പശ്ചിമേഷ്യന്‍ യുദ്ധം ലോകമൊട്ടാകെ ഊര്‍ജ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നും ഒരു രാജ്യത്തിനും അതിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നും അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി തലവന്‍ ഫത്തീഹ് ബിറോള്. വലിയൊരു പ്രതിസന്ധിയിലേക്കാണ് യുദ്ധം ലോകത്തെ തള്ളിവിട്ടിരിക്കുന്നതെന്ന് ഓസ്ട്രേലിയയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിറോള് പറഞ്ഞു. നിലവിലെ ഊര്‍ജ പ്രതിസന്ധിയെ 1970കളിലെ ഊര്‍ജ പ്രതിസന്ധിയുമായും 2022-ല്‍ യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശവുമായാണ് ബിറോള് താരതമ്യം ചെയ്തതത്.
നിലവിലെ സാഹചര്യം അവിചാരിതമായ ഒരു എണ്ണ, വാതക, വിതരണ പ്രതിസന്ധിയിലേക്കാണ് എത്തിയിരിക്കുന്നത്. പലമടങ്ങ് പ്രതിസന്ധിയുണ്ടാകുന്ന ഫലമാണ് അതുമൂലം ഉണ്ടാകുക. രണ്ട് ഇന്ധന പ്രതിസന്ധികളും ഒരു വാതക പ്രതിസന്ധിയും ഒന്നിച്ചുചേരുന്ന അവസ്ഥ. 1970കളിലെയും 2022ലെ യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെയും സാഹചര്യവുമായാണ് ബ്രിട്ടോള്‍ നിലവിലെ ഇന്ധന, വാതക പ്രതിസന്ധിയെ താരതമ്യം ചെയ്തത്. ആഗോള സമ്പദ് വ്യവസ്ഥ വലിയൊരു ഭീഷണിയാണ് ഇപ്പോള്‍ നേരിടുന്നത്, ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ബിറോള് പറഞ്ഞു.
ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ നിലവിലെ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു രാജ്യത്തിനും സാധിക്കില്ല. അതുകൊണ്ട് ആഗോളതലത്തില്‍ ഒരു പ്രയത്നമാണ് ഇതിനെതിരെ വേണ്ടതെന്നും ബിറോള് കൂട്ടിച്ചേര്‍ത്തു. ഇതിനകം തന്നെ ഈ യുദ്ധത്തില്‍ ഊര്‍ജ സംവിധാനങ്ങള്‍ക്ക് നാശമുണ്ടായിട്ടുണ്ട്. മേഖലയിലെ ഒമ്പത് രാജ്യങ്ങളിലായി കുറഞ്ഞത് 40 ശതമാനം ഇന്ധന സംവിധാനങ്ങള്‍ക്ക് സാരമായ നാശനഷ്ടം സംഭവിച്ചു.
ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതോടെ ഈ പ്രതിസന്ധി രൂക്ഷമായി. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഇതുവഴിയാണ്. യുദ്ധാം നാലാം ആഴ്ചയിലേക്ക് കടന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമായി, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇറാനും പരസ്പരം ഭീഷണികള്‍ മുഴക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിന് അയവുണ്ടാകുന്നതിന് ഹോര്‍മുസ് കടലിടുക്ക് തുറക്കുക എന്നതാണ് ഏറ്റവും നിര്‍ണ്ണായക നടപടിയെന്ന് ബിറോള് നിരീക്ഷിച്ചു. ഏഷ്യയില്‍ ഇന്ധനക്ഷാമം ഉണ്ടാകുന്നത് വലിയൊരു പ്രതിസന്ധിയാണ്. എണ്ണവിപണിയില്‍ ഈ പ്രതിസന്ധികളെല്ലാം പ്രതിഫലിക്കുന്നുണ്ട്. ക്രൂഡിന് ബാരലിന് 100 ഡോളറില്‍ വിലയെത്തി. എണ്ണവില ഇനിയും കൂടിയാല്‍ വിപണിയിലേക്ക് എണ്ണ ഒഴുക്കാന്‍ പ്രത്യേകം ക്രൂഡ് ഉണ്ടായിരിക്കില്ലെന്നും ബിറോള് സൂചന നല്കി.
അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി ലോകമെമ്പാടുമുള്ള ഭരണകൂടങ്ങളുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും ആവശ്യം വന്നാല്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണവിട്ടുനല്കാന് തയ്യാറാണെന്നും ബിറോള് പറഞ്ഞു.
അടുത്ത 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്നാണ് ഡോണള്‍ഡ് ട്രംപ് ഇറാനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇറാനിലെ ഊര്‍ജ പ്ലാന്റുകള്‍ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം ഈര്‍ജ നിലയങ്ങളില്‍ ഏതെങ്കില് രീതിയിലുള്ള ആക്രമണമുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെനവ്ന് ഇറാനും മറുപടി നല്‍കിയിട്ടുണ്ട്.
ഇതിനിടെ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇറാന് കപ്പലുകളില്‍ നിന്ന് 2 ദശലക്ഷം ഡോളര്‍ ഈടാക്കുമെന്ന വാര്‍ത്ത ഇറാന് തള്ളി.




