ട്രംപ് ഉടക്കില്‍; ഇടിഞ്ഞ് വിപണികള്‍
രണ്ടാഴ്ചക്കകം കൂടുതല്‍ ശക്തിയോടെ ഇറാനെ പ്രഹരിക്കുമെന്നും ശിലായുഗത്തിലേക്ക് ഇറാനെ തള്ളിയിടുമെന്നുമുള്ള ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനയെ തുടര്‍ന്ന് ആഗോള തലത്തില്‍ ഓഹരി വിപണികളില്‍ ഇടിവ്. ദക്ഷിണ കൊറിയന്‍ വിപണിയായ കോസ്പി 4.67 ശതമാനവും ജപ്പാന് സൂചികയായ നിക്കെ 2.73 ശതമാനവും ഇടിഞ്ഞു.
തിരിച്ചടിച്ച് ഇന്ത്യന്‍ വിപണി; ഐടിയില്‍ റാലി
അതേസമയം 2.5 ശതമാനത്തോളം ഇടിഞ്ഞ ഇന്ത്യന്‍ ഓഹരി വിപണി ശക്തമായ തിരിച്ചുവരവ് നടത്തി. സെന്‍സെക്സ് 1900 പോയന്റ് തിരികെ പിടിച്ച് 185 പോയന്റ് നേട്ടത്തില്‍ 73,319 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 22,700 എന്ന നിര്‍ണായക ലെവല്‍ വീണ്ടെടുത്ത് 22,713 ലാണ് ക്ലോസ് ചെയ്തത്.
ഐടി ഓഹരികളുടെ ഗംഭീര പ്രകടനമായിരുന്നു ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തായത്. ഐടി സൂചിക 2.6% കുതിച്ചു. കോഫോര്‍ജ് 5% നേട്ടത്തോടെ ഐടി റാലിയെ നയിച്ചു. ടിസിഎസ് അടക്കം ഐടി വമ്പന്മാര്ക്ക് നാലാം പാദത്തില്‍ മികച്ച നേട്ടമുണ്ടാവുമെന്ന സൂചനയാണ് ഐടിക്ക് കരുത്ത് പകരുന്നത്. ഐടിക്ക് പുറമെ റിയല്‍റ്റി മേഖലയിലും ഇന്ന് മികച്ച മുന്നേറ്റം പ്രകടമായി. ഡിഎല്‍എഫ് 2.45 ശതമാനം മുന്നേറി.
ഹോര്‍മുസില്‍ ഇറാന്റെ പിരിവ്
ട്രംപിന് വെല്ലുവിളിയുയര്‍ത്തി ഇറാന് ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ പിരിവ് ആരംഭിച്ചു. കപ്പലുകളെല്ലാം ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് തടയുന്നുണ്ട്. ലാറക് ദ്വീപിലെ തുറമുഖത്ത് സജ്ജമാക്കിയിരിക്കുന്ന സംവിധാനമുപയോഗിച്ച് കപ്പലുകളില്‍ നിന്ന് പണം പിരിക്കുന്നുണ്ട്. ഇന്ത്യന്‍ കപ്പലുകളില്‍ നിന്ന് നിലവില്‍ ടോള്‍ ഈടാക്കാന്‍ തുടങ്ങിയിട്ടില്ല.
കുത്തനെ വീണ് സ്വര്‍ണം
ഇറാന് യുദ്ധം സംബന്ധിച്ച അനിശ്ചിതാവസ്ഥകളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4600 ഡോളറിന് താഴേക്ക് സ്വര്‍ണവില വീണു. കേരളത്തില്‍ ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,665 ല്‍ എത്തി. പവന് 2,920 രൂപ കുറഞ്ഞ് 1,09,240 രൂപയാണ് ഇന്നത്തെ വില. ട്രംപിന്റെ വിരട്ടലിന് ശേഷം സ്വര്
ണം, വെള്ളി ഇടിഎഫുകളും 4% ഇടിഞ്ഞു. എണ്ണവില ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം കുതിച്ചെങ്കിലും വൈകാതെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 106 ഡോളര്‍ വരെ മുന്നേറിയ ശേഷം 103 ഡോളര്‍ എന്ന നിലയിലാണ് ഇപ്പോള്‍.
ചരിത്ര നേട്ടത്തില്‍ രൂപ
രൂപയുടെ ഇടിവില്‍ ആര്‍ബിഐ ശക്തമായ ഇടപെടല്‍ നടത്തിയതോടെ 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തി രൂപ. 130 പൈസ നേട്ടത്തോടെയാണ് ഡോളറിനെതിരെ രൂപ വ്യാപാരം ആരംഭിച്ചത്. 1.85 മുന്നേറി 93.17 എന്ന നിലയില്‍ രൂപ കരുത്തുകാട്ടി. മാര്‍ച്ച് 30 ന് 95 എന്ന നില ഭേദിച്ചതോടെയാണ് ബാങ്കുകളുടെ ഓപ്പണ്‍ നെറ്റ് പൊസിഷന്‍ കുറച്ച് ആര്‍ബിഐ ഫോറെക്സ് വിപണിയില്‍ ഇടപെടല്‍ നടത്തിയത്.




