റഷ്യന്‍ എണ്ണ വാങ്ങല്‍ കൂട്ടി ഇന്ത്യ
റഷ്യന്‍ എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ച് ഇന്ത്യ. ചൈനയിലേക്ക് എണ്ണയുമായി പോകുകയായിരുന്ന റഷ്യന്‍ എണ്ണ ടാങ്കര്‍, ദക്ഷിണ ചൈന സമുദ്രത്തില്‍ യുടേണെടുത്ത് ഇന്ത്യയിലേക്ക് വന്നു തുടങ്ങി. മാര്‍ച്ച് 21 ന് മംഗലാപുരം തുറമുഖത്താവും അക്വ ടൈറ്റന് എന്ന് പേരുള്ള ഈ റഷ്യന്‍ എണ്ണക്കപ്പല്‍ അടുക്കുക. റഷ്യന്‍ ക്രൂഡിന് മേലുള്ള ഉപരോധം ഒരു മാസത്തേക്ക് യുഎസ് പ്രസിഡന്റ് ട്രംപ് പിന്‍വലിച്ചതോടെ ഇന്ത്യ ഇതിന്റെ പ്രയോജനം എടുക്കാനാരംഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ 30 ദശലക്ഷം ബാരല്‍ ക്രൂഡ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തുകഴിഞ്ഞു.
കാര്‍ഗോ കപ്പലുകള്‍ക്ക് തിരിച്ചുവരാം
ഹോര്‍മുസ് പ്രതിസന്ധി മൂലം കുടുങ്ങിയ കാര്‍ഗോ ഷിപ്പുകള്‍ക്ക് തിരികെ ഇന്ത്യന്‍ തുറമുഖങ്ങളിലെത്തി ചരക്ക് ഇറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശത്തേക്ക് ചരക്ക് കയറ്റിയയച്ച് കുടുങ്ങിയ കയറ്റുമതിക്കാരെ സഹായിക്കാനാണ് നടപടി. കാര്‍ഗോയിലെ ഉല്‍പ്പന്നങ്ങല്‍ തിരികെ തങ്ങളുടെ സംഭരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും ആഭ്യന്തര വിപണിയിലേക്ക് ഇറക്കാനും കയറ്റുമതിക്കാര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും.
പിഎന്‍ജി പ്രോല്‍സാഹിപ്പിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 10% അധിക വാണിജ്യ എല്‍പിജി കണക്ഷനുകള്‍
പൈപ്പ്ഡ് ഗ്യാസ് കണക്ഷനുകളെ പ്രോല്‍സാഹിപ്പിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് 10% അധിക വാണിജ്യ എല്‍പിജി കണക്ഷനുകള്‍ നല്കാന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. പിഎന്‍ജി കണക്ഷനുകള്‍ അഥവാ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് കണക്ഷനുകളെ പ്രോല്‍സാഹിപ്പിക്കാനാണ് നടപടി. മാര്‍ച്ച് 5ന് ശേഷം ഇന്ത്യയിലെ എല്‍പിജി ഉല്‍പ്പാദനം 40% വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും എല്‍പിജി പ്രതിസന്ധി മൂലം സംസ്ഥാനങ്ങള്ക്കാവസ്യമായ വാണിജ്യ സിലിണ്ടറുകളുടെ 20% മാത്രമാണ് ഇപ്പോള്‍ നല്‍കിവരുന്നത്.
വിപണിക്ക് ഐടിയുടെ താങ്ങ്
തുടര്‍ച്ചയായി മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 600 പോയന്റ് ഉയര്‍ന്നു. നിഫ്റ്റി 23,750 എന്ന നിര്‍ണായക ലെവലിന് മുകളില്‍ ക്ലോസ് ചെയ്തു. ഐടി ഓഹരികളിലെ വാങ്ങല്‍ താല്‍പ്പര്യമാണ് വിപണിക്ക് കരുത്തായത്. ഐടി സൂചിക 2.5% മുന്നേറ്റം നടത്തി. അസ്ഥിരത സൂചിപ്പിക്കുന്ന ഇന്ത്യ വിക്സ് 5 ശതമാനം കൂടി താഴേക്കിറങ്ങി.
റെക്കോഡ് താഴ്ചയില്‍ രൂപ
ഡോളറിനെതിരെ റെക്കോഡ് ഇടിവില്‍ രൂപ. 92.50 രൂപയെന്ന നിലവാരം ചരിത്രത്തില്‍ ആദ്യമായി ഭേദിച്ച് 92.65 വരെയെത്തി രൂപയുടെ മൂല്യം. വ്യാപാരം അവസാനിച്ചപ്പോള്‍ 92.63 എന്ന നിലയിലാണ് മൂല്യം. ഇറാന് യുദ്ധം നീളുന്നതും ഹോര്‍മുസിലെ കപ്പല്‍ഗതാഗത തടസവും ഇറക്കുമതി ചെലവുകള്‍ ഉയര്‍ത്തിയതാണ് രൂപയ്ക്ക് തിരിച്ചടിയാവുന്നത്.
സ്വര്‍ണം താഴേക്കുതന്നെ
സ്വര്‍ണ്ണവിലയിലും ഇടിവ് തുടരുന്നു. കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപയായി. പവന് 240 രൂപ കുറഞ്ഞ് 1,15,920 രൂപയിലേക്ക് വില താഴ്ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1.5 ശതമാനത്തോളം ഇടിഞ്ഞ് 4,925 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക കറന്‍സികളുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ ഡോളര്‍ നല്‍കേണ്ടി വരുന്നതുമാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറച്ചിരിക്കുന്നത്.




