ഹോര്‍മുസിന്റെ പേര് മാറ്റി ട്രംപ്
ഹോര്‍മുസ് കടലിടുക്കിന്റെ പേര് ട്രംപ് കടലിടുക്കെന്ന് മാറ്റിയെന്ന് യുഎസ് പ്രസിഡന്റ്. ഇറാന് പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞെന്നും ഒരു കരാര്‍ യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ട്രംപ് കടലിടുക്ക് അവര്‍ തുറക്കണമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇറാനെതിരായ യുദ്ധം ഏതാനും ആഴ്ചകള്‍ക്കകം അവസാനിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അവകാശപ്പെട്ടു. കരയുദ്ധം നടത്താതെ തന്നെ ലക്ഷ്യങ്ങള്‍ ഏകദേശം കൈവരിച്ചെന്നും റൂബിയോ
എന്നാല്‍ മറുവശത്ത് ഇറാന് കൂടുതല്‍ മുറുകുകയാണ്. ചൈനയുടെ രണ്ട് എണ്ണക്കപ്പലുകള്‍ ഇറാന് ഹോര്‍മുസില്‍ തടഞ്ഞു. ചൈന ഓപ്പണ്‍ ഷിപ്പിംഗ് കമ്പനിയുടെ കപ്പലുകളാണ് തടയപ്പെട്ടത്. ഇന്ത്യ, ചൈന, റഷ്യ തുടങ്ങി സുഹൃദ് രാഷ്ട്രങ്ങളുടെ കപ്പലുകള്‍ കടത്തിവിടുമെന്ന് ഇറാന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പാലിക്കാതെ ചൈനീസ് കപ്പലുകള്‍ തടഞ്ഞത് ഇറാന് നിലപാട് കടുപ്പിക്കുന്നെന്ന സൂചനയാണ് നല്‍കുന്നത്.
കുതിച്ചുയര്‍ന്ന് എണ്ണ വില
ചൈനീസ് എണ്ണക്കപ്പലുകള്‍ ഹോര്‍മുസില്‍ തടയപ്പെട്ടതോടെ കുതിച്ചുയര്‍ന്ന് എണ്ണവില. ബ്രെന്റ് ക്രൂഡ് വില 4.22% ഉയര്‍ന്ന് 112.6 ഡോളറിലെത്തി. ഇറാന് ഊര്‍ജ കേന്ദ്രങ്ങളെ 10 ദിവസത്തേക്ക് ആക്രമിക്കില്ലെന്ന ട്രംപിന്റെ വാഗ്ദാനവും എണ്ണവില കുറയാന്‍ സഹായകമായിട്ടില്ല. ഉക്രെയ്ന് നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് എണ്ണ ഉല്‍പ്പാദനം കുറച്ചെന്ന റഷ്യയുടെ വെളിപ്പെടുത്തലും എണ്ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. ഏപ്രില്‍ 1 മുതല്‍ ഗാസൊലീന്‍ കയറ്റുമതി നിര്‍ത്തിവെക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്.
മോദി-ട്രംപ് ചര്‍ച്ച: മസ്കിന്റെ സാന്നിധ്യം നിഷേധിച്ച് കേന്ദ്രം
ടെസ്ല മേധാവി ഇലോണ്‍ മസ്ക്, മോദി-ട്രംപ് ചര്‍ച്ചയുടെ ഭാഗമായെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച് 24 ന് ഇറാന് യുദ്ധത്തെക്കുറിച്ച് ട്രംപും മോദിയും നടത്തിയ ടെലഫോണ്‍ ചര്‍ച്ചയില്‍ മസ്കും പങ്കാളിയാണെന്ന് ഒരു യുഎസ് മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രത്തലവന്മാര് നടത്തിയ ചര്‍ച്ചയില്‍ ഒരു സ്വകാര്യ വ്യവസായി ഭാഗമായെന്ന വിവരം വിവാദമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
ദക്ഷിണേന്ത്യ നയിക്കുമെന്ന് സിഐഐ
ഇന്ത്യ അഞ്ച് മുതല്‍ പത്ത് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള കുതിപ്പ് നടത്തുമ്പോള്‍ ദക്ഷിണേന്ത്യ അതിന് നേതൃത്വം നല്‍കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി. കൊച്ചിയില്‍ നടന്ന സിഐഐ ദക്ഷിണ മേഖലാ വാര്‍ഷിക സമ്മേളനത്തിലാണ് വ്യവസായ പ്രമുഖര്‍ ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് സിഐഐ ദക്ഷിണ മേഖലയുടെ ചെയര്‍മാനായി ചുമതലയേറ്റ പി രവിചന്ദ്രന്‍ പറഞ്ഞു. ഇന്ത്യയുടെ ആകെ ചരക്ക് കയറ്റുമതിയുടെ 38 മുതല്‍ 40 ശതമാനം വരെ ദക്ഷിണേന്ത്യയില്‍ നിന്നാണെന്ന് സ്ഥാനമൊഴിഞ്ഞ ചെയര്മാന് തോമസ് ജോണ്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി.




