റെക്കോഡ് ഉയരങ്ങള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവില നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് ഈ വര്‍ഷം നല്‍കിയത്. സ്വര്‍ണം എന്ന നിക്ഷേപത്തില്‍ വിശ്വസിച്ചവരെ മഞ്ഞലോഹം ചതിച്ചില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണവിലയിലുണ്ടായ കുതിപ്പ് 60 ശതമാനത്തിലേറെയാണ്. 2024 ഒക്ടോബര്‍ 10ന് സ്വര്‍ണം ഗ്രാമിന് 7025 രൂപയായിരുന്നു വില. 2025 ഒക്ടോബറില്‍ വില ഗ്രാമിന് 11,380 രൂപ വരെയെത്തിയിരിക്കുന്നു. ആനുപാതികമായി 22 കാരറ്റ് സ്വര്‍ണം ഒരു പവന് 90,720 രൂപയായും ഉയര്‍ന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം പവന് 56200 രൂപയായിരുന്നു വില.
തുടര്‍ച്ചയായ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ആഗോള സാമ്പത്തിക അനിശ്ചിതത്വം, യുഎസ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ എന്നിവ കാരണം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില അടുത്തിടെ ട്രോയ് ഔണ്‍സിന് 4,000 ഡോളറെന്ന റെക്കോഡ് തകര്‍ക്കുകയുണ്ടായി. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും സ്വര്‍ണവില കുതിച്ചുപാഞ്ഞത്. രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ത്യയില്‍ വില വര്‍ധിക്കാന്‍ കാരണമായി. 2025 ജനുവരി 1 മുതലുള്ള കണക്കെടുത്താല്‍ ഇതുവരെ മഞ്ഞ ലോഹം 52% നേട്ടമുണ്ടാക്കി.
ഈ വിലവര്‍ധനവ് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയ എല്ലാവരെയും സന്തോഷിപ്പിക്കുന്നതാണ്. എന്നാല്‍ ഒരു തരി പൊന്നു വാങ്ങാതെ സ്വര്‍ണത്തില്‍ നിന്ന് വന്‍ നേട്ടമുണ്ടാക്കിയ ബുദ്ധിമാന്മാരും നമുക്ക് ചുറ്റുമുണ്ട്. സ്വര്‍ണവുമായി ബന്ധപ്പെട്ട ഓഹരികളില്‍ നിക്ഷേപിച്ചും ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) നിക്ഷേപിച്ചും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിയുമാണ് ഇവര്‍ നേട്ടമുണ്ടാക്കിയത്. സ്വര്‍ണക്കട്ടികളോ സ്വര്‍ണാഭരണങ്ങളോ വാങ്ങി സൂക്ഷിക്കുന്നതിന് ഏകദേശം സമാനമായ നേട്ടം തന്നെ ഈ ആസ്തികളില്‍ നിന്നും ഇവര്‍ നേടിയെന്നതാണ് വാസ്തവം. വിപണിയില്‍ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നിലുണ്ട് ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സികളായ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍. അതേസമയം 40 ശതമാനത്തോളം ഇടിവാണ് സ്വര്‍ണാഭരണ വില്‍പ്പനക്കാരായ ല്യാണ് ജ്വല്ലേഴ്സിനുണ്ടായത്.
വിപണിയില്‍ തിളങ്ങി മുത്തൂറ്റ് ഫിനാന്‍സും മണപ്പുറവും
സ്വര്‍ണ്ണ വില റെക്കോര്‍ഡ് ഉയരങ്ങള്‍ ഭേദിച്ചതോടെ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവയുള്‍പ്പെടെയുള്ള സ്വര്‍ണ്ണ വായ്പാ എന്‍ബിഎഫ്സികളുടെ ബിസിനസും ഓഹരി മൂല്യവും ഒരുപോലെ കുതിച്ചുയര്‍ന്നു. സ്വര്‍ണ്ണ വിലയിലെ വര്‍ദ്ധനവ് സ്വര്‍ണ്ണ വായ്പകള്‍ക്കുള്ള ആവശ്യം വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷകളാണ് ഗോള്‍ഡ് ലോണ്‍ നല്കുന്ന എന്‍ബിഎഫ്സികളുടെ കുതിപ്പിന് ഊര്‍ജമായത്. ഈ വര്‍ഷം മഞ്ഞ ലോഹത്തിന്റെ റെക്കോര്‍ഡ് കുതിപ്പ് കേരളത്തില്‍ നിന്നുള്ള രണ്ട് ലിസ്റ്റഡ് ഓഹരികളുടെയും ആകര്‍ഷണം വര്‍ദ്ധിപ്പിച്ചു.
2025 ജനുവരി 1 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള കാലയളവില്‍ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി മൂല്യം 52% ഉയര്‍ന്നു. 2025 ജനുവരി 1ന് 191 രൂപയായിരുന്ന ഓഹരി വില ഒക്ടോബര്‍ 10 ന് വ്യാപാരം അവസാനിച്ചപ്പോള്‍ 284.75 രൂപയില്‍ എത്തി. ഏകദേശം സമാനമായ മുന്നേറ്റം തന്നെയാണ് ഇതേ കാലയളവില്‍ മുത്തൂറ്റ് ഫിനാന്‍സും നടത്തിയത്. 2025 ല്‍ ഇതുവരെ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി മൂല്യം 48% ഉയര്‍ന്നു. 2025 ജനുവരി 1ന് 2215 രൂപയായിരുന്ന ഓഹരി വില നിലവില്‍ 3,156 നിലവാരത്തിലെത്തിയിരിക്കുന്നു. ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ കീഴിലുള്ള എന്‍ബിഎഫ്സിയായ ഫെഡ്ഫിന (ഫെഡറല്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ്) ജനുവരി 1 ലെ 103 എന്ന നിലവാരത്തില്‍ നിന്ന് 155 രൂപയിലേക്ക് ഉയര്‍ന്നു. 50% ല്‍ ഏറെ നേട്ടമാണ് ഫെഡ്ഫിനയുടെയും ഓഹരികളില്‍ നിക്ഷേപകര്‍ക്കുണ്ടായത്.
സമാനമായ നേട്ടമാണ് ഗോള്‍ഡ് ലോണ്‍ ബിസിനസിലുള്ള മറ്റ് ലിസ്റ്റഡ് എന്‍ബിഎഫ്സികളും കാഴ്ച വെച്ചിരിക്കുന്ന്. ഐഐഎഫ്എല്‍ ഫിനാന്‍സ് ജനുവരി 1 ലെ 417 രൂപയില്‍ നിന്ന് ഒക്റ്റോബറെത്തിയപ്പോഴേക്കും 490 രൂപയിലേക്ക് കുതിച്ചിരിക്കുന്നു. ശ്രീറാം ഫിനാന്‍സ് 2025 ജനുവരി 1 ലെ 581 ല്‍ നിന്ന് 683 ലേക്ക് ഉയര്‍ന്നു. പോള്‍ മെര്‍ച്ചന്റ്സ് ഫിനാന്‍സിന്റെ സ്വര്‍ണ വായ്പാ വിഭാഗം ഏറ്റെടുത്ത എല്‍ ആന്‍ഡ് ടി ഫിനാന്‍സ്, 2025 ജനുവരി 1ലെ 138 രൂപയില്‍ നിന്ന് 256 ലേക്കാണ് ഈ സമയത്ത് ഉയര്‍ന്നത്. ചെറിയ രീതിയില്‍ സ്വര്‍ണ വായ്പാ ബിസിനസിലുള്ള കമ്പനികള്‍ പോലും പോയ 9 മാസത്തിനിടെ മികച്ച നേട്ടമാണുണ്ടാക്കിയത്.
ആഭരണ ഓഹരികള്‍ക്ക് തിരിച്ചടി
എന്നിരുന്നാലും സ്വര്‍ണ്ണ വായ്പാ രംഗത്തെ ഓഹരികള്‍ ഉണ്ടാക്കിയ നേട്ടം സ്വര്‍ണ ആഭരണ വ്യവസായ രംഗത്തുള്ള കമ്പനികള്‍ക്ക് ലഭിച്ചില്ല. മറിച്ച്, സ്വര്‍ണ്ണ വിലയിലെ റെക്കോര്‍ഡ് വര്‍ദ്ധന, സ്വര്‍ണത്തിന്റെ ചില്ലറ വില്‍പ്പന കുറയുമെന്ന ആശങ്കകള്‍ ഉയര്‍ത്തിയതോടെ ഈ മേഖലയിലുള്ള കമ്പനികള്‍ക്ക് ഗണ്യമായ മൂല്യമിടിവുണ്ടായി. ഉദാഹരണത്തിന് കേരളത്തില്‍ നിന്നുള്ള കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഓഹരിവില 2025 ജനുവരി 1ലെ 775 രൂപയില്‍ നിന്ന് ഒക്ടോബറെത്തിയപ്പോഴേക്കും 484 രൂപയിലേക്ക് താഴ്ന്നിരിക്കുന്നു. നിക്ഷേപകര്‍ക്ക് ഗണ്യമായ നഷ്ടം ഇക്കാലയളവിലുണ്ടായി. ടൈറ്റാന്‍ കമ്പനി ഓഹരി വില ഇക്കാലയളവില്‍ 3258 രൂപയില്‍ നിന്ന് മുന്നേറിയത് 3531 വരെ മാത്രം.
കൂടുതല്‍ കുതിപ്പിന് സാധ്യത
സമീപകാല പാദങ്ങളില്‍ സ്വര്‍ണ്ണ വായ്പകള്‍ക്കുള്ള ആവശ്യം ശക്തമായി തുടരുകയാണെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രകാരം മുത്തൂറ്റ് ഫിനാന്‍സും മണപ്പുറവുമടക്കം സ്വര്‍ണ പണയ എന്‍ബിഎഫ്സികളില്‍ കൂടുതല്‍ മുന്നേറ്റമാണ് ബ്രോക്കറേജുകള്‍ പ്രവചിക്കുന്നത്. ഈ മാസം ആദ്യം, ആഗോള ബ്രോക്കറേജായ സിഎല്‍എസ്എ രണ്ട് കമ്പനികളുടെയും ഓഹരിവില ലക്ഷ്യങ്ങള്‍ ഉയര്‍ത്തി. മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില ലക്ഷ്യം 2,740 ല്‍ നിന്ന് 3,600 ആയും മണപ്പുറം ഫിനാന്‍സ് ഓഹരി വില ലക്ഷ്യം 260 ല്‍ നിന്ന് 310 ആയുമാണ് ഉയര്‍ത്തിയത്.
ജൂണ്‍ മാസം അവസാനത്തോടെ മുത്തൂറ്റിന്റെയും മണപ്പുറത്തിന്റെയും ലോണ്‍-ടു-വാല്യൂ (എല്‍ടിവി) അനുപാതം യഥാക്രമം 62% ഉം 57% ഉം ആയിരുന്നുവെന്നും ഇത് ചരിത്രപരമായ ശരാശരിയേക്കാള്‍ കുറവാണെന്നും ബ്രോക്കറേജ് ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ചെറിയ സ്വര്‍ണ്ണ വായ്പകളില്‍ എല്‍ടിവി ഉയര്‍ത്താന്‍ വായ്പാദാതാക്കള്‍ക്ക് അനുമതി നല്‍കിയത് കൂടുതല്‍ നേട്ടത്തിന് വഴി തുറന്നു. ഉയര്‍ന്ന സ്വര്‍ണ്ണ വില, എല്ടിവിയിലെ ക്രമാനുഗതമായ വര്‍ദ്ധനവ്, സ്ഥിരമായ വായ്പാ വര്‍ധന എന്നിവയുടെ സംയോജനം മുത്തൂറ്റിന്റെയും മണപ്പുറത്തിന്റെയും വളര്‍ച്ചാ പ്രതീക്ഷ വര്‍ധിപ്പിച്ചെന്ന് സിഎല്‍എസ്എ പറയുന്നു.
2025-27 സാമ്പത്തിക വര്‍ഷത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന് എയുഎമ്മില്‍ 23% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കും നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ (പിഎടി) 37% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കും കൈവരിക്കാനാകുമെന്ന് സിഎല്‍എസ്എ പ്രവചിക്കുന്നു. എന്നിരുന്നാലും, മണപ്പുറം ഫിനാന്‍സിന്, ബ്രോക്കറേജ് 2026 സാമ്പത്തിക വര്‍ഷത്തിലെയും 2027 സാമ്പത്തിക വര്‍ഷത്തിലെയും പിഎടി പ്രവചനങ്ങള്‍ യഥാക്രമം 7% ഉം 13% ഉം കുറച്ചിട്ടുണ്ട്. കുറഞ്ഞ അറ്റ പലിശ മാര്‍ജിനുകള്‍ ചൂണ്ടിക്കാട്ടിയാണിത്. അതേസമയം 2028 സാമ്പത്തിക വര്‍ഷത്തിലെ എസ്റ്റിമേറ്റുകള്‍ മിക്കവാറും മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നു.
സ്വര്‍ണ വായ്പാ വിപണി
രാജ്യത്തെ സംഘടിത സ്വര്‍ണ്ണ വായ്പാ വിപണി ഈ സാമ്പത്തിക വര്‍ഷത്തില്‍ 15 ട്രില്യണ്‍ രൂപ കടക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്ര (ഐസിആര്‍എ) കണക്കാക്കുന്നു. പ്രതീക്ഷിച്ചതിലും ഒരു വര്‍ഷം മുമ്പാണ് ഈ നിലവാരത്തിലേക്ക് സ്വര്‍ണ വായ്പാ വിപണിയുടെ വളര്‍ച്ച. സ്വര്‍ണ്ണ വിലയിലെ സ്ഥിരമായ ഉയര്‍ച്ചയാണ് ഈ വിപണിയെയും മുന്നോട്ടു നയിക്കുന്നത്. 2027 സാമ്പത്തിക വര്‍ഷത്തോടെ സ്വര്‍ണ വായ്പാ വിപണി 18 ട്രില്യണ്‍ രൂപയായി ഉയരുമെന്നും ഐക്ര പ്രവചിക്കുന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)