അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫ് വര്‍ഷം മുഴുവന്‍ തുടരുന്ന ഏറ്റവും മോശം സ്ഥിതിയില്‍ 2025-26 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി അനുമാനം നിലവിലെ 6.2 ശതമാനത്തില്‍ നിന്നും 5.8 ശതമാനമാക്കി വെട്ടിക്കുറച്ച് ആഗോള സാമ്പത്തിക സേവന കമ്പനിയായ നൊമുറ. അതേസമയം പിഴച്ചുങ്കം മൂന്നുമാസത്തേക്ക് മാത്രമാണെങ്കില്‍ ജിഡിപി 6 ശതമാനമായിരിക്കുമെന്നും നൊമുറ അനുമാനിക്കുന്നു.
പകരച്ചുങ്കം ഈ സാമ്പത്തികവര്‍ഷം മുഴുവന്‍ 25 ശതമാനമായി നിലനില്‍ക്കുമെന്നാണ് നൊമുറ കണക്കുകൂട്ടുന്നത്. അതേസമയം പിഴച്ചുങ്കമായി ഏര്‍പ്പെടുത്തിയ 25 ശതമാനം നവംബറിന് ശേഷം പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കയറ്റുമതി ദുര്‍ബലപ്പെടുന്നതും തൊഴില്‍വിപണിയിലെയും നിക്ഷേപങ്ങളിലെയും സാഹചര്യവും കാരണം ഈ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച നിരക്ക് 6.2 ശതമാനമെന്ന അനുമാനത്തില്‍ നിന്നും 6 ശതമാനത്തിലേക്ക് താഴ്ത്തിയതായി നൊമുറയുടെ ഇന്ത്യയിലെ മുഖ്യ സാമ്പത്തികവിദഗ്ധന്‍ സൊനാല്‍ വര്‍മ്മ കഴിഞ്ഞിടെ പുറത്തിറങ്ങിയ കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, ഈ സാമ്പത്തിക വര്‍ഷത്തെ ഉപഭോക്തൃ വില സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനം നൊമുറ 2.7 ശതമാനത്തില്‍ നിലനിര്‍ത്തി. ജിഎസ് ടി സ്ലാബുകളില്‍ വരുത്താനിടയുള്ള മാറ്റവും ഡിമാന്‍ഡിലെ ഇടിവും മുന്‍നിര്‍ത്തിയാണിത്. കറന്റ് അക്കൗണ്ട കമ്മി അനുമാനം ജിഡിപിയുടെ 0.8 ശതമാനത്തില്‍ നിന്നും 1 ശതമാനമായി കൂട്ടി.
അമേരിക്കയുടെ താരിഫ് വര്‍ധനയുടെ സാഹചര്യത്തില്‍ കയറ്റുമതിക്കാരെ ലക്ഷ്യമിട്ടുള്ള ധനസഹായ പാക്കേജുകള്‍ ഉണ്ടായേക്കുമെന്ന് നൊമുറ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ജിഡിപിയുടെ 0.1 ശതമാനത്തില്‍ താഴെയായിരിക്കും. ധന കമ്മി ജിഡിപിയുടെ 4.4 ശതമാനമായിരിക്കുമെന്നും നൊമുറ കണക്കുകൂട്ടുന്നു. ഒക്ടോബറിലും ഡിസംബറിലും റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവുണ്ടായേക്കാമെന്നും നൊമുറ അനുമാനിക്കുന്നു.
താരിഫ് വര്‍ധനയുടെ ആഘാതം
അമേരിക്കയുടെ 50 ശതമാനം താരിഫ് മൂന്ന് രീതിയില്‍ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് നൊമുറ കണക്കുകൂട്ടുന്നത്. ഒന്നാമതായി അവ ടെക്സ്റ്റൈല്‍സ്, ആഭരണം, രത്നം, വീട്ടുപകരണങ്ങള്‍, മത്സ്യവിഭവങ്ങള്‍ എന്നീ മേഖലകളിലെ കയറ്റുമതി ഓര്‍ഡറുകളില്‍ നേരിട്ട് പ്രതിഫലിക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുക.
രണ്ടാമതായി, കയറ്റുമതി ദുര്‍ബലപ്പെടുന്നത് തൊഴില്‍വിപണിയെ ബാധിക്കും. ടെക്സ്റ്റൈല്‍സ്, ചെരുപ്പ്, ലോഹം, രാസവസ്തുക്കള്‍, ആഭരണങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളില്‍ ആളുകള്‍ക്ക് ജോലികള്‍ നഷ്ടപ്പെടാനിടയുണ്ട്. ഏതാണ്ട് 21 ദശലക്ഷം ആളുകള്‍ ഈ മേഖലകളിലായി ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒടുവിലായി, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ ബിസിനസ് ആത്മവിശ്വാസം കുറയുമെന്നും നൊമുറ റിപ്പോര്‍ട്ടില്‍ പറയുന്നു.