റിട്ടയര്‍മെന്റ് അഥവാ വിരമിക്കലിനെ കുറിച്ച് പൊതുവെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് നമ്മള് ഇന്ത്യക്കാര്‍. നമ്മള് ശീലിച്ചുവന്നത് അതാണ്. വിരമിക്കല്‍ എന്നതിനെ പ്രായമാകല്‍ എന്നതിനോട് ചേര്‍ത്തുവായിക്കാനാണ് നമ്മള് പഠിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വിരമിക്കാന്‍ നമുക്ക് ഇഷ്ടമല്ല, വിരമിക്കല്‍ എങ്ങനെ വേണമെന്നോ വിരമിച്ചതിന് ശേഷം എന്തുവേണമെന്നും നമുക്ക് പദ്ധതികളില്ല. പക്ഷേ നമ്മളില്‍ നിന്നും ഏറെ വ്യത്യസ്തരാണ് പാശ്ചാത്യര്‍. അവര്‍ക്ക് എത്രകാലം ജോലി ചെയ്യണമെന്നും വിരമിച്ച ശേഷം ജീവിതം എങ്ങനെ ആയിരിക്കണമെന്നും വിശ്രമജീവിതത്തിനായി എത്ര തുക കരുതിവെക്കണമെന്നും ഒക്കെ ഒരു പ്ലാന്‍ ഉണ്ടാകും.
പൊതുവെ റിട്ടയര്‍മെന്റിന്റെ കാര്യത്തില്‍ നമ്മള് ഇന്ത്യക്കാര്‍ക്ക് വലിയ ചില മണ്ടത്തരങ്ങള്‍ പറ്റാറുണ്ട്. അതില്‍ ഏറ്റവും വലുത് എനിക്ക് പറ്റുന്നത്രയും കാലം ഞാന്‍ ജോലി ചെയ്യും, ഞാന്‍ വിരമിക്കില്ല എന്ന ചിന്തയാണ്. അതിനാല്‍ വിശ്രമജീവിതത്തിനായി പ്രത്യേകിച്ചൊന്നും കരുതിവെക്കേണ്ടതില്ല എന്ന ചിന്തയും. ആ ചിന്തയില്‍ ഭൂരിപക്ഷം ആളുകള്‍ക്കും വലിയ പ്രശ്നങ്ങളൊന്നും തോന്നില്ല. ആരോഗ്യമുള്ളത്രയും കാലം ജോലി ചെയ്യുന്നത് നല്ലതല്ലേ, ജോലിയില്‍ അനുഭവസമ്പത്ത് കൂടുന്നത് വലിയ കാര്യമല്ലേ, കമ്പനിക്ക് ഇപ്പോഴും അവരോട് മമതയില്ലേ എന്ന് അവരും ചിന്തിക്കും. പക്ഷേ ഈ ചിന്തയെ നമ്മള് ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്.
അപ്രതീക്ഷിതമായ അനാരോഗ്യം ഇന്നത്തെ കാലത്ത് നമ്മള് എപ്പോഴും കേള്‍ക്കുന്നതാണ്. അതല്ലെങ്കില്‍ സാമ്പത്തിക മാന്ദ്യമോ, ജോലി ചെയ്യുന്ന സ്ഥാപനം തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിക്കുകയോ ചെയ്യാം. അങ്ങനെയൊരു സാഹചര്യത്തില്‍ നമ്മള് വിരമിക്കാന്‍ നിര്‍ബന്ധിതരായേക്കും. പറ്റുന്നത്രയും കാലം ജോലി ചെയ്യാമെന്ന നമ്മുടെ ചിന്ത അവിടെ അവസാനിക്കും. ചിലവുകള്‍ കൂടിവരുന്ന, വ്യക്തമായ സാമ്പത്തിക ആസൂത്രണം ഇല്ലാത്ത ഒരു സാഹചര്യത്തില്‍ കൂടുതല്‍ കാലം ജോലി ചെയ്യുകയെന്ന ആശയത്തിന് സ്വീകാര്യതയേറും. ചിലവ് കുറയ്ക്കുക, പണം നീക്കിവെക്കുക എന്നതിനേക്കാള്‍ എളുപ്പമാണ് ജോലി ചെയ്ത് ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുകയെന്നത്. പക്ഷേ അത് സ്ഥിരതയുള്ള, ആരോഗ്യകരമായ ഒരു ആശയമല്ല.
ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിക്കുകയും, പ്രായമാകുന്നതിനനുസരിച്ച് തൊഴിലവസരങ്ങള്‍ കുറയുകയും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ഏറുകയും ചെയ്യുമ്പോള്‍ പറ്റുന്നത്രയും കാലം ജോലി ചെയ്യുകയെന്നത് വിവേകപൂര്‍ണ്ണമായ ആശയമല്ല. വ്യക്തവും കൃത്യവുമായ സാമ്പത്തിക ആസൂത്രണത്തിന്റെ അഭാവത്തില്‍ വരുമാനം ഇല്ലാതെ, സാമ്പത്തിക സ്ഥിരതയില്ലാതെ സ്വന്തം സമാധാനവും കുടുംബത്തിന്റെ സമാധാനവും ഇല്ലാതാകും.
കൂടുതല്‍ കാലം ജോലി ചെയ്യാമെന്ന ചിന്ത അപകടകരമാകാനുള്ള ചില കാരണങ്ങള്‍ പരിശോധിക്കാം
ആരോഗ്യപ്രശ്നം
ലോകമെമ്പാടും പ്രമേഹം, ഹൈപ്പര്ടെന്ഷന്, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുകയാണ്. ആരോഗ്യമുള്ളവര്‍ പോലും ഒരു സുപ്രഭാതത്തില്‍ രോഗശയ്യയിലായി ജോലിയില്‍ നിന്ന് വിരമിക്കാന്‍ നിര്‍ബന്ധിതരാകുന്ന സംഭവങ്ങളും കുറച്ചല്ല. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മറന്നുകൊണ്ട് വിരമിക്കലിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയില്ലെങ്കില്‍ നമ്മുടെ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതം കൂടെ നമ്മള് അപകടത്തിലാക്കുകയാണ്. മാത്രമല്ല ചികിത്സയ്ക്കായുള്ള പണം കണ്ടെത്തല്‍ അവരുടെ ബാധ്യതയാകുകയും ചെയ്യും. പാശ്ചാത്യരെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് ഹൃദയാഘാതം പത്തുവര്‍ഷം മുമ്പേ വരുന്നുവെന്ന കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. ഹൃദ്രോഗവുമായി ബന്ധപ്പെട്ടുള്ള മൂന്നില്‍ രണ്ട് മരണങ്ങളും അകാല മരണങ്ങളാണ്.
പ്രായമായ ജീവനക്കാര്‍ തൊഴില്‍വിപണിക്ക് ബാധ്യത
പ്രായമായ ജീവനക്കാരോട് പൊതുവെ ഉദാസീന മനോഭാവമാണ് തൊഴില്‍വിപണിക്ക്. എപ്പോഴും പഠിച്ചിറങ്ങിയവര്‍ക്ക് വിപണിയില്‍ ഡിമാന്‍ഡ്. ഇവര്‍ക്ക് സാങ്കേതിക അറിവ് കൂടുതലും ശമ്പളം കുറച്ചും മതി. മുമ്പ് അമ്പതുകളിലുള്ള ജീവനക്കാര്‍ യുവാക്കള്‍ക്കൊപ്പം ചുറുചുറുക്കോടെ ജോലി ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ കാലത്ത് സാങ്കേതികതയില്‍ മുന്നിലെത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല.
ആരോഗ്യരംഗത്തെ പണപ്പെരുപ്പം
ഓരോ വര്‍ഷവും ആരോഗ്യമേഖലയില്‍ ചിലവുകള്‍ കൂടിവരികയാണ്. എന്നാല്‍ ശമ്പളത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകുന്നുമില്ല. ഇപ്പോള്‍ 2 ലക്ഷം രൂപ ചിലവ് വരുന്ന ഒരു ശസ്ത്രക്രിയക്ക് 10 വര്‍ഷം കഴിയുമ്പോള്‍ 5-6 ലക്ഷം രൂപയാകും ചിലവ്. കൂടുതല്‍ കാലം ജോലി ചെയ്താലും ഈ ചിലവ് താങ്ങാനായെന്ന് വരില്ല. അതുകൊണ്ട് വിരമിക്കല്‍ ചിലവില്‍ മുമ്പേ വ്യക്തമായ ആസൂത്രണം വേണം.
ആശ്രിതരുടെ സാമ്പത്തികബാധ്യത
പാശ്ചാത്യരെ അപേക്ഷിച്ച് മക്കളുടെ ഉന്നത വിദ്യാഭ്യാസ ചിലവുകള്‍ അടക്കം മാതാപിതാക്കള്‍ വഹിക്കുന്ന നാടാണ് നമ്മുടേത്. അവരുടെ വിവാഹച്ചിലവുകള്ക്ക് വരെ പണം കണ്ടത്തേണ്ടത് മാതാപിതാക്കളുടെ ബാധ്യതയായി കണക്കാക്കപ്പെടുന്നു. അമ്പതും അറുപതും വയസ്സായാലും അതുകൊണ്ട് മാതാപിതാക്കള്‍ക്ക് അധ്വാനിക്കേണ്ട സ്ഥിതിയുണ്ടാകുന്നു. വിശ്രമജീവിതത്തിനായി കരുതിവെക്കേണ്ട തുകയാണ് ഇങ്ങനെ ആശ്രിതര്‍ക്കായി ചിലവഴിക്കേണ്ടിവരുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയ്ക്ക് അനുസരിച്ച് വിരമിക്കല്‍ നീണ്ടുപോയാല്‍ വിശ്രമജീവിതത്തിലെ ചിലവുകള്‍ക്ക് പണമുണ്ടാകില്ല.
ഉല്‍പ്പാദനക്ഷമത കുറയുക, മടുപ്പ്
അറുപതുകളിലും ജോലി ചെയ്യുന്നത് മികച്ച ആശയമാണെങ്കിലും ശാരീരികമായ ക്ഷീണവും മടുപ്പും ഉല്‍പ്പാദനക്ഷമത കുറയ്ക്കുന്ന കാരണവുമാണ്. യുവാക്കളോട് മത്സരിച്ച് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ജോലിയോട് വിരക്തി തോന്നുകയും സമ്മര്‍ദ്ദത്തിലാകുകയും ചെയ്യുന്നു. ഇത് വിശ്രമജീവിതത്തിലെ മാനസിക, ശാരീരിക ആരോഗ്യത്തെ തകര്‍ക്കുന്നു.
വരുമാന സുരക്ഷയുടെ അഭാവം
യുഎസ്, യുകെ പോലുള്ള രാജ്യങ്ങളില്‍ ഏതാണ്ട് എല്ലാ പൗരന്മാര്ക്ക് സര്‍ക്കാര്‍ നല്കുന്ന പെന്‍ഷനും ആരോഗ്യപരിരക്ഷ സൗകര്യങ്ങളും ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ അത്തരം സുരക്ഷകള്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമേ ലഭ്യമാകുന്നുള്ളു. വലിയൊരു വിഭാഗം സ്വകാര്യ ജീവനക്കാര്‍ക്കും ശമ്പളം ഇല്ലാതാകുന്നതോടെ വരുമാനം നിലയ്ക്കുന്ന സ്ഥിതിയാണ്.
സമ്പാദ്യം വൈകുന്നത് സാമ്പത്തിക നേട്ടങ്ങള്‍ കുറയ്ക്കും
കൂടുതല്‍ കാലം ജോലി ചെയ്യാമെന്ന ചിന്ത സമ്പാദ്യം വൈകുന്നതിലേക്ക് നയിക്കും. ജോലി ചെയ്യുന്ന കാലമത്രയും ബാധ്യതകളിലായി വരുമാനം ഇല്ലാതാകും. പക്ഷേ വിശ്രമജീവിതത്തിനായി എത്ര പെട്ടെന്ന് വരുമാനം മാറ്റിവെക്കാനാകുമോ അത്രയും പെട്ടെന്ന് വരുമാനം മാറ്റിവെക്കണം. കൂട്ടുപലിശ പോലുള്ള ആനുകൂല്യങ്ങളുടെ നേട്ടങ്ങള്‍ വളരെ നേരത്തെ ലഭിക്കാന്‍ അത് ഗുണകരമാകും. ചെറിയൊരു തുകയാണെങ്കില്‍ പോലും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പതിന്മടങ്ങായി വര്‍ധിക്കും. ഉദാഹരണത്തിന് മുപ്പതാം വയസ്സില്‍ മാസം പതിനായിരം രൂപ സമ്പാദ്യമായി നീക്കിവെച്ചാല്‍ 10 ശതമാനം പലിശ ലഭിച്ചാല്‍ പോലും അമ്പത് വയസ്സാകുമ്പോഴേക്കും കോടിപതിയാകാന്‍ സാധിക്കും. എന്നാല്‍ സമ്പാദ്യശീലത്തിനായി 50 വയസ്സ് വരെ കാത്തിരുന്നാല്‍ 20 ലക്ഷം മാത്രമായിരിക്കും നിങ്ങള്‍ക്ക് സ്വന്തമാക്കാനാകുക. അതുകൊണ്ട് സമ്പാദ്യത്തിനും നിക്ഷേപത്തിനും സമയം പാഴാക്കാതിരിക്കുക.
എന്താണ് വേണ്ടത്
മുമ്പുള്ളതില്‍ നിന്നും വ്യത്യസ്തമായി യുവതലമുറയുടെ റിട്ടയര്‍മെന്റിനെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. യുവാക്കള്‍ ഇന്ന് നേരത്തെ തന്നെ വിശ്രമജീവിതത്തെ കുറിച്ച് ചിന്തിക്കുകയും അതിന് വേണ്ട ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്യുന്നു. കുറച്ചുകാലം ജീവിതം ആസ്വദിച്ച് പതുക്കെ സമ്പാദ്യം തുടങ്ങാം എന്ന ചിന്ത ഉപേക്ഷിക്കുക. സമയം കളയാതെ എത്രയും വേഗം സമ്പാദ്യശീലങ്ങള്‍ ആരംഭിക്കുക. കഴിയുമെങ്കില്‍ ജോലി ആരംഭിക്കുമ്പോള്‍ തന്നെ റിട്ടയര്‍മെന്റിനെ കുറിച്ച് ചിന്തിച്ച് അതിനായി പദ്ധതികള്‍ തയ്യാറാക്കി പ്രവര്‍ത്തിച്ചുതുടങ്ങുക. ചെറുതാണെങ്കില്‍ പോലും കഴിയുന്ന തുക മാസം സമ്പാദ്യമായി നീക്കിവെക്കുക. വിശ്രമജീവിതത്തിന് വേണ്ടിയുള്ള നീക്കിയിരുപ്പ് 10 വര്‍ഷം കഴിഞ്ഞ് തുടങ്ങാമെന്ന ചിന്തയിലൂടെ ആസ്തി 60 ശതമാനം കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകം കണ്ട മികച്ച നിക്ഷേപകരിലൊരാളായ വാറന്‍ ബഫറ്റിന്റെ വാചകം ഹൃദയത്തോട് ചേര്‍ക്കുക, ചിലവുകള്‍ കഴിഞ്ഞതിന് ശേഷമുള്ള തുകയല്ല സമ്പാദ്യമായി നീക്കിവെക്കേണ്ടത്, സമ്പാദ്യം മാറ്റിയതിന് ശേഷം ബാക്കിയുള്ളത് ചിലവാക്കി പഠിക്കുക.