ഭൗമ രാഷ്ട്രീയ അനിശ്ചിതാവസ്ഥകള്‍ തുടരുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നിന്ന് മികച്ച നേട്ടമുണ്ടാക്കാന്‍ നിക്ഷേപകര്‍ക്ക് ഉപദേശവുമായി മുതിര്‍ന്ന നിക്ഷേപകനും എമേര്‍ജിംഗ് മാര്‍ക്കറ്റ് ഗുരുവുമായ മാര്‍ക്ക് മോബിയസ്. ആഗോള വിപണികളിലെ വര്‍ദ്ധിച്ചുവരുന്ന അനിശ്ചിതത്വത്തിനിടയില്‍ ഇന്‍ഡെക്സ് ഫണ്ടുകള്‍ അഥവാ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) ഒഴിവാക്കണമെന്ന് അദ്ദേഹം തന്റെ ബ്ലോഗില്‍ പറഞ്ഞു. ആക്റ്റീവ് ഫണ്ടുകളിലോ മികച്ച ഓഹരികളിലോ നിക്ഷേപിക്കാനാണ് അദ്ദേഹം നിക്ഷേപകരെ ഉപദേശിക്കുന്നത്.
ട്രംപ് താരിഫുകള്‍, റഷ്യ-ഉക്രെയ്ന് യുദ്ധം, ഇടയ്ക്കിടെയുള്ള മിഡില്‍ ഈസ്റ്റ് സംഘര്‍ഷം എന്നിവയ്ക്കിടയില്‍ ഉയര്‍ന്ന അനിശ്ചിതത്വം ലോക വിപണികളെ ചുറ്റിപ്പറ്റിയുണ്ടെന്നും അതിനാല്‍ പോര്‍ട്ട്ഫോളിയോയില്‍ ഫ്ളെക്സിബിലിറ്റി നിലനിര്‍ത്തണമെന്നും മോബിയസ് പറഞ്ഞു. ‘ഒരു സൂചികയില്‍ കെട്ടിയിടപ്പെടുന്നതിനുപകരം, മികച്ച അവസരങ്ങള്‍ എവിടെയായിരുന്നാലും പിന്തുടരാനുള്ള കഴിവ് അത് നമുക്ക് നല്കുന്നു,’ മോബിയസ് ഉപദേശിച്ചു.
ഇന്ത്യയില്‍ ഏറെ അവസരങ്ങള്‍
യുഎസ് ഭരണകൂടം ഏര്‍പ്പെടുത്തിയ 50% താരിഫുകളുടെ ആഘാതമുള്ളപ്പോഴും ഇന്ത്യന്‍ വിപണിയെക്കുറിച്ച് മോബിയസ് ബുള്ളിഷാണ്. ഇന്ത്യ അടക്കമുള്ള വിപണികളിലാണ് അവസരമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇന്ത്യ, തായ്വാന്, വിയറ്റ്നാം എന്നിവിടങ്ങളിലും ഒപ്പം സാങ്കേതികവിദ്യയിലെ പുരോഗതിയില്‍ നിന്ന് പ്രയോജനം നേടുന്ന തിരഞ്ഞെടുത്ത യുഎസ് കമ്പനികളിലുമാണ് ഇപ്പോള്‍ താന്‍ അവസരങ്ങള്‍ കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




