഉൽപ്പന്നങ്ങൾ നിർദേശിക്കുക.ഓരോ വ്യക്തികളുടെയും സൗന്ദര്യ പ്രശ്നങ്ങൾ വ്യത്യസ്തമാണ്. അതിനാൽ കൃത്യമായ വിവരങ്ങൾ ചോദിച്ചറിഞ്ഞ് അവരുടെ ഹിസ്റ്ററിയെടുത്ത് പ്രത്യേകം പഠനവിധേയമാക്കിയ ശേഷം മാത്രം അവർക്കാവശ്യമായ ഉൽപ്പന്നങ്ങൾ നിർദേശിക്കുന്ന അനൂസ് ഹെർബ്സിന്റെ രീതി വളരെ പെട്ടന്നാണ് സമൂഹ മധ്യത്തിൽ സ്വീകാര്യമായത്. സൗന്ദര്യമെന്നാൽ ചർമത്തിന്റെ നിറവും മുടിയുടെ നീളവുമല്ലെന്ന് പറയുന്നു അനു കണ്ണനുണ്ണി . ആരോഗ്യ കരമായ ശാരീരികാവസ്ഥ നിലനിർത്തുക, അതിലൂടെ ചർമവും മുടിയും അഴകും ആരോഗ്യവും ഉള്ളതാക്കിമാറ്റുക എന്നതാണ് സൗന്ദര്യത്തെ സംബന്ധിച്ച് അനുവിന്റെ കാഴ്ചപാട്.അതിനാൽ തന്നെ തികച്ചും പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ മാത്രമാണ്. അനു വിപണിയിൽ എത്തിക്കുന്നത്. ‘യഥാർഥ സൗന്ദര്യം ഉള്ളിൽ നിന്നാണ്’ എന്ന് അനു പറയും. ചർമ പ്രശ്നങ്ങളുമായി സമീപിക്കുന്നവരിൽ, ഉല്പന്നങ്ങൾ ഉപയോഗിച്ച് പരിഹാരം കാണാത്ത വിഷയങ്ങൾക്ക് ഡെർമറ്റോളജിസ്റ്റിനെ തന്നെ റഫർ ചെയ്യുന്നു.ഇത്തരത്തിൽ സുതാര്യമായ സമീപനമാണ് അനുവിനെ മറ്റ് സ്കിൻ കെയർ സംരംഭകരിൽ നിന്നും വ്യത്യസ്തമാക്കുന്നതും.
നാച്ചുറൽ കോസ്മറ്റിക്സ് രംഗത്ത് ചുവടുറപ്പിച്ച ഒരു ബിസിനസുകാരി എന്ന നിലയിൽ തന്റെ ഉൽപ്പന്നങ്ങളുടെ വിപണി വർധിപ്പിക്കുക എന്നതിനേക്കാൾ സത്യസന്ധമായ മാർക്കറ്റിംഗ് രീതികളിലൂടെ യഥാർത്ഥ ഉപഭോക്താക്കളെ സൃഷ്ടിച്ചെടുക്കുക എന്നതിനാണ് അനു പ്രാധാന്യം നൽകിയിരിക്കുന്നത്. അതിനാൽ തന്നെയാണ് അനുസ് ഹെർബ്സിന്റെ സ്ഥിരം ഉപഭോക്താക്കളുടെ എണ്ണം ഇന്ത്യക്കകത്തും പുറത്തുമായി പതിനായിരങ്ങൾ കടന്നിരിക്കുന്നതും.ഒന്നിൽ നിന്നും നാല്പതോളം ഹെർബൽ ഉൽപന്നങ്ങളിലേക്ക് ബ്രാൻഡ് വളർന്നു.
എന്താണ് യഥാർത്ഥത്തിൽ സൗന്ദര്യ സംരക്ഷണം ?
ഓരോ വ്യക്തിയും അവരവരുടേതായ രീതിയിൽ സൗന്ദര്യം ഉള്ളവരാണ്. പലപ്പോഴും ജീവിതരീതികൾ , സാഹചര്യങ്ങൾ എന്നിവ മൂലം നിറം മങ്ങുകയും കരുവാളിക്കുകയും ഒക്കെ ചെയ്തേക്കാം. ഈ അവസ്ഥകൾ സ്വാഭാവികമായി മാറ്റിയെടുക്കുക എന്നതാണ് അനിവാര്യമായ കാര്യം. ഓരോരുത്തർക്കും ഓരോ നിറവും ടെക്സ്ചറുമുണ്ട്. അതാണ് അവരുടെ സൗന്ദര്യം. അതിൽ കേടുപാടുകളോ, പ്രശ്നങ്ങളോ ഇല്ലാതെ സൂക്ഷിക്കാനാണ് ഞാൻ എന്റെ ഉൽപ്പന്നങ്ങൾ സജസ്റ്റ് ചെയ്യുന്നത്. മുടിയുടെ നീളം കൂട്ടാനല്ല, മുടി കൊഴിച്ചിൽ കുറയ്ക്കാനാണ് ഹെയർ പാക്ക്. നിറം കൂടുമെന്നോ, മുട്ടോളം മുടി വളരുമെന്നോ പ്രതീക്ഷിച്ച് നിങ്ങളിതൊന്നും വാങ്ങരുത്” ആണ് കണ്ണനുണ്ണി പറയുന്നു.
പരസ്യങ്ങളുടെ യാതൊരു അകമ്പടിയും ഇല്ലാതെ മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി വഴി മാത്രമാണ് അനുസ് ഹെർബ്സ് എന്ന ബ്രാൻഡ് ഏഴ് വർഷങ്ങൾ വിജയകരമായി പിന്നിട്ടിരിക്കുന്നത്. ബിസിനസ് പൂർണമായും ഓൺലൈനിലാണ്. ഓരോ മാസവും നിശ്ചിത ദിവസങ്ങളിൽ ഓർഡർ എടുക്കും. ഓർഡർ ക്ലോസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ ഉൽപന്നങ്ങൾ എത്തിച്ചുകൊടുക്കാനും ശ്രദ്ധിക്കും. എത്ര തിരക്കായാലും പ്രത്യേക നിർദേശം ആവശ്യമുള്ളവർക്ക് സ്വന്തം കൈപ്പടയിലുള്ള കുറിപ്പുകൾ തയാറാക്കി കൂടെ വയ്ക്കും. രാവിലെ 9 മുതൽ രാത്രി 10 വരെ നിർമാണ യൂണിറ്റിലാണ് അനുവിന്റെ പ്രവർത്തനം. അതിനിടയിൽ ഓരോ ഉപഭോക്താക്കളോടും പരമാവധി ചേർന്നിരിക്കാനും കാര്യങ്ങൾ മനസിലാക്കാനും ശ്രമിക്കും. അതിനാൽ തന്നെ അനുസ് ഹെർബസിന്റെ ഉപഭോക്താക്കൾ അനുവിനെ സംബന്ധിച്ച സുഹൃത്തുക്കളാണ്.
ഒന്നും കൃത്രിമമല്ല ഇവിടെ
മറ്റ് കോസ്മെറ്റിക്ക് ഉല്പന്നങ്ങൾക്കുള്ള നിറമോ മണമോ അനുസ് ഹെർബ്സിന്റെ ഉൽപ്പന്നങ്ങൾക്ക് ഉണ്ടാകില്ല. പക്ഷെ ഗുണം ഉണ്ടാകും. ഉൽപ്പന്നങ്ങളിൽ കൃത്രിമ നിറങ്ങളോ, പെർഫ്യുമോ ഒന്നും ചേർക്കുന്നില്ല എന്നതിനാലാണ് മണം ഇല്ലാത്തത്. അതിനാൽ തന്നെ ത്വക്കിന്റെയും മുടിയുടെയും ആരോഗ്യത്തോട് ഏറ്റവും ചേർന്നുപോകുന്ന ഉൽപന്നങ്ങളാണ് ഇവ. പൊതുവേ നാച്ചുറൽ കോസ്മെറ്റികസ് വളരെ വിലപിടിപ്പുള്ളവയാണ്. എല്ലാവർക്കും പ്രാപ്യമായ രീതിയിൽ ഇവ ലഭ്യമാക്കുക എന്നതാണ് അനുവിന്റെ ലക്ഷ്യം. അസംസ്കൃത സാധനങ്ങളും മരുന്നുചെടികളും നേരിട്ട് പോയി കൃഷിക്കാരുടെ അടുത്ത് നിന്ന് വാങ്ങിക്കുന്ന രീതിയാണ് നിലവിൽ പിന്തുടരുന്നത്. അത്യാവശ്യം ചിലത് ചുറ്റുപാടുകളിൽ നിന്ന് ശേഖരിക്കുകയും ചെയ്യുന്നു. ലിപ്ബാമിലും മറ്റും വളരെയധികം റോസപ്പൂവ് ആവശ്യമുണ്ട്. ഇവയൊക്കെ കൃഷിക്കോരോട് ആവശ്യപ്പെട്ട് കൃഷിചെയ്യിപ്പിച്ചെടുക്കുകയാണ്.
ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് അനൂസ് ഹെര്‍ബ്സ് ഉല്പന്നങ്ങളുടെ കാലാവധി. എന്നിരുന്നാലും, ഉപയോഗിക്കുന്ന പ്രോഡക്റ്റില്‍ നിന്നു പോസിറ്റീവ് അല്ലാത്ത ഒരു അഭിപ്രായം അനൂസ് ഹെര്ബ്സിനു ലഭിച്ചിട്ടില്ലെന്ന് അനു പറയുന്നു.നാച്ചുറല്‍ കോസ്മെറ്റിക് രംഗത്ത് ഏഴു വര്‍ഷം പിന്നിടുമ്പോള്‍, മുപ്പതിനായിരത്തോളം സംതൃപ്തരായ ഉപയോക്താക്കളെ നേടിയെടുക്കാന്‍ കഴിഞ്ഞത് പ്രവര്‍ത്തനത്തിലെ വലിയ അംഗീകാരമായി അനു കാണുന്നത്.
2018ലെ ഒറ്റമുറി കെട്ടിടത്തില്‍ നിന്ന് ഇന്ന് 1400 ചതുരശ്ര അടിയുള്ള കെട്ടിടത്തിലേക്ക് അനൂസ് ഹെര്‍ബ്സിന്റെ യൂണിറ്റ് വളര്‍ന്നുകഴിഞ്ഞു. നിലവിൽ യൂണിറ്റിൽ ഒരു ഡോക്ടറും, കൂടാതെ ടെക്നിക്കൽ സ്റ്റാഫുകളും ഉൾപ്പെടെയുള്ളവരുടെ പിന്തുണയും അനുവിന് ലഭിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. ഓപ്പൺ റ്റു ഓൾ എന്ന രീതിയിലുള്ള തീർത്തും സുതാര്യമായ മാർക്കറ്റിങ് രീതികളാണ് അനുസ് ഹെർബസിനെ വ്യത്യസ്തമാക്കുന്നത്. ഓരോ പുതിയ ഉൽപ്പന്നം വിപണിയിൽ ഇറക്കും മുൻപായി കൃത്യമായ വിപണി പഠനം നടത്തും. പരീക്ഷിച്ച് വിജയിച്ച ഉൽപ്പന്നങ്ങൾ മാത്രമേ നാളിതുവരെ ഉപഭോക്താക്കളിലേക്ക് എത്തിച്ചിട്ടുള്ളു. ഉൽപ്പന്നം വിട്ട ശേഷവും ഉപഭോക്താക്കളിൽ നിന്നും കൃത്യമായ അഭിപ്രായങ്ങൾ എടുക്കാനും തുടർ പ്രവർത്തനങ്ങളിൽ ആ അഭിപ്രായങ്ങൾ ഏകോപിപ്പിക്കുവാനും അനു ശ്രമിക്കുന്നുണ്ട്.
വിപണിയിൽ സജീവമാകുക എന്നത് പ്രധാനം
”ഏത് രംഗത്ത് പ്രവർത്തിക്കുന്ന സംരംഭകയാണെങ്കിലും വിപണി പഠിക്കുക, വിപണിയിൽ സജീവമാകുക എന്നത് ഏറെ പ്രധാനമാണ്. വിപണിയിലെ മാറ്റങ്ങൾ, പുതിയ ട്രെൻഡുകൾ , ആവശ്യങ്ങൾ ഉപഭോക്താക്കളുടെ പരാതികൾ , പ്രതീക്ഷകൾ അവരുടെ സ്പെൻഡിംഗ് കപ്പാസിറ്റി എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരണയുണ്ടായിരിക്കണം. അതല്ലാതെ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ എല്ലാം വിറ്റ് പോകണം എന്ന വാശിയോ നിർബന്ധമോ ഈ മേഖലയിൽ ഗുണം ചെയ്യില്ല. പരമാവധി ഉപഭോക്താക്കളെ അടുത്തറിയുക ആവശ്യങ്ങൾ മനസിലാക്കുക റിസൾട്ട് ഓറിയന്റഡ് ആയ മാർക്കറ്റിങ് , ബ്രാൻഡിംഗ് സ്ട്രാറ്റജികൾ സ്വീകരിക്കുക എന്നതാണ് പ്രധാനം. സമാനമായ രീതിയിൽ ഈ രംഗത്തെ എതിരാളികളെയും അവരുടെ ഉല്പന്നങ്ങളെയും പഠിക്കുന്നതും ഗുണകരമാണ്” അനു പറയുന്നു.
മികച്ച സംരംഭകയ്ക്കുള്ള 2021ലെ ഗാന്ധി അവാർഡ്, 2022ലെ റെഡ് എഫ്എം വിമൻ എംപവർമെന്റ് അവാർഡ്, 2023ലെ നെഹ്റു ഫൗണ്ടേഷന്റെ മികച്ച സംരംഭക അവാർഡ് തുടങ്ങി അനേകം അവാർഡുകൾക്ക് അനു അർഹയായിട്ടുണ്ട് എന്നത് സംരംഭക രംഗത്തെ പ്രവർത്തന മികവിന് ഉദാഹരണമാണ്. ആഹാരത്തിലൂടെ ആരോഗ്യം എന്ന ആശയത്തെ മുന്‍നിര്‍ത്തി ന്യൂട്രീഷണല്‍ രംഗത്ത് പുതിയ കാല്‍വയ്പുമായി അനൂസ് ഹെർബ്സിന്റെ അനുബന്ധ സ്ഥാപനമായ ‘അനുക’ എന്ന പേരിൽ മറ്റൊരു സംരംഭവും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഹെർബൽ ചായ, ഹെർബൽ ഇന്‍ഫ്യൂസ്ഡ് ഹണി, മില്ലറ്റ് മീൽ, ഗ്രീൻ ഡിറ്റോക്സ് എന്നിങ്ങനെയുള്ള ഭക്ഷ്യോത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. അനുസ് ഹെർബ്സിന്റെ വളർച്ചയിൽ അനുവിനൊപ്പം എന്നും ചേർത്ത് പറയേണ്ട പേരാണ് ഭർത്താവ് കണ്ണനുണ്ണിയുടേത്. ജേണലിസ്റ്റും, ആർജെയും എഴുത്തുകാരനും കലാഭവൻ ആർട്ടിസ്റ്റുമായ കണ്ണനുണ്ണി മറ്റ് തിരക്കുകളെല്ലാം മാറ്റിവച്ച് ബിസിനസിൽ അനുവിനൊപ്പമുണ്ട്.