ഇറാന് യുദ്ധം കനക്കുകയും ആഗോള തലത്തില്‍ അനിശ്ചിതാവസ്ഥകള്‍ രൂക്ഷമാവുകയും ചെയ്തതോടെ ഡോളറിനെതിരെ മറ്റ് കറന്‍സികളെല്ലാം കനത്ത ഇടിവാണ് നേരിടുന്നത്. ഇന്ത്യന്‍ രൂപയും ഈ പ്രഹരത്തില്‍ നിന്ന് രക്ഷപെട്ടിട്ടില്ല. 95 എന്ന ലെവലും ബ്രേക്ക് ചെയ്ത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലേക്ക് മാര്‍ച്ച് 30 ന് രൂപ വീണു. രൂപയുടെ വിനിമയ മൂല്യം നിയന്ത്രിക്കാനുള്ള അധികാരമുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ സാഹചര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ്. ആര്‍ബിഐയുടെ ‘എമര്‍ജന്‍സി പ്ലാന്‍’ 1997-ലെ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയിലും 2013-ലെ ‘ടേപ്പര്‍ ടാന്‍ട്രം’ കാലത്തും ഇന്ത്യന്‍ കറന്‍സിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചിരുന്നു.
2013 ലെ ‘ടേപ്പര്‍ ടാന്‍ട്രം’ പ്രതിസന്ധി
2013 ല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്, പലിശനിരക്കുകള്‍ കൂട്ടാന്‍ തുടങ്ങിയപ്പോള്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ പിന്‍വലിക്കാന്‍ തുടങ്ങി. സാമ്പത്തികമായി തകരാന്‍ സാധ്യതയുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയിലാണ് അന്ന് ഇന്ത്യയെ ഉള്‍പ്പെടുത്തിയത്. ബ്രസീല്‍, ഇന്തോനേഷ്യ, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രൂപയുടെ മൂല്യം 15 ശതമാനത്തോളം ഇടിഞ്ഞു! അന്ന് എഫ്സിഎന്‍ആര്‍ (ബി) അഥവാ ഫോറിന് കറന്‍സി നോണ്‍ റെസിഡന്റ് ബാങ്ക് എക്കൗണ്ടുകള്‍ക്കായി സ്വാപ്പ് വിന്‍ഡോ തുറക്കുകയാണ് ആര്‍ബിഐ ചെയ്തത്. പ്രവാസികള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളില്‍ ഡോളര്‍ നിക്ഷേപിക്കാന്‍ വന്‍ ആനുകൂല്യങ്ങള്‍ നല്കി. ഒറ്റരാത്രികൊണ്ട് 26 ബില്യണ്‍ ഡോളര്‍ ആണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. രൂപയെ വലിയൊരു ദുരന്തത്തില്‍ നിന്നാണ് അന്ന് ആ നീക്കം രക്ഷിച്ചത്. അതിനേക്കാള്‍ വലിയ തന്ത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നത്.
കരുത്തുറ്റ കരുതല്‍ ശേഖരം
അമേരിക്കയുടെ പുതിയ വ്യാപാര നയങ്ങളും ആഗോള പ്രതിസന്ധികളും കാരണം രൂപയുടെ മൂല്യം ഇപ്പോള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പക്ഷേ 2013-ല്‍ നിന്ന് വ്യത്യസ്തമായി ഇന്ന് നമ്മുടെ കയ്യില്‍ 700 ബില്യണ്‍ ഡോളറിനടുത്ത് വിദേശ നാണയ ശേഖരമുണ്ട്! രൂപയെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ കുറച്ചുകാലത്തിനിടെ വലിയ തുകയാണ് ആര്‍ബിഐ ഈ കരുതല്‍ ശേഖരത്തില്‍ നിന്ന് വിപണിയിലിറക്കിയത്. രൂപയുടെ മൂല്യം ഒരു പരിധിക്കപ്പുറം ഇടിയാതിരിക്കാനുള്ള സജീവമായ ഇടപെടലാണ് ആര്‍ബിഐ നടത്തുന്നത്.
1997 ലെ പ്രതിസന്ധി പഠിപ്പിച്ച പാഠം
ലിക്വിഡിറ്റിയാണ് രാജാവെന്ന് 1997-ലെ പ്രതിസന്ധി ആര്‍ബിഐയെ പഠിപ്പിച്ചു. നിലവിലെ ആര്‍ബിഐയുടെ പ്ലാനില്‍ അതിനാല്‍ പ്രധാനമായും മൂന്ന് കാര്യങ്ങളുണ്ട്. ഓയില്‍ വിന്‍ഡോ, പെട്രോളിയം കമ്പനികള്‍ക്ക് ഡോളര്‍ നേരിട്ട് നല്കുന്നു. അതുകൊണ്ട് അവര്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് ഡോളര്‍ വാങ്ങില്ല, രൂപയുടെ മൂല്യം ഇടിയുകയുമില്ല. രണ്ടാമത്തേത്, ഡോളറിനേക്കാള്‍ രൂപ കൈവശം വയ്ക്കാന്‍ ആകര്‍ഷകമായ രീതിയില്‍ പലിശ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നു. മൂന്നാമതായി സ്വര്‍ണ്ണത്തിന്റെ മേലുള്ള നിയന്ത്രണം. ഡോളര്‍ അമിതമായി വിദേശത്തേക്ക് പോകാതിരിക്കാന്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടുന്നു.
രൂപയുടെ കാര്യത്തില്‍ അമിത ആശങ്ക വേണ്ടെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. 2013-ലേതിനേക്കാള്‍ ശക്തമാണ് ഇന്നത്തെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ. പക്ഷേ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെയും മറ്റും വില കുറച്ച് കൂടിയേക്കാമെന്ന് മാത്രം.




