കൃഷി ചെയ്യാൻ ആളില്ല, സ്ഥലമില്ല, താല്പര്യമില്ല എന്നൊക്കെ പരാതിപറയുന്നവർക്ക് ഒരു കൊച്ചു – വലിയ മാതൃകയുണ്ട് ഇടപ്പള്ളി കുന്നുംപുറത്ത്. കളിക്കോപ്പ് എടുത്ത് കളിച്ചും ടിവി കണ്ടുമെല്ലാം സമയം കളയേണ്ട പത്ത് വയസ് പ്രായത്തിൽ വീടിനു ചുറ്റുമുള്ള സ്ഥലത്തും മട്ടുപ്പാവിലുമെല്ലാം വിശാലമായ കൃഷിത്തോട്ടം ഒരുക്കിയിരിക്കുകയാണ് അഫിൻ മുഹമ്മദ്. പാവൽ, കോവൽ, ചേമ്പ്, വെണ്ട, തക്കാളി , വിവിധയിനം മുളകുകൾ തുടങ്ങി പച്ചക്കറികളുടെ ഒരു നീണ്ട നിര തന്നെ ഈ പത്തു വയസുകാരന്റെ ശ്രമഫലമായി ഇടപ്പള്ളി കുന്നുംപുറത്തെ വീടിനു ചുറ്റും വിളഞ്ഞു നിൽക്കുന്നു.

അഫിൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല കൃഷി. ഏഴ് വയസ് പ്രായത്തിൽ തുടങ്ങിയതാണ്.കർഷകനായ ഉപ്പൂപ്പാ അബ്ബാസിൽ നിന്നുമാണ് അഫിന് കൃഷിയോട് ഇഷ്ടം തോന്നുന്നത്. ആദ്യമൊക്കെ ഉപ്പൂപ്പയെ സഹായിക്കാൻ കൃഷിയിടത്തിൽ പോയ അഫിൻ പിന്നീട് സ്വന്തമായി വിത്ത് വിതയ്ക്കാൻ തുടങ്ങി. മെല്ലെ മെല്ലെ അതിന്റെ പരിചരണവും വളപ്രയോഗവും ഏറ്റെടുത്തു. കൊച്ചു മകന് കൃഷിയോടുള്ള താല്പര്യം മനസിലാക്കിയ അബ്ബാസ് പരമാവധി പ്രോത്സാഹിപ്പിച്ചു.
ഉപ്പൂപ്പാ നൽകിയ നിർദേശപ്രകാരം ചീര തൈകളും വെണ്ട തൈകളും ഒക്കെ അഫിൻ പാകി മുളപ്പിച്ചു. പിതാവ് ഷെഫിൻ സലീം, മാതാവ് അജ്ന എന്നിവർ മകനെ കൂടുതൽ കൃഷി ചെയ്യുന്നതിനായി പ്രോത്സാഹിപ്പിച്ചു. പ്രോത്സാഹനം ലഭിച്ചപ്പോൾ സ്വന്തമായൊരു കൃഷിയിടം ഒരുക്കിയെടുക്കുന്നതിലായി അഫിന്റെ ശ്രദ്ധ. അങ്ങനെ കുഞ്ഞു അഫിൻ കൃഷിയുടെ വലിയ ലോകത്തേക്ക് കടക്കുകയായിരുന്നു.
അനിയത്തിക്കിഷ്ടം പാവൽ, തുടക്കം അവിടെ നിന്നും
കുഞ്ഞനിയത്തി ആഫിയ മൈഷക്ക് ഏറ്റവും ഇഷ്ടമുള്ള പച്ചക്കറി പാവലാണ്. അനിയത്തിക്കായാണ് ആദ്യം വിത്ത് വിതച്ചതും വിളവെടുത്തതും. പിന്നീട് അത് ശീലമായി, ദിനചര്യയുടെ ഭാഗമായി. കാലിയായ പെയിന്റ് ബക്കറ്റുകൾ ശേഖരിച്ച് അതിൽ മണ്ണ് നിറച്ചാണ് പാവൽ നട്ടത്. വളമായി മണ്ണിര കമ്പോസ്റ്റും ചാണകവും. കയറുകെട്ടി പടർത്തിവിട്ട പാവലിൽ നിറയെ കായ്കൾ ഉണ്ടായി. താൻ നട്ട പാവലിൽ നിന്നും സ്വയം വിളവെടുത്ത് കുഞ്ഞനുജത്തിക്ക് ഇഷ്ടമുള്ള കറികൾ ഉണ്ടാക്കി നൽകാൻ കഴിഞ്ഞതാണ് തനിക്ക് ഏറ്റവും സന്തോഷം നൽകിയ കാര്യമെന്ന് പറയുന്നു അഫിൻ.

പെയിന്റുബക്കറ്റുകൾ കൃഷിയിടമായപ്പോൾ
സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് എങ്ങനെ കൃഷി ചെയ്യാമെന്നതിനുള്ള ഉദാഹരണമാണ് അഫിൻ. കിട്ടാവുന്നത്ര പെയിന്റുബക്കറ്റുകൾ ശേഖരിച്ചും ഗ്രോ ബാഗുകൾ സജ്ജീകരിച്ചും ആണ് അഫിൻ കൃഷി ചെയ്യുന്നത്.പാവൽ, കോവൽ, ചേമ്പ്, വെണ്ട, തക്കാളി , വിവിധയിനം മുളകുകൾ തുടങ്ങി പച്ചക്കറികളുടെ വലിയ നിരതന്നെയുണ്ട് ഈ മിടുക്കന്റെ തോട്ടത്തിൽ.സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ പരിചരണം തുടങ്ങും. മൊബൈലിനോടോ ടിവിയോടോ താല്പര്യമില്ല. കളപറിക്കാനും നനയ്ക്കാനും കീടങ്ങളെയും ഒച്ചുകളെയും ഒഴിവാക്കാനുമൊക്കെയായി സമയം പോരെന്നാണ് അഫിന്റെ പരാതി.ഓരോ ദിവസവും ഓരോ പുതിയ കാര്യം കൃഷിയിൽ പഠിച്ചെടുന്ന അഫിന് സ്കൂളിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. കളമശ്ശേരി രാജഗിരി സ്കൂളിലാണ് അഫിൻ പഠിക്കുന്നത്.

കൂൺ മുതൽ വരാൽ വരെ
കൂൺ കർഷകനായ ഉപ്പൂപ്പയെ സഹായിക്കാനായി കൂടെ കൂടി ഒടുവിൽ കൂൺ ബഡുകൾ സ്വന്തമാക്കി സ്വന്തമായി കൃഷി ചെയ്യാൻ തുടങ്ങിയ അഫിൻ വിളവെടുത്ത് വില്പനയും നടത്തി. കൂൺകൃഷിയിൽ ആദ്യശ്രമം തന്നെ വിജയം കാണുകയും ചിപ്പിക്കൂൺ വളരെ മികച്ച വിളവൊടെ ഉൽപ്പാദിപ്പിക്കാൻ കഴിയുകയും ചെയ്തു. കൂണിനൊപ്പം അക്വാപോണിക്സ് മാതൃകയിൽ വരാൽ മത്സ്യകൃഷിയും അഫിൻ ചെയ്യുന്നുണ്ട്. വീട്ടിലേക്കാവശ്യമായ മീനും പച്ചക്കറികളും ഒപ്പം പോഷകസമ്പുഷ്ടമായ കൂണും തന്റെ അധ്വാനഫലമായി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അഫിൻ.

ബയോ കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ് എന്നിവ ഉണ്ടാക്കി ജൈവകൃഷിക്കാവശ്യമായ വളം നിർമിക്കുന്നതും കീടങ്ങളെ തുരത്താൻ മഞ്ഞക്കെണി ഒരുക്കുന്നതുമെല്ലാം അഫിൻ തന്നെയാണ്. വളരുമ്പോൾ മികച്ചൊരു ജൈവ കർഷകനാകണം എന്നതാണ് അഫിന്റെ ആഗ്രഹം. കൃഷിയിൽ നിന്നും യുവതലമുറ പിന്തിരിയുന്നു എന്ന് പരാതിപ്പെടുന്നവർക്ക് മുന്നിൽ മാതൃകയാവുകയാണ് അഫിൻ മുഹമ്മദ്.