വാള്‍മാര്‍ട്ടിന്റെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ യുപിഐ ആപ്പായ ഫോണ്‍പേ ലിമിറ്റഡ്, പ്രാഥമിക ഓഹരി വില്‍പ്പനക്ക് (ഐപിഒ) മാര്ക്ക്റ്റ് റെഗുലേറ്ററായ സെബിയുടെ അനുമതി തേടി. രഹസ്യ മാര്‍ഗത്തിലൂടെയാണ് കമ്പനി ഐപിഒയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. ഐപിഒയിലൂടെ ഏകദേശം 12000 കോടി രൂപ സമാഹരിക്കാനാണ് ഫോണ്‍പേ ലക്ഷ്യമിടുന്നത്.
യുപിഐ വഴി പേയ്മെന്റുകള്‍ നടത്താന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് ഫോണ്‍പേ. 60 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. പ്രതിദിനം 31 കോടിയിലധികം ഓണ്‍ലൈന്‍ ഇടപാടുകള്‍ ഫോണ്‍പേയിലൂടെ നടക്കുന്നു.
2025 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഫോണ്‍പേയുടെ നഷ്ടം 1,720 കോടിയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,996 കോടിയായിരുന്നു നഷ്ടം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 40% വര്‍ദ്ധിച്ച് 7,115 കോടി രൂപയായി.
ഏറ്റെടുപ്പുകളുടെ കഥ
2016 ലാണ് ഇ-കൊമേഴ്സ് വമ്പനായ ഫ്ളിപ്കാര്‍ട്ടിലെ മുന്‍ ജീവനക്കാരായ സമീര്‍ നിഗം, രാഹുല്‍ ചാരി, ബര്‍സിന്‍ എന്‍ജിനീയര്‍ എന്നിവര്‍ ചേര്‍ന്ന് ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്ഫോമായി ഫോണ്‍പേ ആരംഭിക്കുന്നത്. 2018 ല്‍ ഫ്ളിപ്കാര്‍ട്ട് 20 മില്യണ്‍ ഡോളര്‍ മുടക്കി ഫോണ്‍പേയെ ഏറ്റെടുത്തു. 2018 ല്‍ ഫ്ളിപ്കാര്‍ട്ടിനെ യുഎസ് വമ്പനായ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. 2022 ല്‍ ഫ്ളിപ്കാര്‍ട്ടില്‍ നിന്നും വേര്‍പെടുത്തി ഫോണ്‍പേയെ സ്വതന്ത്ര കമ്പനിയാക്കി.