രണ്ടാഴ്ചത്തെ രാത്രിക്ക് ശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചതോടെ ഉറക്കിടത്തിയ പ്രഗ്യാന്‍ റോവറിനെയും വിക്രം ലാന്‍ഡറിനെയും വീണ്ടും ഉണര്‍ത്താനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ. വെള്ളിയാഴ്ച ഇതിനുള്ള ശ്രമം നടത്തിയെങ്കിലും കുംഭകര്‍ണ നിദ്രയിലായിരുന്നു വിക്രമും പ്രഗ്യാനും. സിഗ്നലുകളോടൊന്നും പ്രതികരിച്ചില്ല.
ശനിയാഴ്ച ലാന്‍ഡറിനെയും റോവറിനെയും ഉണര്‍ത്താനും പരീക്ഷണങ്ങള്‍ സൂര്യപ്രകാശമുള്ള അടുത്ത 10 ദിവസത്തേക്ക് കൂടി തുടരാനും ഐഎസ്ആര്‍ഒ ശ്രമിക്കും. -140 മുതല്‍ -200 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ രാത്രി താപനില. ഇത് അതിജീവിക്കാന്‍ സാധാരണ പ്ലാസ്റ്റിക്, ലോഹ, ഇലക്ട്രോണിക്സ് വസ്തുക്കള്‍ക്കൊന്നും സാധിക്കില്ല. വളരെ താഴ്ന്ന താപനിലയെ അതിജീവിക്കാനാന്‍ ശേഷിയുള്ള ഘടകങ്ങള്‍ കൊണ്ടാണ് റോവറും ലാന്‍ഡറും ഐഎസ്ആര്‍ഒ നിര്‍മിച്ചിരിക്കുന്നത്.
എന്നിരുന്നാലും ഇത്തരം ദുര്‍ഘട താപനിലയെ അതിജീവിച്ച് റോവറും ലാന്‍ഡറും പ്രവര്‍ത്തനം പുനരാരംഭിച്ചാല്‍ ഐഎസ്ആര്‍ഒയെ സംബന്ധിച്ച് അത് വന്‍ ബോണസാകും. ഇന്ത്യ ഉദ്ദേശിച്ച പരീക്ഷണങ്ങളെല്ലാം ചന്ദ്രയാന്‍-3 പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചന്ദ്രനില്‍ ഓക്സിജന്റെയും വിവിധ ലോഹങ്ങളുടെയും മറ്റും സാന്നിധ്യം സ്ഥിരീകരിച്ചു. ഇനി വെള്ളമുണ്ടെയെന്ന് മാത്രമാണ് അറിയേണ്ടത്.
റോവറിനെയും ലാന്‍ഡറിനെയും ഉണര്ത്താനായാല് 6 മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി പരീക്ഷണ നിരീക്ഷണങ്ങള്‍ തുടര്‍ന്നു പോകാനാവുമെന്നും ചന്ദ്രനെ സംബന്ധിച്ച ഏറെ നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കാനാവുമെന്നും ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നു. ഇനി അഥവാ റോവറിനെയും ലാന്‍ഡറിനെയും ഉണര്‍ത്താനായില്ലെങ്കില്‍ എന്തു ചെയ്യും? അതും ദൗത്യത്തെ സംബന്ധിച്ച് നഷ്ടമാവില്ല. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമായി, സ്ഥിരം അംബാസഡറായി, അഭിമാന ശേഷിപ്പായി കാലകാലങ്ങളിലേക്ക് ചന്ദ്രയാന്‍ അവിടെ നിലനില്ക്കും.