ടെസ്ലയുടെ 1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ കൂടി വാങ്ങി സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്. സെപ്റ്റംബര്‍ 12 നാണ് ഒരു ട്രസ്റ്റ് വഴി മസ്ക് പരോക്ഷമായി ഓഹരികള്‍ വാങ്ങിയത്. ഒരു ഓഹരിക്ക് 372.37 ഡോളറിനും 396.54 ഡോളറിനും ഇടയില്‍ നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
മസ്കിന്റെ വാങ്ങല്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ടെസ്ല ഓഹരികള്‍ 7.3 ശതമാനം വരെ കുതിച്ചുയര്‍ന്നു. കമ്പനിയില്‍ മസ്കിനുള്ള വിശ്വാസത്തിന്റെ പ്രതിഫലനമായാണ് നിക്ഷേപകര്‍ ഇതിനെ കാണുന്നത്. ഇതോടെ 2025 ല്‍ ഉണ്ടായ മൂല്യനഷ്ടം ടെസ്ല തിരികെ പിടിച്ചു. 2025 ഏപ്രിലില്‍ 220 ഡോളര്‍ വരെ താഴ്ന്ന ഓഹരിവില 410 ഡോളറിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.
ഇരട്ടിയായി മൂല്യം, പിന്നീട് തിരിച്ചടി
മസ്കിന്റെ അടുത്ത സുഹൃത്തായിരുന്ന ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടെ ഡിസംബറില്‍ ടെസ്ലയുടെ ഓഹരി മൂല്യം ഇരട്ടിയായി ഉയര്‍ന്ന് 480 ഡോളറിലെത്തിയിരുന്നു. ട്രംപിന്റെ നയങ്ങള്‍ ടെസ്ലയുടെ ഇവി, റോബോടാക്സി ബിസിനസുകള്‍ക്ക് വലിയ പിന്തുണയാകുമെന്ന വിലയിരുത്തലാണുണ്ടായിരുന്നത്. എന്നാല്‍ മസ്ക് ട്രംപിന്റെ കീഴില്‍ കാര്യക്ഷമതാ വകുപ്പിന്റെ മേധാവിത്തം ഏറ്റെടുത്തതോടെ ടെസ്ല തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങി.
ട്രംപിനു നേരെയുള്ള രോക്ഷം ഫലത്തില്‍ മസ്കും ടെസ്ലയും നേരിടേണ്ടി വന്നു. ഇവികളുടെ വില്‍പ്പനയില്‍ വന്‍ കുറവുണ്ടായി. ടെസ്ല കാറുകളും ഷോറൂമുകളും പ്രതിഷേധക്കാര്‍ ആക്രമിച്ചു. നയങ്ങളെ ചൊല്ലി മസ്കും ട്രംപും ഉടക്കിയതോടെ തിരിച്ചടി പൂര്‍ണമായി. ഇലക്ഷന് മുന്‍പത്തെ താഴ്ന്ന നിലയിലേക്ക് ടെസ്ല ഓഹരികള്‍ പതിച്ചു.
എതിരാളികള്‍ ശക്തരാകുന്നു
ആഗോള വിപണികളില്‍ പലതിലും ടെസ്ലക്ക് അടിപതറുകയുമാണ്. ലോകത്ത് ഏറ്റവുമധികം ഇവി കാറുകള്‍ നിര്‍മിക്കുന്ന കമ്പനിയെന്ന റെക്കോഡ് മസ്കിന്റെ കമ്പനിയില്‍ നിന്നും തട്ടിയെടുക്കാനൊരുങ്ങുകയാണ് ചൈനീസ് വമ്പനായ ബിവൈഡി. യുഎസില്‍ കാറുകള്‍ വിറ്റഴിക്കാതെയാണ് ബിവൈഡിയുടെ ഈ നേട്ടം. യൂറോപ്പടക്കം മറ്റ് വിപണികളില്‍ ടെസ്ലയെ ചൈനീസ് കമ്പനി കടത്തിവെട്ടിയെന്ന് സാരം.
മസ്കിന്റെ ശമ്പളം 1 ട്രില്യണ്‍ ഡോളര്‍?
ഇതിനിടെ, വിപണി മൂല്യവും പ്രകടനവുമായി ബന്ധപ്പെട്ട നാഴികക്കല്ലുകള്‍ നേടുകയാണെങ്കില്‍, മസ്കിന് 1 ട്രില്യണ്‍ ഡോളറിന്റെ ശമ്പള പാക്കേജ് ലഭിക്കുമെന്ന് ടെസ്ല ചെയര്‍പേഴ്സണ്‍ റോബിന് ഡെന്‍ഹോം വ്യക്തമാക്കിയിട്ടുണ്ട്. റോബോടാക്സി ബിസിനസ്സ് വികസിപ്പിക്കുക, 2 കോടി ഇവികള്‍ വില്‍ക്കുക, ടെസ്ലയുടെ വിപണി മൂല്യം ഉയര്‍ത്തുക എന്നിവയുള്‍പ്പെടെ ഈ ശമ്പളം പൂര്‍ണമായി ലഭിക്കാന്‍ അദ്ദേഹം ചില നാഴികക്കല്ലുകള്‍ കമ്പനിക്കായി എത്തിപ്പിടിക്കേണ്ടതുണ്ട്. ഇലോണ്‍ മസ്കിന് മാത്രമേ കമ്പനിയുടെ എഐ, റോബോട്ടിക്സ് എന്നിവയിലേക്കുള്ള പരിവര്‍ത്തനത്തിന് നേതൃത്വം നല്കാന് കഴിയുകയുള്ളെന്ന് ഡെന്‍ഹോം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘അദ്ദേഹം തലമുറകളുടെ നേതാവാണ്. അടുത്ത ദശകത്തില്‍ കമ്പനിയെ യഥാര്‍ത്ഥത്തില്‍ നയിക്കാന്‍ ഇലോണിനെപ്പോലെ മറ്റാരും ഇല്ല,’ ഡെന്‍ഹോം പറഞ്ഞു.
റോബോട്ടിക്സ്, എഐ, ഡ്രൈവറില്ലാ വാഹനങ്ങള്‍ എന്നിവയില്‍ ടെസ്ലയുടെ ഭാവിയെന്ന് മസ്ക് കരുതുന്നു. ലോകത്തെ പല പ്രധാന വിപണികളിലും ടെസ്ലയുടെ ഇവി കാറുകളുടെ വില്‍പ്പന കുറയുമ്പോള്‍, പകരം പുതിയ റോബോടാക്സി ബിസിനസ്സിലൂടെ നഷ്ടം തിരികെപ്പിടിക്കാനാണ് പ്രധാനമായും മസ്കിന്റെ നോട്ടം.




