പന്ത് ഇറാന്റെ കോര്‍ട്ടില്‍
യുഎസിന്റെ 15 ഇന സമാധാന ഉടമ്പടി പാകിസ്ഥാന് ഇറാന് കൈമാറി. ഇറാന്റെ ആണവ പദ്ധതികള്‍ പൂര്‍ണമായും റദ്ദാക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് കൈമാറുക, വിവിധ ഭീകര സംഘടനകള്‍ക്ക് നല്കുന്ന സഹായം അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎസിന്റെ പ്രധാന ആവശ്യങ്ങള്‍. ഇതിന് പകരമായി ഇറാന് മേലുള്ള ഉപരോധങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യും. അതേസമയം യുഎസുമായി ഒരു ചര്‍ച്ചക്കുമില്ലെന്നാണ് ഇറാന്റെ ആദ്യ പ്രതികരണം.
- പന്ത് ഇറാന്റെ കോര്‍ട്ടില്‍
- വിപണിയും സ്വര്‍ണവും കുതിച്ചു; ക്രൂഡ് വില താഴേക്ക്
- ഇന്ധനം ആവശ്യത്തിനുണ്ടെന്ന് എണ്ണക്കമ്പനികള്‍
- ഇറാന് ഇന്ധനം വാങ്ങി ഇന്ത്യ
- ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി എസ് ആന്‍ഡ് പി ഗ്ലോബല്‍
- എയര്‍ടെല്‍ ആഫ്രിക്കയുടെ ചെയര്മാന് സ്ഥാനം ഒഴിഞ്ഞ് സുനില്‍ മിത്തല്‍
- ജിയോസ്റ്റാര്‍ വിട്ട് കിരണ്‍ മണി ഓപ്പണ്‍എഐയിലേക്ക്
വിപണിയും സ്വര്‍ണവും കുതിച്ചു; ക്രൂഡ് വില താഴേക്ക്
യുഎസിന്റെ സമാധാന നീക്കങ്ങളുടെ കരുത്തില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്സ് 1205 പോയന്റ് ഉയര്‍ന്ന് 75,273 ല്‍ എത്തി. നിഫ്റ്റി 394 പോയന്റ് നേട്ടമുണ്ടാക്കി 23,306 ല്‍ എത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 5.5% ഇടിഞ്ഞ് 98 ഡോളറിലേക്ക് എത്തിയതും വിപണിക്ക് ആവേശം പകര്‍ന്നു. സ്വര്‍ണവിലയും കുതിക്കുകയാണ്. പവന് 3,400 രൂപ വര്‍ധിച്ച് 1,08,200 രൂപയിലേക്ക് വില ഉയര്‍ന്നു. ഗ്രാമിന് 425 രൂപ വര്‍ധിച്ച് 13,525 രൂപയായി.
ഇന്ധനം ആവശ്യത്തിനുണ്ടെന്ന് എണ്ണക്കമ്പനികള്‍
രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്നും ഇന്ധന വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും എണ്ണ വിതരണക്കമ്പനികള്‍. ഇന്ത്യ പെട്രോളും ഡീസലും കയറ്റിയയക്കുന്ന രാജ്യമാണെന്നും ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ഫ്യുവല്‍ എന്നിവ മതിയായ അളവില്‍ സ്റ്റോക്കുണ്ടെന്നും ബിപിസിഎല്‍ പ്രസ്താവനയില്‍ പറഞ്ഞു. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ഭയത്തിനടിപ്പെട്ട് ഇന്ധനം വാങ്ങിക്കൂട്ടരുതെന്നും ബിപിസിഎലും എച്ച്പിസിഎലും ഐഒസിയും പ്രസ്താവിച്ചു.
ഇറാന് ഇന്ധനം വാങ്ങി ഇന്ത്യ
ഏഴ് വര്‍ഷത്തിനു ശേഷം ഇറാന് എല്‍പിജി വാങ്ങി ഇന്ത്യ. യുഎസ് ഉപരോധത്തെ തുടര്‍ന്ന് 2019 ല്‍ ഇറാനില്‍ നിന്നുള്ള ഇന്ധന വാങ്ങല്‍ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇറാന് ക്രൂഡിനും എല്പിജിക്കുമുള്ള അന്താരാഷ്ട്ര ഉപരോധം യുഎസ് പിന്‍വലിച്ചതോടെയാണ് ഇന്ത്യ വാങ്ങല്‍ നടത്തിയത്. ചൈനയിലേക്ക് എല്‍പിജി കൊണ്ടുപോകുകയായിരുന്ന ഇറാന്റെ ടാങ്കറായ ഔറോറ, മംഗലാപുരം തുറമുഖത്തേക്ക് നീങ്ങിത്തുടങ്ങി. അതേസമയം അടുത്ത മാസത്തെ വിതരണത്തിനായി 60 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയിലും ഇന്ത്യ വാങ്ങിക്കഴിഞ്ഞു.
ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി എസ് ആന്‍ഡ് പി ഗ്ലോബല്‍
2027 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.1% വളര്‍ച്ച കൈവരിക്കുമെന്ന് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍. കഴിഞ്ഞ പ്രവചനത്തിലെ 6.7 ശതമാനത്തില്‍ നിന്ന് വളര്‍ച്ചാ നിരക്ക് പ്രവചനം 40 ബേസിസ് പോയന്റ് ഉയര്‍ത്തി. ആഭ്യന്തര ഉപഭോഗം, സ്വകാര്യ നിക്ഷേപത്തിലെ വളര്‍ച്ച, ശക്തമായ കയറ്റുമതി എന്നിവയാകും ഇന്ത്യയുടെ വളര്‍ച്ചയെ പിന്തുണക്കുകയെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ പറഞ്ഞു. 2028 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.2 ശതമാനവും 2029 സാമ്പത്തിക വര്‍ഷത്തില്‍ 7 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് എസ് ആന്‍ഡ് പി പ്രവചിക്കുന്നു.
എയര്‍ടെല്‍ ആഫ്രിക്കയുടെ ചെയര്മാന് സ്ഥാനം ഒഴിഞ്ഞ് സുനില്‍ മിത്തല്‍
എയര്‍ടെല്‍ ആഫ്രിക്കയുടെ ചെയര്മാന് സ്ഥാനത്തുനിന്ന് ഭാരതി ഗ്രൂപ്പ് സ്ഥാപകനായ സുനില്‍ ഭാരതി മിത്തല്‍ ജൂലൈയില്‍ വിരമിക്കും. ജിഎസ്എംഎ ചെയര്‍മാനായ ഗോപാല്‍ വിത്തല്‍ എയര്‍ടെല്‍ ആഫ്രിക്കയുടെ നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാനാകും. സുനിലിന്റെ പുത്രനായ കവിന് ഭാരതി മിത്തല്‍ എയര്‍ടെല്‍ ആഫ്രിക്ക ഡെപ്യൂട്ടി ചെയര്‍മാനുമാകും. 2019 മുതല്‍ സുനില്‍ ഭാരതി മിത്തലായിരുന്നു എയര്‍ടെല്‍ ആഫ്രിക്കയെ നയിച്ചിരുന്നത്. 14 ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എയര്‍ടെല്‍, മൊബൈല്‍, ഡാറ്റ, ധനകാര്യ സേവനങ്ങള്‍ നല്‍കുന്നത്.
ജിയോസ്റ്റാര്‍ വിട്ട് കിരണ്‍ മണി ഓപ്പണ്‍എഐയിലേക്ക്
ചാറ്റ്ജിപിടി സ്രഷ്ടാക്കളായ ഓപ്പണ്‍എഐയുടെ ഏഷ്യ-പസഫിക് ഘടകത്തിന്റെ മാനേജിംഗ് ഡയറക്ടറായി കിരണ്‍ മണി ചുമതലയേല്‍ക്കും. റിലയന്‍സിന്റെയും വാള്‍ട്ട് ഡിസ്നിയുടെയും സംയുക്ത സംരംഭമായ ജിയോസ്റ്റാറിന്റെ സിഇഒ സ്ഥാനം വിട്ടാണ് കിരണ്‍ മണി ഓപ്പണ്‍എഐയുടെ ഭാഗമാകുന്നത്. ആന്ത്രോപിക്, ഗൂഗിള്‍ ആല്‍ഫബെറ്റ് എന്നിവയുമായുള്ള പോരാട്ടത്തിന് ഓപ്പണ്‍എഐയെ തയാറാക്കുകയാണ് ചുമതല. മുന്‍പ് വയാകോം18 ന്റെ ഡിജിറ്റല്‍ ബിസിനസിന്റെ സിഇഒയും ഗൂഗിള്‍ ജനറല്‍ മാനേജറും ആന്‍ഡ്രോയ്ഡ്, ഗൂഗിള്‍ പ്ലേ മാനേജിംഗ് ഡയറക്ടറുമായിരുന്നു കിരണ്‍ മണി.




