ഒരു വീട് സ്വന്തമായി ഉണ്ടാകുകയെന്നത് ഇന്ത്യയില്‍ സാമ്പത്തിക സുരക്ഷയുടെ അടയാളമാണ്. ജോലി ചെയ്തുതുടങ്ങുമ്പോഴോ, അതിനുമുമ്പോ പലരുടെയും മനസ്സില്‍ സ്വന്തമായൊരു വീട് എന്ന മോഹം കുടിയേറിയിട്ടുണ്ടാകും. പക്ഷേ മറ്റ് ബാധ്യതകള്‍, തിരക്കുകള്‍ അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ആ ആ മോഹം നീണ്ടുപോയേക്കാം. നാല്പ്പതുകളിലെത്തുമ്പോഴേക്കും വീട് സ്വന്തമായി ഇല്ല എന്നത് ഒരു ആധിയായി വളരും. ലോണെടുത്തോ മറ്റ് സ്വത്തുക്കള്‍ വിറ്റോ എങ്ങനെയെങ്കിലും ഒരു വീട് സ്വന്തമാക്കണമെന്ന് പലര്‍ക്കും തോന്നുകയും ചെയ്യും. പക്ഷേ നാല്‍പ്പതുകളില്‍ വീട് വാങ്ങുകയോ വെക്കുകയോ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നാല്‍പ്പതുകളില്‍ വരുമാനം താരതമ്യേന കൂടുതലായിരിക്കും. കാരണം കരിയറില്‍ കുറച്ചധികം ദൂരം പിന്നിട്ടിരിക്കുന്ന പ്രായമാണത്. പക്ഷേ, ജീവിതത്തില്‍ ഏറ്റവുമധികം ചിലവുകളെ അഭിമുഖീകരിക്കുന്ന സമയം കൂടിയായിരിക്കും അത്. കുട്ടികളുടെ സ്കൂള്‍ ഫീസുകള്‍, മറ്റ് ചിലവുകള്‍, മാതാപിതാക്കളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട ചിലവുകള്‍, ജീവിതശൈലി ചിലവുകള്‍ അങ്ങനെ സാധാരണക്കാരുടെ വരുമാനത്തിന്റെ സിംഹഭാഗവും ചിലവുകളായി കയ്യൊഴിയുന്നു. അതിനൊപ്പം വീട് സ്വന്തമാക്കാന്‍ ഹോം ലോണ്‍ കൂടി എടുക്കുമ്പോള്‍ അത് താങ്ങാനാകുമോ എന്ന് വളരെ ആലോചിക്കേണ്ടതുണ്ട്. ഹോം ലോണിലെ മാസ അടവ് വിശ്രമകാല ജീവിതത്തിന് വേണ്ടിയുള്ള സമ്പാദ്യം വെട്ടിച്ചുരുക്കാനോ ദൈനംദിന ചിലവുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനോ നിര്‍ബന്ധിക്കുന്ന സ്ഥിതി വന്നാല്‍ ആ വീട് സുരക്ഷിതത്വത്തേക്കാള്‍ നിങ്ങള്‍ക്ക് ബാധ്യതയായി മാറും.
അതിനാല്‍ നാല്‍പ്പതുകളില്‍ വീട് വാങ്ങുമ്പോള്‍, അതിനായി വായ്പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
പ്രായവും തിരിച്ചടവും
ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുമ്പോള്‍ ബാങ്കുകള്‍ ഉപഭോക്താവിന്റെ പ്രായം പരിഗണിക്കും. ജോലിയില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ വായ്പ അടച്ചുതീര്‍ക്കണമെന്നാണ് മിക്ക ബാങ്കുകളും ആഗ്രഹിക്കുന്നത്. അതുകൊണ്ട് നാല്‍പ്പത് വയസ്സിന് ശേഷം വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള സമയപരിധി കുറയും. അങ്ങനെ വരുമ്പോള്‍ മുപ്പതുകളിലുള്ള ഒരാളേക്കാള്‍ കൂടുതല്‍ ഇഎംഐ നാല്‍പ്പതുകളിലുള്ള ആള് അടക്കേണ്ടിവരും. മിക്കയാളുകളും ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നത് ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ജോയിന്റ് ലോണ്‍ എടുത്തുകൊണ്ടാണ്. അപ്പോള്‍ തിരിച്ചടവ് കാലാവധി ചിലപ്പോള്‍ കൂടിക്കിട്ടും. അല്ലെങ്കില്‍ ഒന്നിച്ച് അധികം തുക ഡൗണ്‍ പേയ്മെന്റ് ആയി നല്‍കും. അപ്പോള്‍ മാസം അടയ്ക്കേണ്ട തുക വരുമാനത്തിന്റെ 30-35 ശതമാനമാക്കി നിലനിര്‍ത്താന്‍ കഴിയും.
വിശ്രമജീവിത പദ്ധതികള്‍ക്ക് തടസ്സമാകരുത്
വീടിനെ കുറിച്ച് നമുക്ക് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരിക്കാം. വലിയ വീട്, ഒരുപാട് സൗകര്യങ്ങള്‍ അങ്ങനെ പലതും. പക്ഷേ ആവശ്യത്തില്‍ കവിഞ്ഞുള്ള ആഡംബരങ്ങള്‍ നമ്മുടെ കീശ കാലിയാക്കും. ചിലപ്പോള്‍ കയ്യിലുള്ള സമ്പാദ്യം വിശ്രമകാല ജീവിതത്തിനായി നീക്കിവെച്ച തുകയും അതിനായി നീക്കിവെക്കാന്‍ നിര്‍ബന്ധിതരാകും. അങ്ങനെ ചെയ്യുന്നത് മണ്ടത്തരമാണ്. വീടിനായി പ്രോവിഡന്റ് ഫണ്ട്, പെന്ഷന് ഫണ്ട്, ദീര്‍ഘകാല എസ്ഐപി പോലുള്ള നിക്ഷേപങ്ങളില്‍ കൈവെക്കാതിരിക്കുക. ഹോം ലോണിന്റെ ഇഎംഐ അടയ്ക്കാനായി മേല്‍പ്പറഞ്ഞ ഏതെങ്കിലും നിക്ഷേപങ്ങള്‍ മുടക്കേണ്ട സാഹചര്യമെത്തിയാല്‍ നിങ്ങളുടെ ബജറ്റില്‍ മാറ്റം ആവശ്യമാണ്. ഒന്നുകില്‍ വീട് ചെറുതാക്കുക, അല്ലെങ്കില്‍ ലോണിലെ ഡൗണ്‍ പേയ്മെന്റ് കൂട്ടുക, അതുമല്ലെങ്കില്‍ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കുക.
ശരിയായ പ്രോപ്പര്‍ട്ടി എങ്ങനെ കണ്ടെത്താം
ശരിയായ പ്രോപ്പര്‍ട്ടിയും സ്ഥലവും തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്. നാല്‍പ്പതുകളിലെത്തുമ്പോള്‍, സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്കിത്തുടങ്ങും. ജോലിസ്ഥലത്തേക്ക് പെട്ടെന്ന് എത്താനാകുന്ന, പൊതുഗതാഗത സംവിധാനങ്ങള്‍ ഉള്ള, സ്കൂളുകളും, ആശുപത്രികളും അടുത്തുള്ള സ്ഥലങ്ങള്‍ക്കാകും മുന്‍ഗണന. അതുപോലെ സ്ഥലം വാങ്ങിച്ച് വീട് വെക്കുന്നതിനേക്കാള്‍, താമസയോഗ്യമായ വീടുകളോടും ആളുകള്‍ക്ക് താല്‍പ്പര്യം കൂടും. പക്ഷേ അങ്ങനെ വീടുകള്‍ വാങ്ങുമ്പോള്‍, വീടിന്റെ പണി നല്ലതായിരുന്നുവെന്നും എല്ലാവിധ മാനദണ്ഡങ്ങള്‍ പാലിച്ചാണ് അത് നിര്‍മ്മിച്ചതെന്നും ഉറപ്പാക്കുക.
ഡൗണ്‍ പേയ്മെന്റ് കൂടിയാലുള്ള ഗുണം
നാല്‍പ്പത് വര്‍ഷത്തിനിടയില്‍ ഭേദപ്പെട്ട സമ്പാദ്യം സ്വരുക്കൂട്ടാന്‍ സാധിച്ചവര്‍ക്ക് അതിലൊരു ഭാഗം വീടിനുള്ള ഡൗണ്‍ പേയ്മെന്റ് ആയി ഉപയോഗിക്കാനാകും. ഇതിലൂടെ ഇഎംഐ കുറയ്ക്കാനാകും. മാസ അടവില്‍ കുറവുണ്ടാകുന്നത് മനഃസമാധാനം നല്കുന്ന കാര്യമാണ്. ഒരിക്കലും എമര്‍ജന്‍സി ഫണ്ടില്‍ കൈ വെക്കാതിരിക്കാനും ശ്രദ്ധിക്കുക.
ഇന്‍ഷുറന്‍സ് പരിരക്ഷ
ഹോം ലോണ്‍ നമ്മുടെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കും. അതുകൊണ്ട് ഹോം ലോണിനൊപ്പം കുറഞ്ഞത് ലോണ്‍ തുക കവര്‍ ചെയ്യുന്ന രീതിയില്‍ ഒരു ടേം ഇന്‍ഷുറന്‍സ് കൂടി എടുക്കുക. നിര്‍ബന്ധമായും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുക. ഇവ രണ്ടും ഉണ്ടെങ്കില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ കുടുംബത്തിന് മേല്‍ ലോണിന്റെ ബാധ്യത വരുന്നത് ഒഴിവാക്കാം.
ഭാവി ചിലവുകളും കണക്കാക്കുക
വീട് സ്വന്തമാകുന്നു എന്നത് കൊണ്ട് മറ്റുചിലവുകള്‍ ഒന്നും ഇല്ലാതാകുന്നില്ലെന്ന് മാത്രമല്ല ഇഎംഐ അല്ലാതെ മറ്റുചില ചിലവുകള്‍ വരികയും ചെയ്യും. മെയിന്റനന്‍സ് ചാര്‍ജ്, എന്തെങ്കിലും കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ചിലവ്, പഴയ ഉപകരണങ്ങള്‍ മാറ്റല്‍, ഇലക്ട്രിക്കല്‍ ചിലവുകള്‍ അങ്ങനെ നിരവധി അധിക ചിലവുകള്‍ വരാം. എല്ലാ മാസവും ചെറിയൊരു തുക വീടിനായി നീക്കിവെച്ചാല്‍ പെട്ടെന്നൊരു ദിവസം വലിയ ബാധ്യതയുണ്ടാകാതെ രക്ഷപ്പെടാം.
ബാധ്യതയാകാതെയും കൂടൊരുക്കാം
നാല്‍പ്പതുകളില്‍ ഒരു വീട് സ്വന്തമാക്കുന്നത് കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാന്‍ ഒരു തണലൊരുങ്ങുന്നതിന് തുല്യമാണ്. അതോടെ ജീവിതം സാമ്പത്തിക ബാധ്യതകളില്‍ മുങ്ങുമെന്ന ചിന്തയൊന്നും വേണ്ട. ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മുന്നില്‍ സമയമുണ്ടാകും. അതേസമയം അനാവശ്യബാധ്യതകള് വരുന്ന രീതിയില്‍ വലിയ വീടോ ആഡംബരങ്ങളോ തിരഞ്ഞെടുക്കാതിരിക്കുക. വരുമാനത്തിനുള്ളില്‍ ഇഎംഐ നില്ക്കുന്ന രീതിയിലുള്ള മാസതവണകള്‍ തിരഞ്ഞെടുക്കുക. ഒരിക്കലും വിശ്രമകാല ജീവിതത്തിന് വേണ്ടിയുള്ള നീക്കിയിരുപ്പുകള്‍ വീടിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാതിരിക്കുക. ശരിയായ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുക. ഇങ്ങനെയെല്ലാം ചെയ്താല്‍ നാല്‍പ്പതാം വയസ്സില്‍ സ്വന്തമാക്കുന്ന വീട് സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതാക്കാതെ തന്നെ നിങ്ങള്‍ക്ക് കൂടായി മാറും.




