പശ്ചിമേഷ്യന്‍ സംഘര്‍ഷം 15-ാം ദിനത്തിലേക്ക് കടന്നിട്ടും യുദ്ധ സാഹചര്യത്തില്‍ യാതൊരു അയവുമില്ല. ആവശ്യമുള്ളത്രയും സമയം യുദ്ധം നീളുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നത്. ഇറാനിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ യുഎസ് – ഇസ്രയേല്‍ ആക്രമണം തുടരുമ്പോള്‍ ഗള്‍ഫ് മേഖലയിലടക്കം ഇറാനും ആക്രമണം ശക്തമാക്കുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പ്രതിരോധം ശക്തമാക്കിയത് ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ധന പ്രതിസന്ധി ഭക്ഷ്യമേഖലയെയും ബാധിച്ചുതുടങ്ങി. അവശ്യയന്ത്രങ്ങള് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഇന്ധനത്തിന് ക്ഷാമം നേരിടുന്നത് ഏഷ്യയിലെയും യൂറോപ്പിലെയും കര്‍ഷകരെ ബാധിച്ചുതുടങ്ങി. ഓസ്ട്രേലിയ, ബംഗ്ലാദേശ് , ഫിലിപ്പൈന്‍സ് അടക്കമുള്ള രാജ്യങ്ങളില്‍ കാര്‍ഷിക, മത്സ്യബന്ധന മേഖലകളില്‍ ഇന്ധനക്ഷാമം അനുഭവപ്പെടുന്നുണ്ട്. സ്ഥിതിഗതികള്‍ ഈ രീതിയില്‍ തുടര്‍ന്നാല്‍ ഭക്ഷ്യവിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും സാധ്യതയുണ്ട്.
അതേസമയം ആഗോള വിപണിയില്‍ ഇന്ധനക്ഷാമം നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ കരുതല്‍ ശേഖരത്തില്‍ നിന്നും എണ്ണ വിട്ടുനല്‍കാന്‍ അമേരിക്കന്‍ ഊര്‍ജ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ആദ്യ ബാച്ച് എണ്ണ വിപണിയിലെത്തും. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് യുഎസ് കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ വിട്ടുനല്‍കുന്നത്. 172 ദശലക്ഷം ബാരല്‍ എണ്ണയാണ് വിട്ടുനല്‍കുക. അംഗരാജ്യങ്ങള്‍ സംയുക്തമായി 400 ദശലക്ഷം ബാരല്‍ എണ്ണ വിപണിയിലെത്തിക്കും. നാല് മാസങ്ങളിലായാണ് അമേരിക്ക എണ്ണ വിട്ടുനല്‍കുക. ഇതിനുമുമ്പ് റഷ്യ-യുക്രൈന് യുദ്ധത്തിന്റെ വേളയില്‍ 2022-ല്‍ ജോ ബൈഡന് പ്രസിഡന്റ് ആയിരുന്നപ്പോഴും അമേരിക്ക 180 ബാരല്‍ എണ്ണ ആഗോള വിപണിയിലേക്ക് എത്തിച്ചിട്ടുണ്ട്.
ഇതിനിടെ ഹോര്‍മുസ് കടലിടുക്കിലൂടെ വാണിജ്യക്കപ്പലുകളുടെ സുരക്ഷിത സഞ്ചാരം ഉറപ്പാക്കുന്നതിനായി ഫ്രാന്‍സും ഇറ്റലിയും ഇറാനുമായി നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എണ്ണയും ഗ്യാസും അടക്കം പശ്ചിമേഷ്യയില്‍ നിന്നുള്ള ചരക്കുകളുടെ നീക്കം ഉറപ്പാക്കി ആഗോള വിപണികളിലുണ്ടാകുന്ന ആഘാതം കുറയ്ക്കുക എന്നതാണ് ചര്‍ച്ചകളുടെ ലക്ഷ്യം.
യുദ്ധ സാഹചര്യത്തില്‍ അയവില്ലാത്തതിനാല്‍ സൈന്യബലം ശക്തമാക്കാനുള്ള നടപടികളും അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. മേഖലയിലേക്ക് അമേരിക്ക കൂടുതല്‍ സൈനികരെ വിന്യസിച്ചു. ലെബനനിലേക്കും യുദ്ധം വ്യാപിച്ചിട്ടുണ്ട്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 733 പേര് മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയില്‍ മിസൈല്‍ ആക്രമണമുണ്ടായി.




