അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍ എന്നൊരു പ്രയോഗമുണ്ട്. ഓഹരി വിപണിയിലെ നിക്ഷേപകരുടെ സ്ഥിതിയും അതു തന്നെയാണ്. കരടികളുടെ പ്രഹരമേല്ക്കാത്തവരില്ല വിപണിയില്‍. 2026 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ ചുവപ്പടിച്ചു കിടക്കുകയാണ് പോര്ട്ട്ഫോളിയോകളെല്ലാം. 20 മുതല്‍ 60% വരെയാണ് പലരുടെയും നഷ്ടം. മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 4 ശതമാനത്തോളമാണ് നിഫ്റ്റിയും സെന്‍സെക്സും വരുത്തിയ നഷ്ടം. 6 ശതമാനത്തോളം ലാഭത്തിലായിരുന്നെങ്കിലും ഇറാന് യുദ്ധം കനത്തതോടെ മാര്‍ച്ച് മാസത്തില്‍ മാത്രം സൂചികകള്‍ 11% വീണു.
പുതിയ പ്രതീക്ഷകള്‍ ഏതൊരു പുതുവര്‍ഷത്തിലും പതിവാണല്ലോ. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ട്രേഡിംഗ് ദിനമായ ഏപ്രില്‍ 1 നിക്ഷേപകര്‍ക്ക് കാര്യമായ പ്രതീക്ഷ തന്നെ നല്‍കിയിട്ടുണ്ട്. ശക്തമായ വാങ്ങലിന്റെ പിന്‍ബലത്തില്‍ സെന്‍സെക്സ് 1186 പോയന്റ് നേട്ടത്തോടെ 73,134 ലും നിഫ്റ്റി 348 പോയന്റ് നേട്ടത്തില്‍ 22,679 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയെ പിന്നോട്ടടിപ്പിച്ചതില്‍ മുഖ്യ പങ്കുള്ള ഇറാന് യുദ്ധത്തിന് ഏതാനും ആഴ്ചകള്‍ക്കകം അന്ത്യമാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് മുന്നേറ്റത്തിന് കരുത്തായത്. എന്നാല്‍ ട്രംപാണ് പറഞ്ഞതെന്നതിനാല്‍ ഈ സാഹചര്യത്തെ വിശ്വസിക്കാമോ എന്നതാണ് നിക്ഷേപകര്‍ നേരിടുന്ന മില്യണ്‍ ഡോളര്‍ ക്വസ്റ്റിയന്‍.
മികച്ച സമയം
വിപണി വിദഗ്ധര്‍ പറയുന്നത് മാനിച്ചാല്‍ യുദ്ധം മൂലം വീണ് നെല്ലിപ്പടി കണ്ട ഡസന്‍ കണക്കിന് മികച്ച ബ്ലൂചിപ് ഓഹരികളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും മികച്ച സമയമാണിത്. ഏറ്റവും തിരിച്ചടിയേറ്റ ചില മേഖലകള്‍ അതിവേഗം തിരിച്ചു വരുമെന്ന് ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ. വി കെ വിജയകുമാര്‍ പറയുന്നു. എഫ്ഐഐകള്‍ വന്‍തോതില്‍ വിറ്റൊഴിഞ്ഞ സ്വകാര്യ ബാങ്ക് ഓഹരികളടക്കം ഫിനാന്‍ഷ്യല്‍ ഓഹരികളില്‍ ഒരു ബൗണ്‍സ്ബാക്ക് അദ്ദേഹം മുന്‍കൂട്ടി കാണുന്നു.
ഏപ്രില്‍ ഫൂളാക്കുമോ?
ഇനി വിപണിയും ട്രംപും റീട്ടെയ്ലര്‍മാരെ ഏപ്രില്‍ ഫൂളാക്കുമോയെന്ന ചോദ്യം. ഇതിന് ചരിത്രത്തിന്റെ പിന്ബലമെടുക്കാം. കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള എട്ട് ഏപ്രിലുകളും നിക്ഷേപകരെ നിരാശപ്പെടുത്തിയിട്ടില്ല. കോവിഡ് കാലത്ത് 2021 ലും 2022 ലും മാത്രമാണ് ഏപ്രില്‍ മാസത്തില്‍ വിപണി നഷ്ടത്തിലായത്. 2020 ഏപ്രില്‍ മാസത്തിലാവട്ടെ 14.7% ബമ്പര്‍ റിട്ടേണും നിഫ്റ്റി നിക്ഷേപകര്‍ക്ക് നല്കി. 2025 ഏപ്രിലില്‍ 3.5 ശതമാനമായിരുന്നു നേട്ടം.
വാല്യുവേഷന് അനുകൂലം
ഏതായാലും സാഹചര്യങ്ങള്‍ അനുകൂലമായാല്‍, യുദ്ധത്തിന്റെ അനിശ്ചിതാവസ്ഥ നീങ്ങിയാല്‍ ഒരു കുതിപ്പിന് തയാറായി നില്‍ക്കുകയാണ് വിപണിയിലെ മിക്കവാറും മേഖലകള്‍. വാല്യുവേഷന് അനുകൂലമാണ്. 10 വര്‍ഷത്തെ ശരാശരിയായ 22എക്സിന് ഏറെ താഴെ 19എക്സിലാണ് നിഫ്റ്റിയുടെ വാല്യുവേഷന്. ഏപ്രില്‍ 9 മുതല്‍ നാലാം പാദ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങും. 25% ഇടിഞ്ഞു നില്ക്കുന്ന ഐടി ഓഹരികള്‍ ഈ സമയത്ത് ശ്രദ്ധിക്കാം. മികച്ച വാല്യുവേഷനിലുള്ള ഡിഫന്‍സ്, ഓട്ടോ, ഓട്ടോ ആന്‍സിലറി ഓഹരികളും നിക്ഷേപകരുടെ റഡാറില്‍ വേണം. ഇതില്‍ തന്നെ ഏപ്രില്‍ 1ന് ഡിഫന്‍സ് ഓഹരികളില്‍ വലിയ കുതിപ്പ് ദൃശ്യമായി. ഗാര്ഡന് റീച്ച് ഷിപ്ബില്‍ഡേഴ്സ്, കൊച്ചിന് ഷിപ്യാര്ഡ് തുടങ്ങിയ ഓഹരികള്‍ 13 മുതല്‍ 19% വരെ മുന്നേറി. ഒരു ആശ്വാസ റാലിക്ക് ഏപ്രില്‍ സാക്ഷ്യം വഹിക്കാനുള്ള സാധ്യതയുണ്ട്. ഫണ്ടമെന്റലായി കരുത്തുള്ള ഓഹരികളില്‍ ബോട്ടം ഫിഷിംഗിനുള്ള അവസരം ഈ സമയത്ത് പ്രയോജനപ്പെടുത്താം.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




