ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിപ്പിനെയും സാധ്യതകളെയും പ്രയോജനപ്പെടുത്താനൊരുങ്ങി ദക്ഷിണേന്ത്യന്‍ സാരി റീട്ടെയലര്മാരും. ആര്എസ്ബി റീട്ടെയില്‍ ഇന്ത്യ, മാരി റീട്ടെയില്‍, പോത്തീസ്, നല്ലി സില്‍ക്ക് സാരീസ് എന്നിവയടക്കം ദക്ഷിണേന്ത്യയില്‍ നിന്നുള്ള സാരി റീട്ടെയിലര്‍മാര്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) തയാറെടുക്കുകയാണ്. വരുന്ന 6-8 മാസത്തിനുള്ളില്‍ ഐപിഒകളിലൂടെ ഏകദേശം 20,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ മെട്രോ, ടയര്‍-1 നഗരങ്ങളിലാണ് ഈ സാരി റീട്ടെയ്ലര്മാര് സജീവമായി പ്രവര്‍ത്തിക്കുന്നത്. ഐപിഒകളിലൂടെ കൂടുതല്‍ മൂലധം സമാഹരിക്കുകയും ജനസംഖ്യയും ചെലവഴിക്കല്‍ ശേഷിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ടയര്‍-2, ടയര്‍-3 വിപണികളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യം. ഉത്തരേന്ത്യന്‍ നഗരങ്ങളിലെ സാരി പ്രേമികള്‍ക്കിടയിലും കടന്നുചെന്ന് പാന്‍ ഇന്ത്യ ബ്രാന്‍ഡാകാനും കമ്പനികള്‍ പദ്ധതിയിട്ടിരിക്കുന്നു.
മുന്നേ നടന്ന് കലാമന്ദിര്‍
ഹൈദരാബാദ് ആസ്ഥാനമായുള്ള സായ് സില്‍ക്സിന്റെ (കലാമന്ദിര്‍) പാത പിന്തുടര്ന്നാണ് മറ്റ് സാരി റീട്ടെയ്ലര്‍മാരും വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. 2023 സെപ്റ്റംബറിലാണ് കലാമന്ദിര്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നത്.1201 കോടി രൂപയാണ് ഐപിഒയിലൂടെ കലാമന്ദിര്‍ സമാഹരിച്ചത്. ലിസ്റ്റ് ചെയ്തശേഷം ഓഹരിവില ഇടിഞ്ഞെങ്കിലും കഴിഞ്ഞ 6 മാസത്തിനിടെ നിക്ഷേപകര്‍ക്ക് 27% നേട്ടം ലഭിച്ചു.
20000 കോടി രൂപയുടെ ഐപിഒകള്‍
ആന്ധ്രപ്രദേശ് ആസ്ഥാനമായ ആര്എസ്ബി റീട്ടെയില്‍ 1,500 കോടി രൂപയുടെ ഐപിഒയ്ക്കാണ് അനുമതി തേടിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ മാരി റീട്ടെയില്‍ 2,000 കോടി രൂപയുടെയും തമിഴ്നാട് ആസ്ഥാനമായ പോത്തീസ് 1,200 കോടി രൂപയുടെയും ഐപിഒകള്‍ക്ക് അനുമതി തേടിയിരിക്കുന്നു. തമിഴ്നാട്ടില്‍ 198 ല്‍ സ്ഥാപിതമായ ഹെറിറ്റേജ് സാരി റീട്ടെയിലറായ നല്ലി സില്‍ക്കും ഐപിഒയ്ക്ക് തയാറെടുക്കുകയാണ്.
ഐപിഒയില്‍ നിന്നുള്ള വരുമാനം സ്റ്റോര്‍ ശൃംഖല വികസിപ്പിക്കുന്നതിനും വിതരണ ശൃംഖലകളില്‍ നിക്ഷേപിക്കുന്നതിനും ഓണ്‍ലൈന്‍ വില്‍പ്പന ശക്തമാക്കാനുമാവും സാരി റീട്ടെയ്ലര്മാര് പ്രധാനമായും പ്രയോജനപ്പെടുത്തുക. ഉത്സവങ്ങള്‍, വിവാഹങ്ങള്‍, മറ്റ് അവസരങ്ങള്‍ എന്നിവയിലെല്ലാം ദക്ഷിണേന്ത്യന്‍ സ്ത്രീകളുടെ പ്രിയ വസ്ത്രമാണ് സാരി. അതിനാല്‍ തന്നെ ഈ സാരി റീട്ടെയ്ലര്മാര്ക്കെല്ലാം ആവര്‍ത്തിച്ച് ഉപഭോക്താക്കളെ ലഭിക്കാറുമുണ്ട്. അതിനാല്‍ തന്നെ മികച്ച വളര്‍ച്ചാ സാധ്യതയാണ് ഈ കമ്പനികള്‍ക്കുള്ളതെന്ന് വിലയിരുത്തപ്പെടുന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




