പ്രതിരോധ മേഖലയിലെ ഓഹരികളില്‍ കുതിപ്പ്. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് (എച്ച്എഎല്‍), ഭാരത് ഡൈനാമിക്സ് (ബിഡിഎല്‍), അസ്ത്ര മൈക്രോവേവ്, കൊച്ചിന് ഷിപ്പ്യാര്ഡ്, ഡാറ്റ പാറ്റേണ്‍സ്, ഡിസിഎക്സ് സിസ്റ്റംസ് തുടങ്ങിയ ഓഹരികളില്‍ മികച്ച മുന്നേറ്റം ദൃശ്യമായി. നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് സൂചിക 4 ശതമാനത്തോളം മുന്നേറി.
114 ‘മെയ്ഡ് ഇന്‍ ഇന്ത്യ’ റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള വ്യോമസേനയുടെ നിര്‍ദേശം കേന്ദ്ര പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നെന്ന വാര്‍ത്തകളാണ് പ്രതിരോധ മേഖലയ്ക്ക് ആവേശം പകര്‍ന്നിരിക്കുന്നത്. ഇത് പ്രകാരം ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷന്‍ ഇന്ത്യന്‍ എയ്റോസ്പേസ് സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കും. 2 ലക്ഷം കോടി രൂപ വരുന്ന വമ്പന്‍ കരാറാകും ഇതെന്ന് കണക്കാക്കുന്നു. അംഗീകരിക്കപ്പെട്ടാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഒപ്പുവെക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും ഇത്.
ഈ ഇടപാടോടെ വ്യോമസേനയിലെ റഫേല്‍ വിമാനങ്ങളുടെ എണ്ണം 186 ആയി ഉയരും. 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇതിനകം വ്യോമസേനയുടെ ഭാഗമായിക്കഴിഞ്ഞു. നാവിക സേനയ്ക്കായി 36 റഫേലുകള്‍ക്ക് കൂടി സര്‍ക്കാര്‍ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്.
ഓഹരികളില്‍ മുന്നേറ്റം
ദിനവ്യാപാരത്തില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ തിങ്കളാഴ്ച രണ്ട് ശതമാനത്തോളം മുന്നേറി 4833 ലെത്തി. സെപ്റ്റംബര്‍ അഞ്ചിന് 4415 ല്‍ എത്തിയശേഷം തുടര്‍ച്ചയായി അപ്ട്രെന്‍ഡിലാണ് എച്ച്എഎല്‍ ഓഹരികള്‍. ബിഡിഎല്‍ ഒരു ശതമാനത്തോളം മുന്നേറി 1596 ല്‍ എത്തി. അസ്ത്ര മൈക്രോവേവ് രണ്ട് ശതമാനത്തിലേറെ ഉയര്‍ന്ന് 1120 ല്‍ എത്തി. പാരസ് ഡിഫന്‍സും അപ്പോളോ മൈക്രോ സിസ്റ്റംസും 4 ശതമാനം കുതിച്ചു. കൊച്ചിന് ഷിപ്യാര്ഡ് 3 ശതമാനത്തിലേറെ ഉയര്‍ന്ന് 1815 ല്‍ എത്തി.
മികച്ച ഓര്‍ഡറുകള്‍
തേജസ് എംകെ1എ യുദ്ധവിമാനങ്ങള്‍ക്കാവശ്യമായ ജിഇ 404 എഞ്ചിനുകള്‍ യുഎസിലെ ജനറല്‍ ഇലക്ട്രിക് എച്ച്എഎലിന് കൈമാറാന്‍ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തേടെ നാലാം എഞ്ചിനും എച്ച്എഎലിന് ലഭിക്കും. ഒക്ടോബറില്‍ രണ്ട് തേജസ് എംകെ1എ യുദ്ധവിമാനങ്ങള്‍ എച്ച്എഎല്‍ സേനയ്ക്ക് കൈമാറും. 83 തേജസ് എംകെ1എ വിമാനങ്ങളാണ് ആദ്യ ഘട്ടത്തില്‍ വ്യോമസേനയ്ക്ക നല്‍കേണ്ടത്. 97 യുദ്ധവിമാനങ്ങളുടെ രണ്ടാമത്തെ ഓര്‍ഡറും ലഭിച്ചിട്ടുണ്ട്. കൃത്യമായി എഞ്ചിനുകള്‍ ജിഇയില്‍ നിന്ന് ലഭിച്ചു തുടങ്ങിയാല്‍ ഈ ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കാനും മികച്ച വരുമാനം നേടാനും പൊതുമേഖലാ കമ്പനിക്കാകും.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




