കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് കേരളത്തില്‍ ഒരു പവന് 22 കാരറ്റ് സ്വര്‍ണ്ണത്തിന് 56,800 രൂപയായിരുന്നു വിലയെങ്കില്‍ ഈ വര്‍ഷം അതേ ദിവസം അത് 99200 രൂപ ആയി വര്‍ദ്ധിച്ചു. 74.65 ശതമാനം വളര്‍ച്ച. ഇത്രയും വളര്‍ച്ച ലഭിക്കുന്നതും സുരക്ഷിതവുമായ മറ്റൊരു നിക്ഷേപമാര്ഗ്ഗമില്ല. അതുകൊണ്ടാണ് ചരിത്രാതീതമായ കാലം മുതല്‍ മനുഷ്യന് സഞ്ചിതസമ്പാദ്യങ്ങള് സ്വര്‍ണ്ണത്തില്‍ സൂക്ഷിക്കുന്നത്.
എന്നാല്‍ സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിന് നിയമപരമായ പരിധികള്‍ ഉണ്ട്. വിവാഹിതയായ സ്ത്രീയ്ക്ക് 500 ഗ്രാമും അവിവാഹിതയ്ക്ക് 250 ഗ്രാമും പുരുഷന് 100 ഗ്രാമും സ്വര്‍ണ്ണത്തിന് മാത്രമേ നിയമപരമായ കൈവശാവകാശമുള്ളൂ. ഇത് സ്വര്‍ണ്ണക്കട്ടകളും നാണയങ്ങളും ആഭരണങ്ങളും എല്ലാം അടക്കമാണ്. ആയതിനാല്‍ തന്നെ ഈ നിശ്ചിത അളവിലധികം നിക്ഷേപം നടത്തുവാന്‍ സ്വര്‍ണ്ണം അനുയോജ്യമല്ല.
കൂടാതെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ മാത്രമല്ല, വില്ക്കുമ്പോഴും പണിക്കൂലി, പണിക്കിഴിവ് തുടങ്ങിയ വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ട്. അത് മാത്രമല്ല, ഓരോ ഇടപാടിനും ജിഎസ്ടിയും ചെലവാകും. ഈ കിഴിവുകള്‍ എല്ലാം കണക്കിലെടുത്താല്‍ സ്വര്‍ണ്ണത്തിലെ ഹ്രസ്വകാല നിക്ഷേപങ്ങള്‍ സ്വര്‍ണ്ണവില കൂടിയാലും അതിനൊത്ത പ്രതിഫലം തരുന്നില്ല. ഈ പ്രശ്നത്തിന് പരിഹാരമാവുകയാണ് ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍.
ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് എന്നാലെന്ത്?
ആഭ്യന്തര സ്വര്‍ണ്ണവിലയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു നിക്ഷേപ ഉപാധിയായാണ് ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്. മ്യൂച്വല്‍ ഫണ്ട് പോലെ നിരവധി യൂണിറ്റുകള്‍ ചേര്‍ന്നതാണ് ഫണ്ട്. ഓരോ യൂണിറ്റും ഒരു പ്രത്യേക തൂക്കം സ്വര്‍ണ്ണത്തിന് തുല്യമാവുന്നു. ഭൗതിക രൂപത്തിലുള്ള സ്വര്‍ണ്ണത്തിന് പകരം ഡിജിറ്റല്‍ രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുവാനുള്ള മാര്‍ഗ്ഗമാണ് ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്. കാണുവാനോ, സ്പര്‍ശിക്കുവാനോ പറ്റാത്ത രൂപത്തിലായതിനാല്‍ കളവിനെ ഭയക്കേണ്ടതില്ല. പണിക്കൂലിയുമില്ല, പണിക്കുറവുമില്ല.
മ്യൂച്വല്‍ ഫണ്ട് കമ്പനികളാണ് ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് സൃഷ്ടിക്കുന്നത്. അവര്‍ ഭൗതിക സ്വര്‍ണ്ണം വാങ്ങി അതിനെ സുരക്ഷിതമായി സൂക്ഷിക്കുവാനായി ഒരു ബാങ്കിനെ ഏല്‍പ്പിക്കുന്നു. അതിന് ശേഷം അത്രയും തൂക്കത്തിനെ അംശിച്ച് യൂണിറ്റുകള്‍ സൃഷ്ടിക്കുന്നു. സാധാരണമായി ഒരു യൂണിറ്റ് എന്നാല്‍ ഒരു ഗ്രാം തൂക്കം സ്വര്‍ണ്ണം. അതായത്, യഥാര്‍ത്ഥത്തില്‍ ഉള്ള സ്വര്‍ണ്ണത്തെ തന്നെയാണ് ഡിജിറ്റല്‍ യൂണിറ്റുകള്‍ ആയി കണക്കാക്കുന്നത്. ഈ യൂണിറ്റുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍, ഓഹരി വില്പനവാങ്ങലുകള് പോലെ, പൊതുജനങ്ങള്‍ക്ക് വാങ്ങുകയും വില്‍ക്കുകയും ചെയ്യുവാന്‍ പാകത്തിന് പൊതുവിപണിയായി ലിസ്റ്റ് ചെയ്യുന്നു. അതുകൊണ്ടാണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് എന്ന പേര്.
ഓഹരി വ്യാപാരം പോലെ, ഇതിനും ഒരു ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും വേണം. കൂടാതെ, പണം കൈമാറ്റം ചെയ്യുവാനായി, ഇവ ഒരു ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം. നിലവില്‍ ഓഹരിവ്യാപാരത്തിനായി ഇവ ഉള്ളവര്‍ക്ക് വേറെ ആരംഭിക്കേണ്ടതില്ല; അത് തന്നെ ഉപയോഗിക്കാം. ഇന്ന് വാങ്ങിക്കുന്ന സ്വര്‍ണ്ണം നാളെയാണ് ഡീമാറ്റ് അക്കൗണ്ടില്‍ വരിക. അതുപോലെ ഇന്ന് വിറ്റ സ്വര്‍ണ്ണത്തിന്റെ വില നാളെ ബാങ്ക് അക്കൗണ്ടിലും വരും. T+1 സെറ്റില്‍മെന്റ് എന്നാണിതിന് പറയുക.
വിലനിര്‍ണ്ണയം
പൊതുവിപണിയിലെ സ്വര്‍ണ്ണവിലയെ അടിസ്ഥാനപ്പെടുത്തിത്തന്നെയാണ് സ്വര്‍ണ്ണ ഇടിഎഫിന്റെ വില കണക്കാക്കുക. ഇതിന് പുറമെ, ഇടിഎഫിന്റെ ഡിമാന്‍ഡും ലഭ്യതയും ചെറിയ രീതിയില്‍ ഇടിഎഫ് വിലയില്‍ നിഴലിക്കാം.
പണമാക്കി മാറ്റല്‍
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയിലാണ് ഇടിഎഫ് വ്യാപാരവും നടക്കുന്നത്. തനത് സമയത്തെ വിപണിനിരക്കില്‍ തത്സമയം ഇടപാട് നടത്തുവാനും പ്രതീക്ഷിത വില എത്തുമ്പോള്‍ ഡീല്‍ എടുക്കുവാനായി ഓര്‍ഡര്‍ ബുക്ക് ചെയ്യുവാനും സൗകര്യമുണ്ട്. ട്രേഡിങ്ങ് അക്കൗണ്ട് തരുന്ന ബാങ്കിന്റെ/സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം മുഖേനയാണ് ഇടപാടുകള്‍ കൂടുതല്‍ സൗകര്യപ്രദമാവുക. ഇത് വാട്സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കുന്നത് പോലെ ലളിതമാണ്. അല്ലെങ്കില്‍ പ്രൈവറ്റ് ബ്രോക്കര്‍മാരെ ചുമതലപ്പെടുത്തണം.
ഏത് ഇടിഎഫ് എടുക്കണം
ഏത് ഇടിഎഫ് എടുക്കണം എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ ഇതുവരെയുള്ള ചരിത്രം അനുസരിച്ച് വരുമാനനിരക്ക് ഏറ്റവും കൂടുതലുള്ള ഫണ്ട് തിരഞ്ഞെടുക്കുകയാണ് ഉത്തമം. അതേസമയം മുന്‍കാലങ്ങളിലെ മികച്ച പ്രവര്‍ത്തനഫലങ്ങള്‍ ഭാവിയിലും അതേപോലെ ആവര്‍ത്തിക്കുമെന്ന് ഉറപ്പ് പറയുവാന്‍ ആരെക്കൊണ്ടും ആവില്ല. ഇടിഎഫ് നിക്ഷേപങ്ങള്‍ വിപണിയിലെ നഷ്ടസാദ്ധ്യതകള്‍ക്ക് വിധേയമാണ്.
ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ നോക്കേണ്ടതായ മറ്റൊരു കാര്യം ഓരോ ഫണ്ടിന്റെയും എക്സ്പെന്‍സ് റേഷ്യോ ആണ്. ഫണ്ട് നടത്തിക്കൊണ്ടുപോകുവാനുള്ള ചെലവ്. ഇത് കൂടുംതോറും നിക്ഷേപകനുള്ള വരുമാനം കുറയും. മ്യൂച്വല്‍ ഫണ്ട് നിശ്ചിത സമയത്തിനുള്ളില്‍ പണമാക്കി മാറ്റിയാല്‍ പിഴയായി വാങ്ങുന്ന എക്സിറ്റ് ലോഡ് ഫാക്ടര്‍ സാധാരണയായി ഗോള്‍ഡ് ഇടിഎഫിന് പതിവില്ല. എങ്കിലും അത് ഉണ്ടോ ഇല്ലയോ എന്നും ഉണ്ടെങ്കില്‍ അതിന്റെ വ്യവസ്ഥകളും താരതമ്യം ചെയ്യണം.
ഗോള്‍ഡ് ഇടിഎഫും ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടും
ഒറ്റ നോട്ടത്തില്‍ ഒന്നാണെന്ന് തോന്നാവുന്ന ഇവ രണ്ടും തികച്ചും വ്യത്യസ്തങ്ങളാണ്. ഗോള്‍ഡ് ഇടിഎഫ് ഭൗതിക സ്വര്‍ണ്ണത്തില്‍ ആണ് നിക്ഷേപിക്കുന്നത്. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട് ഗോള്‍ഡ് ഇടിഎഫിലും സ്വര്‍ണവ്യവസായത്തിലെ മറ്റ് നിക്ഷേപമാര്ഗ്ഗങ്ങളിലുമാണ് നിക്ഷേപം നടത്തുന്നത്. ഇടിഎഫിന്റെയും മ്യൂച്വല്‍ ഫണ്ടിന്റെയും ഘടന വ്യത്യസ്തമാണ്. ഇടിഎഫ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നേരിട്ട് ഇടപാട് നടത്താം. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ അവയുടെ പ്ലാറ്റുഫോമുകളില്‍ മാത്രമേ ഇടപാട് നടത്തുകയുള്ളൂ. അതുകൊണ്ടുതന്നെ, ഇടിഎഫിന് ഡീമാറ്റ് അക്കൗണ്ട് വേണം; മൂച്വല്‍ ഫണ്ടിന് അത് വേണ്ട.
ഏറ്റവും പ്രധാനം, ഇടിഎഫ് വില തത്സമയ മൂല്യമാണ് എന്നതാണ്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ അപ്പപ്പോഴത്തെ വിലയില്‍ അധിഷ്ഠിതമായാണ് ഒരു യൂണിറ്റിന്റെ വില ഓരോ സമയത്തും കണക്കാക്കുക. വില കുറയുന്ന സമയം നോക്കി വാങ്ങുവാനും വില കൂടുന്ന സമയത്ത് വില്‍ക്കുവാനും ഇതുമൂലം സാദ്ധ്യമാവുന്നു. മ്യൂച്വല്‍ ഫണ്ടില്‍ ഓരോ വ്യാപാരദിനാന്ത്യത്തിലുമുള്ള നെറ്റ് അസറ്റ് വാല്യൂ (എന്‍.എ.വി) വച്ചാണ് മൂല്യം നിര്‍ണ്ണയിക്കുക. ഉച്ചവരെ തലേദിവസത്തെ എന്‍ എ വിയും ഉച്ചയ്ക്ക് ശേഷം അന്നത്തേതും ആണ് എടുക്കുക.
ഗോള്‍ഡ് ഇടിഎഫും ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടും കാപിറ്റല്‍ ഗൈന്‍ ടാക്സിന് വിധേയമാണ്. ഇടിഎഫ് പന്ത്രണ്ട് മാസത്തിനകം പണമാക്കിയാല്‍, ലാഭത്തിന് ഹ്രസ്വകാല മൂലധനനേട്ടത്തിനുള്ള വരുമാനികുതി സ്ളാബ് അനുസരിച്ച് നല്‍കണം. പന്ത്രണ്ട് മാസം കഴിഞ്ഞാല്‍ ദീര്‍ഘകാല മൂലധനനേട്ടത്തിനുള്ള 12.50% ശതമാനം നികുതിയേ നല്‍കേണ്ടതുള്ളൂ. എന്നാല്‍ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടില്‍ 24 മാസം കഴിഞ്ഞാലേ ദീര്‍ഘകാല നിക്ഷേപമായി പരിഗണിക്കുകയുള്ളൂ.
സുരക്ഷിതത്വം
ഭൗതിക സ്വര്‍ണ്ണം സുരക്ഷിതമായി സൂക്ഷിക്കുക പ്രയാസമാണ്. ലോക്കറില്‍ വയ്ക്കാമെന്ന് കരുതിയാലും ഇടയ്ക്കിടെ സ്ഥലം മാറ്റം ഉള്ളവര്‍ക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സ്വര്‍ണ്ണം കൊണ്ടുപോകുന്നത് അതീവ ശ്രമകരമാണ്. ഗോള്‍ഡ് ഇടിഎഫ് മോഷ്ടാക്കള്‍ക്ക് അപ്രാപ്യമാണ്. ഹാക്കര്‍ക്ക് ട്രേഡിങ് പ്ലാറ്റ്ഫോമില്‍ കയറി വില്‍ക്കാനായാലും വില്പനവില ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേ വരൂ. ഇത് സുരക്ഷിതത്വം ഇരട്ടിപ്പിക്കുന്നു.
ഭൗതിക സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ നാം അനുഭവിക്കുന്ന പണിക്കൂലി, പണിക്കുറവ്, കാരറ്റ് വ്യതിയാനം, ഇന്‍ഷുറന്‍സ് ചിലവ് തുടങ്ങിയവ ഇടിഎഫിന് വരുന്നില്ല. സ്വര്‍ണ്ണം വില്ക്കുമ്പോള് പലപ്പോഴും വസ്തുനിഷ്ഠമായ വിലയിരുത്തലുകള്‍ക്കപ്പുറം അല്പസ്വല്പ്പം വ്യക്തിനിഷ്ഠമായ പരിഗണനകള്‍ കാരറ്റ് നിര്‍ണ്ണയത്തില്‍ നിഴലിക്കാറുണ്ട്. എന്നാല്‍, 99.99% പരിശുദ്ധിയുള്ള 24 കാരറ്റ് സ്വര്‍ണ്ണമാണ് ഇടിഎഫിന് അടിസ്ഥാനം.
സുരക്ഷിതത്വവും സുതാര്യമായ തത്സമയ വിലനിര്‍ണ്ണയവും പ്രദാനം ചെയ്യുന്നു എന്നതും വീട്ടിലിരുന്നുകൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുവാനും സ്വര്‍ണത്തെ പണമാക്കിമാറ്റുവാനും കഴിയുന്നു എന്നതുമാണ് ഗോള്‍ഡ് എടിഎഫിനെ ജനകീയമാക്കുന്നത്.
(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ലേഖകന്‍ ഇപ്പോള്‍ പെരിന്തല്‍മണ്ണ അര്‍ബന്‍ സഹകരണ ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ ആണ്. അഭിപ്രായങ്ങള്‍ വ്യക്തിപരം)




