ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കാന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പാക്കിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദിലെത്തി. 1979-ലെ ഇസ്ലാമിക് റെവലൂഷന് ശേഷം ഇറാനുമായി അമേരിക്ക നടത്തുന്ന ആദ്യത്തെ ഉന്നതതല ചര്‍ച്ചയാണിത്. നല്ല മനസ്സോടെയാണ് ഇറാന് ചര്‍ച്ചകള്‍ക്ക് വന്നിരിക്കുന്നതെങ്കില്‍ സഹായഹസ്തം നീട്ടാന്‍ തങ്ങള്‍ തയ്യാറാണെന്ന് പാക്കിസ്ഥാനിലേക്ക് പുറപ്പെടുംമുമ്പ് ജെ ഡി വാന്‍സ് പറഞ്ഞു. അതേസമയം മുന്‍ അനുഭവങ്ങള്‍ വെച്ച് അമേരിക്കയെ വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് ചര്‍ച്ചകള്‍ക്കായി പാക്കിസ്താനിലെത്തിയ ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പ്രതികരിച്ചത്. ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചിയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
………………..
ഇതിനിടെ സമാധാന ചര്‍ച്ചകളുടെ ഫലം എന്തായിരിക്കുമെന്നത് അമേരിക്കയുടെ മുന്‍ഗണനകളെ മാത്രം ആശ്രയിച്ചിരിക്കുമെന്ന് ഇറാന്റെ പ്രഥമ വൈസ് പ്രസിഡന്റ് മുഹമ്മദ് റേസ അറെഫ്. ഇസ്രയേല്‍ ഫസ്റ്റ് അജന്‍ഡയാണ് അമേരിക്കയുടെ മനസ്സിലെങ്കില്‍ ഡീല്‍ ഉണ്ടാകില്ലെന്നും അമേരിക്ക ഫസ്റ്റ് അജന്‍ഡയാണെങ്കില്‍ മാത്രമേ പരസ്പരം ഗുണകരമായ കരാറിന് സാധ്യതയുള്ളുവെന്നും മുഹമ്മദ് റേസ അറെഫ് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു
………………….
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജ വിപണികളെ പിടിച്ചുകുലുക്കുന്നതിനിടെ എല്‍പിജി ഉല്‍പ്പാദനത്തില്‍ നേട്ടം കൈവരിച്ച് ഇന്ത്യ. പ്രാദേശിക എല്‍പിജി ഉല്‍പ്പാദനം രാജ്യത്തിന്റെ ആവശ്യത്തിന്റെ 60 ശതമാനത്തോളമെത്തിയതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇറാന് യുദ്ധം 40 ദിവസം പിന്നിട്ട വേളയില്‍ ഇന്ധന വിതരണം തടസ്സപ്പെടാതാരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. നിലവില്‍ ആവശ്യമുള്ളത്ര ഇന്ധന ശേഖരം ഇന്ത്യയിലുണ്ടെന്നും രാജ്യത്തെ റിഫൈനറികള്‍ പരമാവധി ക്ഷമതയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ വ്യക്തമാക്കി.
……………
ഇതിനിടെ ഊര്‍ജരംഗത്ത് സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും. ഊര്‍ജം, വ്യാപാരം, പ്രതിരോധം എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളുമെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി ഫ്ളോറിഡയില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു യുഎസ് സ്ഥാനപതിയുടെ പ്രതികരണം.




