തൊഴിൽരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ചിട്ടുണ്ടോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ശമ്പളം ലഭിക്കുന്നതും ബാങ്ക് അക്കൗണ്ട് ഉള്ളതും മാത്രം സാമ്പത്തിക ശാക്തീകരണമല്ല. ആ പണം എവിടെ നിക്ഷേപിക്കണം, എങ്ങനെ വളർത്തണം, ഏത് തീരുമാനത്തിൽ ഒപ്പിടണം എന്നതിൽ വ്യക്തമായ ധാരണയും ആത്മവിശ്വാസവും ഉണ്ടാകുമ്പോഴാണ് സാമ്പത്തിക ശാക്തീരാകരണം എന്ന വാക്ക് പ്രസക്തമാകുന്നത്. ഈ “Empowerment-Execution Gap” അഥവാ ശാക്തീകരണവും അത് നടപ്പിലാക്കുന്നതും തമ്മിലുള്ള വിടവാണ് നിസരി മഹേഷ് തന്റെ ‘ഹെർ മണി ടോക്സ്’ എന്ന സംരംഭത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നത് . സാമ്പത്തിക ലോകത്ത് സ്ത്രീകൾ ഇന്നും ഒരു പടി പിന്നിൽ നിൽക്കുന്ന അവസ്ഥയെ മറികടന്ന്, സാമ്പത്തിക ആത്മവിശ്വാസം എന്ന ആത്യന്തികമായ കരുത്ത് അവർക്ക് പകരുകയാണ് നിസരിയുടെ ദൗത്യം.
2019-ൽ ആണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബിരുദധാരിയും സാമ്പത്തിക വിദഗ്ദയുമായ നിസരി മഹേഷ് ഹേർ മണി ടോക്സ് എന്ന പ്രസ്ഥാനം ആരംഭിക്കുന്നത്.ICICI, HDFC തുടങ്ങിയ മുൻനിര ബാങ്കുകളുടെ ഭാഗമായി ബാങ്കിംഗ് മേഖലയിൽജോലി ചെയ്തിരുന്ന നിസരി തന്റെ പ്രവർത്തന കാലയളവിൽ സ്ത്രീകളുടെ സാമ്പത്തിക ക്രയവിക്രയങ്ങൾ സംബന്ധിച്ച ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. വായ്പകൾക്കായി ബാങ്കിലെത്തുന്ന സ്ത്രീകൾ, അവിടുത്തെ നിയമവശങ്ങളോ പലിശ നിരക്കോ മനസ്സിലാക്കാൻ ശ്രമിക്കാതെ പറയുന്നിടത്തൊക്കെ ഒപ്പിട്ടു നൽകി ലോൺ എടുക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ അച്ഛനിലേക്കോ ഭർത്താവിലേക്കോ സഹോദരനിലേക്കോ ആ ചുമതല കൈമാറുന്ന പ്രവണത സ്ത്രീകളിൽ വ്യാപകമായിരുന്നു.ഇത് നിസരിയെ അസ്വസ്ഥയാക്കി. ഈ ‘ബാക്ക് സ്റ്റെപ്പിംഗ്’ സ്ത്രീകളെ കാലക്രമേണ സാമ്പത്തിക ദുർബലതയിലേക്ക് നയിക്കുന്നുണ്ടെന്ന് നിസരി മനസിലാക്കി..
” സ്ത്രീകൾ എന്തുകൊണ്ടാണ് പണം എങ്ങനെ കൈകാര്യം ചെയ്യണം എന്ന വിഷയത്തിന് മതിയായ ശ്രദ്ധ നൽകാത്തത്? കൃത്യമായ സാമ്പത്തിക സാക്ഷരതയുടെ അഭാവം തന്നെയാണ് കാരണം.സ്ത്രീകൾ പലപ്പോഴും അന്ധമായ നിക്ഷേപരീതികളാണ് പിന്തുടരുന്നത്.ഏജന്റുമാർ പറയുന്നത് വിശ്വസിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ചേരാത്ത ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടുന്നു.മാത്രമല്ല, വലിയ തുകകൾ ഇൻവെസ്റ്റ് ചെയ്യാനുള്ള ആത്മവിശ്വാസമില്ലായ്മ സ്ത്രീകളിൽ പ്രകടമാണ്.പണം കൈകാര്യം ചെയ്യുക എന്നത് പുരുഷന്റെ ജോലിയാണെന്ന തെറ്റായ സാമൂഹിക ധാരണ. അവരെ പിന്നോട്ട് വലിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങൾ കണ്ടു മനസിലാക്കിയതോടെയാണ്. സ്ത്രീകളുടെ സാമ്പത്തികമായ ഉന്നമനം ലക്ഷ്യമാക്കി, അവരെ എഡ്യൂക്കേറ്റ് ചെയ്യുന്ന ഒരു സ്ഥാപനം തുടങ്ങാമെന്ന തീരുമാനത്തിലേക്ക് ഞാൻ എത്തിച്ചേരുന്നത്” ഹേർ മണി ടോക്സ് സ്ഥാപകയും സിഇഒയുമായ നിസരി മഹേഷ്, തന്റെ സംരംഭയാത്രയുടെ തുടക്കം വിവരിക്കുന്നു.
അൽഗോരിതങ്ങളിൽ നിന്ന് അനുഭവങ്ങളിലേക്ക്
തുടക്കത്തിൽ സാമ്പത്തിക അറിവുകൾ പങ്കുവെക്കുന്ന ഒരു ഡിജിറ്റൽ പോർട്ടലായിട്ടാണ് ‘ഹെർ മണി ടോക്സ്’ ആസൂത്രണം ചെയ്തത്. എന്നാൽ, ഡിജിറ്റൽ ഉള്ളടക്കം മാത്രം നൽകുന്നത് സാമ്പത്തിക മുന്നേറ്റം സംബന്ധിച്ച സ്ത്രീകളുടെ ചിന്താഗതി മാറ്റാൻ പര്യാപ്തമല്ലെന്ന് നിസരി ഉടൻ തന്നെ തിരിച്ചറിഞ്ഞു. ഇതിനെത്തുടർന്ന് അവർ നടത്തിയ തന്ത്രപരമായ മാറ്റം തന്റെ സംരംഭത്തിൽ വരുത്തി. സ്ത്രീകളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുക എന്ന രീതിയാണ് നിസരി പിന്നീട് സ്വീകരിച്ചത്. കോർപ്പറേറ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് നടത്തിയ ‘ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗുകൾ’ സ്ത്രീകളുമായി നേരിട്ട് സംവദിക്കാനുള്ള വേദികളായി. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ നൽകാത്ത വിവരങ്ങൾ ഇത്തരം ഓപ്പൺ ഫോറങ്ങളിൽ സ്ത്രീകൾ പങ്കുവെച്ചു. ഈ നേരിട്ടുള്ള ഇടപെടലുകളിലൂടെയാണ് സ്ത്രീകളുടെ യഥാർത്ഥ വെല്ലുവിളികൾ നിസരിക്ക് മനസ്സിലാക്കാനായത്.

കഴിഞ്ഞ ആറു വർഷത്തിനിടെ ‘ഹെർ മണി ടോക്സ്’ സ്ത്രീകളുടെ സാമ്പത്തിക ഭദ്രത മുൻനിർത്തി ശ്രദ്ധേയമായ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്. ആറു വർഷത്തെ പ്രവർത്തനകാലയളവിൽ, അഖിലേന്ത്യാ തലത്തിൽ 3,000-ത്തിലധികം പരിശീലന പരിപാടികൾ സംഘടിപ്പിച്ച് പതിനായിരക്കണക്കിന് സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ ഈ സംരംഭത്തിന് കഴിഞ്ഞു. കൊച്ചി , ബെംഗളൂരു എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി 12 സംസ്ഥാനങ്ങളിലേക്കായി വ്യാപിച്ചിരിക്കുന്ന പ്രവർത്തന ശൃംഖല, ഒരു പ്രാദേശിക ഇടപെടലിൽ നിന്ന് ദേശീയ പ്രസ്ഥാനത്തിലേക്ക് വളർന്നതിന്റെ തെളിവാണ്. 2030-ഓടെ 10 മില്യൺ കുടുംബങ്ങളെ സാമ്പത്തിക സുരക്ഷയുടെ വലയത്തിലേക്ക് എത്തിക്കുകയെന്ന മഹത്തായ തന്ത്രപരമായ ലക്ഷ്യമാണ് ഈ വളർച്ചയുടെ അടുത്ത ഘട്ടം എന്ന നിലയിൽ നിസരി മഹേഷ് മുറുകെ പിടിക്കുന്നത്.
വിദ്യാഭ്യാസവും യഥാർത്ഥ ജീവിത നൈപുണ്യവും
ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം “പണത്തിന് പിന്നാലെ ഓടാൻ” (Chase Money) ആണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതെന്ന് നിസരി പറയുന്നു . മികച്ച പാക്കേജുകൾ നേടാനുള്ള മത്സരമായി വിദ്യാഭ്യാസം മാറുമ്പോൾ, ലഭിക്കുന്ന പണം എങ്ങനെ കൈകാര്യം ചെയ്യണം എന്ന ജീവിത നൈപുണ്യം ആരും പഠിപ്പിക്കുന്നില്ല. നിസരിയുടെ കാഴ്ചപ്പാടിൽ ‘ഫിനാൻഷ്യൽ മാനേജ്മെന്റ്’, ‘ഇമോഷണൽ മാനേജ്മെന്റ്’ എന്നിവ പരസ്പര പൂരകങ്ങളാണ്. സാമ്പത്തിക തീരുമാനങ്ങൾ എടുക്കുമ്പോൾ ഭയമോ സാമൂഹിക സമ്മർദ്ദമോ നമ്മുടെ വികാരങ്ങളെ സ്വാധീനിക്കാതിരിക്കാൻ ഈ രണ്ട് നൈപുണ്യങ്ങളും അത്യന്താപേക്ഷിതമാണ്. യുപിഐയും ഡിജിറ്റൽ ബാങ്കിംഗും സാമ്പത്തിക രംഗം മാറ്റിമറിക്കുമ്പോൾ, സാമ്പത്തിക സാക്ഷരതയില്ലാത്തത് വൻതോതിലുള്ള തട്ടിപ്പുകൾക്ക് വഴിതെളിക്കുമെന്നും നിസരി മുന്നറിയിപ്പ് നൽകുന്നു.
“സാമ്പത്തിക മാനേജ്മെന്റും വികാരങ്ങളുടെ മാനേജ്മെന്റുമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ലൈഫ് സ്കില്ലുകൾ. ഇവ രണ്ടും ഒരു വ്യക്തിക്ക് ഉണ്ടെങ്കിൽ മാത്രമേ, അവർക്ക് ജീവിതത്തിൽ ആഗ്രഹിക്കുന്ന തലത്തിൽ വളരാൻ കഴിയു. ഹേർ മണി ടോക്സിന്റെ പരിശീലന പരിപാടികളിലൂടെ നിരവധിയാളുകൾ ഇത്തരം കഴിവുകൾ ആർജിച്ചെടുക്കുന്നുണ്ട് എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ് ” – നിസരി മഹേഷ് പറയുന്നു.
പ്രതിസന്ധികളിലെ അതിജീവനം പ്രധാനം
കേവലം പരിശീലനത്തിന് അപ്പുറം, ഒരു സുരക്ഷാ വലയമായി ഹേർ മണി ടോക്സ് കമ്മ്യൂണിറ്റി പ്രവർത്തിക്കുന്നു. വിവാഹമോചനം, അനന്തരാവകാശ തർക്കങ്ങൾ, സൈബർ സാമ്പത്തിക തട്ടിപ്പുകൾ, ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷമുണ്ടാകുന്ന കടബാധ്യതകൾ എന്നിങ്ങനെയുള്ള സങ്കീർണ്ണമായ പ്രതിസന്ധികളിൽ അകപ്പെടുന്ന സ്ത്രീകൾക്ക് ഹെർ മണി ടോക്സ് ഒരു സിസ്റ്റർഹുഡ് എന്ന നിലയിൽ പിന്തുണ നൽകുന്നു. സാമ്പത്തിക തകർച്ച നേരിടുമ്പോൾ എവിടെ തുടങ്ങണം എന്നറിയാത്തവർക്ക് കൃത്യമായ ഗൈഡൻസും മാനസിക കരുത്തും നൽകുന്ന ഒരു ഇക്കോസിസ്റ്റമായി ഇത് മാറിയിരിക്കുന്നു.അതിനാൽ തന്നെ സ്ത്രീകളുടെ ജീവിതത്തിൽ മികച്ച മാർഗ ദർശി എന്ന നിലയിലും നിസരി മഹേഷിന്റെ ഹേർ മണി ടോക്സ് ശ്രദ്ധേയമാണ്.
2030-ൽ ലക്ഷ്യം പത്ത് ദശലക്ഷം കുടുംബങ്ങളുടെ ഭദ്രത
ഇന്ത്യയിലെ സ്ത്രീകളിൽ 20 ശതമാനത്തിൽ താഴെ മാത്രമാണ് സാമ്പത്തിക സാക്ഷരതയുള്ളവർ എന്നത് ഒരു വലിയ വിപണി വിടവാണ്. ഇത് നികത്താനായി “ഓൾ ഇന്ത്യ റോഡ്ഷോ” എന്ന ഡ്രീം പ്രോജക്റ്റുമായി നിസരി മഹേഷ് മുന്നോട്ടു പോവുകയാണ്. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ഓരോ സംസ്ഥാനത്തെയും സാംസ്കാരിക വൈവിധ്യങ്ങൾ തിരിച്ചറിഞ്ഞ് അവിടുത്തെ സ്ത്രീകൾക്ക് അനുയോജ്യമായ സാമ്പത്തിക പരിശീലനം നൽകുകയാണ് ലക്ഷ്യം.
കുടുംബശ്രീ പോലെയുള്ള സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾ വരുമാനമുണ്ടാക്കാൻ സ്ത്രീകളെ പഠിപ്പിക്കുന്നുണ്ട്. എന്നാൽ നിസരിയുടെ അടുത്ത ഘട്ടം ഈ വരുമാനത്തെ എങ്ങനെ നിക്ഷേപമാക്കി മാറ്റാം എന്ന് പഠിപ്പിക്കുക എന്നതാണ്. കേവലം അതിജീവനത്തിൽ നിന്ന് സമ്പദ്സമൃദ്ധിയിലേക്ക് സ്ത്രീകളെ നയിക്കുക എന്നതാണ് 2030-ഓടെ 10 മില്യൺ കുടുംബങ്ങളെ ലക്ഷ്യം വെക്കുന്ന ഈ പദ്ധതിയുടെ കാതൽ.
സാമ്പത്തിക സുരക്ഷയ്ക്കായി സ്ത്രീകൾ എന്ത് ചെയ്യണം?
- സമ്പാദിക്കാൻ തുടങ്ങുക : ഏത് ചെറിയ രീതിയിലാണെങ്കിലും സ്വന്തമായി ഒരു വരുമാനം കണ്ടെത്തുക. അത് നാളത്തേക്ക് മാറ്റിവെക്കാതെ ഇന്നുതന്നെ തുടങ്ങുക.
- ആരോഗ്യ ഇൻഷുറൻസ് : ചികിത്സാ ചെലവുകൾ കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയ സമ്പാദ്യത്തെ കാർന്നുതിന്നാൻ അനുവദിക്കരുത്. കുടുംബത്തിന് അനുയോജ്യമായ ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കുക.
- ചെറിയ നിക്ഷേപങ്ങൾ: നിക്ഷേപത്തിന് വലിയ തുക വേണ്ടതില്ല. പണം നിങ്ങളെപ്പോലെ തന്നെ നിങ്ങൾക്കായി പണിയെടുക്കുന്ന രീതിയിൽ ഇൻവെസ്റ്റ്മെന്റുകൾ ആരംഭിക്കുക.
- തുറന്ന ചർച്ചകൾ : സാമ്പത്തിക കാര്യങ്ങൾ കുടുംബത്തിൽ രഹസ്യമാക്കി വെക്കരുത്. ഭർത്താവിനോടും മാതാപിതാക്കളോടും പണത്തെക്കുറിച്ച് സംസാരിക്കുക. ഇത്തരം ചർച്ചകൾ സാമ്പത്തികമായ വീഴ്ചകളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കും.
ഭാവിയുടെ നിയന്ത്രണം സ്വന്തം കൈകളിൽ
ഇന്ത്യയുടെ ജനസംഖ്യയിലെ പകുതിയോളം വരുന്ന സ്ത്രീശക്തിക്ക് സാമ്പത്തിക സാക്ഷരത നൽകാതെ രാജ്യത്തിന് മുന്നേറാനാവില്ല. ‘ഹെർ മണി ടോക്സ്’ എന്നത് ഒരു സംരംഭം എന്നതിലുപരി ഒരു സാമൂഹിക മാറ്റത്തിന്റെ അടയാളമാണ്. സാമ്പത്തിക ബോധത്തെ പുനർനിർവചിക്കുന്ന ഒരു സോഷ്യൽ ഇന്നൊവേഷൻ മോഡലാണ്. ഒരു സ്ത്രീ തന്റെ സാമ്പത്തിക തീരുമാനങ്ങൾ സ്വന്തമായി എടുക്കുമ്പോൾ, അവൾ സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം കൂടി ഏറ്റെടുക്കുകയാണ്. പണം സമ്പാദിക്കുക എന്നതിനേക്കാൾ അത് സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യുക എന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യം. നിസരി മഹേഷിന്റെ ഈ വിപ്ലവം ഇന്ത്യയിലെ കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാവിയുടെ കാവലാളാകുമെന്നതിൽ സംശയമില്ല.




