ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഡെഡ് ഇക്കോണമി എന്ന് പരാമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ജിഡിപി വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ നിരക്കി മറുപടി നല്കി കേന്ദ്ര കൃഷിമന്ത്രി ശിവരാജ് ചൗഹാന്. പുതിയ ജിഡിപി കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യയുടേത് ദീര്‍ഘായുസ്സുള്ള സമ്പദ് വ്യവസ്ഥയാണെന്ന് ശിവരാജ് ചൗഹാന് പറഞ്ഞു. വികസിത, സ്വാശ്രയ രാഷ്ട്രമാകാനുള്ള പാതയിലാണ് രാജ്യമെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ രാജ്യം 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയതായി വ്യക്തമായിരുന്നു. കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നിരക്കാണിത്. പക്ഷേ അമേരിക്കയുടെ പുതുക്കിയ താരിഫ് ഘടന നിലവില്‍ വരുന്നതിന് മുമ്പാണിതെന്നുള്ളത് ശ്രദ്ധേയമാണ്.
കാര്‍ഷിക മേഖലയുടെ പങ്കാളിത്തമാണ് വളര്‍ച്ചയ്ക്ക് പ്രധാനമായും നേട്ടമായത്.
‘ഡെഡ് ഇക്കോണമി എന്ന് വിശേഷിപ്പിക്കുന്നവര്‍ ഇപ്പോള്‍ ഇന്ത്യ ദീര്‍ഘായുസ്സുള്ള സമ്പദ് വ്യവസ്ഥയാണെന്ന് മനസ്സിലാക്കണം, വികസിത, പൂര്‍ണ്ണമായും സ്വാശ്രയത്വമുള്ള ഇന്ത്യയെന്ന സ്വപ്നത്തിലേക്കുള്ള പാതയിലാണ് രാജ്യം’- ശിവരാജ് ചൗഹാന് തന്റെ X അക്കൗണ്ടില്‍ കുറിച്ചു. ഇന്ത്യന്‍ കര്‍ഷകരുടെ വിയര്‍പ്പും ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും 140 കോടി ഇന്ത്യക്കാരും അവരുടെ ശേഷി തെളിയിച്ചുവെന്നും ചൗഹാന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന്റെ കീഴില്‍ വികസിത രാജ്യമാകാനുള്ള ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ചൗഹാന് കൂട്ടിച്ചേര്‍ത്തു.