ട്രംപ് മോദി ചര്‍ച്ച; ഹോര്‍മുസ് തുറക്കണമെന്ന് പ്രധാനമന്ത്രി മോദി
ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണില്‍ ചര്‍ച്ച നടത്തി. യുദ്ധ സാഹചര്യവും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും ഇന്ധന പ്രതിസന്ധിയുമാണ് ചര്‍ച്ചയായത്.
ഹോര്‍മുസ് കടലിടുക്ക് വ്യാപാരത്തിനായി തുറക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകമാകെ കനത്ത ഊര്‍ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും ഇന്ത്യയെയും ഇത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ മോദി പറഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യത്തലവന്മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരുന്നുണ്ട്. ചര്‍ച്ചകളിലൂടെ മേഖലയില്‍ സമാധാനം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഗള്‍ഫിലെ ഒരു കോടിയിലധികം ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മോദി വ്യക്തമാക്കി.
ഇറാന് സംഘര്‍ഷത്തിന് അയവില്ല
അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ യുഎസ് പ്രഖ്യാപിച്ചെങ്കിലും ഇറാന് സംഘര്‍ഷത്തിന് അയവില്ല. ഇസ്രയേലിലേക്ക് ഇറാന് വ്യാപക മിസൈല്‍ ആക്രമണം നടത്തി. ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങളില്‍ മാത്രമാണ് വെടിനിര്‍ത്തല്‍ ബാധകമാവുക എന്നും മറ്റ് രീതിയിലുള്ള ആക്രമണങ്ങള്‍ തുടരുമെന്നും യുഎസ് ഭരണകൂട വൃത്തങ്ങള്‍ വ്യക്തമാക്കി.
ഓഹരി വിപണിയില്‍ കുതിപ്പ്
ഇറാനില്‍ സമാധാന ചര്‍ച്ചകള്‍ നടന്നെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്സ് 1370 പോയന്റ് ഉയര്‍ന്ന് 74,068 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 400 പോയന്റ് നേട്ടമുണ്ടാക്കി 22,912 ല്‍ ക്ലോസ് ചെയ്തു. ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ താഴേക്കുവീണ ഇന്‍ഡിഗോ, എല്‍ ആന്‍ഡ് ടി തുടങ്ങിയ കമ്പനികളില്‍ മികച്ച വാങ്ങല്‍ താല്‍പ്പര്യം ദൃശ്യമായിരുന്നു. ബ്രെന്റ് ക്രൂഡ് വില 10% ഇടിഞ്ഞ് 101 ഡോളറിലെത്തിയതും വിപണിക്ക് സഹായകരമായി.
സ്വര്‍ണത്തില്‍ ചാഞ്ചാട്ടം
യുദ്ധത്തിലെ കയറ്റിറക്കങ്ങള്‍ക്കൊപ്പം സ്വര്‍ണവിലയിലും ചാഞ്ചാട്ടം. കേരളത്തില്‍ ചൊവ്വാഴ്ച ഉച്ചക്കു മുന്‍പ് സ്വര്‍ണവില 270 രൂപ കുറഞ്ഞു. ഉച്ചക്കുശേഷം 235 രൂപ വര്‍ധിച്ച് ഗ്രാമിന് 13,100 രൂപയായി. പവന് 1880 രൂപ വര്‍ധിച്ച് 1,04,800 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ 4464 ഡോളര്‍ വരെ മുന്നേറിയ ശേഷം വില 4400 ഡോളറിലേക്ക് കുറഞ്ഞു.




