ഇന്ത്യ, ചൈന, റഷ്യ ഉള്‍പ്പടെയുള്ള സൗഹൃദ രാഷ്ട്രങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചാരാനുമതി നല്കി ഇറാന്. ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ച്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖ്, പാക്കിസ്ഥാന് എന്നിവരും ഇറാന്റെ സൗഹൃദപ്പട്ടികയിലുണ്ട്. അറഹ്ച്ചിയുടെ പ്രസ്താവന ബുധനാഴ്ച വൈകുന്നേരം മുംബൈയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇറാന് ഇക്കാര്യം സാമൂഹ്യമാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തു.
ഫെബ്രുവരി 28-ന് ഇറാനും അമേരിക്ക-ഇസ്രയേല്‍ സംഖ്യവും തമ്മില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും നിരവധി തവണ ഇറാനിയന്‍ ഉന്നത നേതാക്കളുമായും പ്രധാനമന്ത്രിയുമായും ബന്ധപ്പെട്ടിരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ സുഗമമായ കപ്പല്‍മാര്‍ഗ്ഗമുള്ള ഇന്ധന, വള ചരക്കുഗതാഗതം സാധ്യമാക്കണമെന്നും ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. യുഎസ്, ഇസ്രയേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന് ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും കപ്പല്‍ ഗതാഗതം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
ഹോര്‍മുസില്‍ ഇറാന്റെ പ്രതിരോധം ഇല്ലാതാക്കാന്‍ അമേരിക്ക സഖ്യകക്ഷികളുടേത് അടക്കം പിന്തുണയും നാവിക നീക്കവും നേടിയിരുന്നു. ഇറാനുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും യുദ്ധം അവസാനിച്ചേക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പലതവണ പ്രഖ്യാപിച്ചെങ്കിലും ഇറാന് അവയൊന്നും അംഗീകരിച്ചിരുന്നില്ല. തങ്ങളുടേതായ സമയവും ഉപാധികളും അനുസരിച്ച് മാത്രമേ യുദ്ധം അവസാനിക്കുകയുള്ളുവെന്ന് ഇറാന് ബുധനാഴ്ചയും വ്യക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ പരമാധികാരം ഉള്‍പ്പടെയുള്ള ഉപാധികളാണ് ഇറാന് മുന്നോട്ടുവെച്ചിട്ടുള്ളത്.
വെടിനിര്‍ത്തലിന് 15 പോയിന്റുകളുള്ള പദ്ധതിയാണ് അമേരിക്ക ഇറാന് മുമ്പില്‍ അവതരിപ്പിച്ചിട്ടുള്ളത്. പാക്കിസ്ഥാന്റെ മധ്യസ്ഥതയിലാണ് നിലവില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്.
ഇതിനിടെ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടക്കാന്‍ കപ്പലുകള്‍ക്ക് നിശ്ചിത ഫീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് ബില്‍ ഇറാന് പാര്‍ലമെന്റ് തയ്യാറാക്കുന്നുണ്ടെന്നാണ് വിവരം.




