2025 അവസാനത്തോടെ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച സെമികണ്ടക്റ്റര്‍ ചിപ്പുകള്‍ വിപണിയിലുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ സെമികണ്ടക്ടര്‍ ഫാക്ടറികള്‍ ഉയര്‍ന്നു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെയ്ഡ് ഇന്‍ ഇന്ത്യ 6ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയ്ക്ക് 50-60 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെമികണ്ടക്ടര്‍ നിര്‍മ്മാണം ആരംഭിക്കാമായിരുന്നെന്നും പക്ഷേ പതിറ്റാണ്ടുകളായി ആ അവസരം നഷ്ടപ്പെടുത്തിയെന്നും മോദി ചൂണ്ടിക്കാട്ടി. സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള ചുവടുവയ്പ്പായി പുതിയ ഫാക്ടറികള്‍ സ്ഥാപിക്കപ്പെടുകയും ചിപ്പ് ഉത്പാദനം ആരംഭിക്കാന്‍ പോകുകയുമാണ്. ഇപ്പോള്‍ സാഹചര്യം മാറിയെന്നും അദ്ദേഹം പറഞ്ഞു.
‘മെയ്ഡ് ഇന്‍ ഇന്ത്യ 6ജിക്കായി ഞങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ സെമികണ്ടക്ടര്‍ നിര്‍മ്മാണം 50-60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിക്കാമായിരുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ ആ അവസരം നഷ്ടപ്പെടുത്തി. ഇന്ന് നമ്മള് ഈ സാഹചര്യം മാറ്റി. സെമികണ്ടക്ടറുമായി ബന്ധപ്പെട്ട ഫാക്ടറികള്‍ ഇന്ത്യയില്‍ വരാന്‍ തുടങ്ങി. ഈ വര്‍ഷം അവസാനത്തോടെ, ആദ്യത്തെ മെയ്ഡ് ഇന്‍ ഇന്ത്യ ചിപ്പ് വിപണിയില്‍ വരും.’ പ്രധാനമന്ത്രി മോദി ദി ഇക്കണോമിക് ടൈംസ് വേള്‍ഡ് ലീഡേഴ്സ് ഫോറത്തില്‍ പങ്കെടുത്ത് പറഞ്ഞു.
നൂറില്‍ അധികം രാജ്യങ്ങളിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ‘പരിഷ്കാരം, പ്രകടനം, പരിവര്‍ത്തനം എന്ന മന്ത്രം പിന്തുടരുന്ന ഇന്ത്യ ഇന്ന് ലോകത്തെ മന്ദഗതിയിലുള്ള വളര്‍ച്ചാ നിരക്കില്‍ നിന്ന് കരകയറ്റാന്‍ പ്രാപ്തമാക്കിയിരിക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ തീരത്ത് ഇരുന്ന് കല്ലുകള്‍ എറിയുന്ന ആളുകളല്ല നമ്മള്. വേഗത്തില്‍ ഒഴുകുന്ന അരുവി തിരിച്ചുവിടാന്‍ കഴിയുന്ന ആളുകളാണ് നമ്മള്…’ അദ്ദേഹം പറഞ്ഞു.




