റെക്കോഡുകള്‍ പുതുക്കി കുതിപ്പ് തുടരുകയാണ് സ്വര്‍ണവില. ശനിയാഴ്ച കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 82,240 എന്ന പുതിയ ഉയരത്തില്‍ സ്വര്‍ണം എത്തി. പവന് 600 രൂപയാണ് ഉയര്‍ന്നത്. സെപ്റ്റംബര്‍ 16 ന് സ്ഥാപിച്ച 82,080 രൂപയെന്ന റെക്കോഡ് ഇതോടെ പഴങ്കഥയായി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 10,280 രൂപയിലുമെത്തി.
അതേസമയം ദേശീയ തലസ്ഥാനത്ത് 22 കാരറ്റ് തോല ബാറിന് (10 ഗ്രാം) 1,02,950 എന്ന റെക്കോഡ് വിലയിലേക്കും സ്വര്‍ണം എത്തി. ഗ്രാമിന് 10,295 രൂപയാണ് ഡെല്‍ഹിയിലെ വില. മുംബൈയില്‍ തോല ബാറിന് 1,02,800 രൂപയാണ് സ്വര്‍ണവില.
ആഗോള കുതിപ്പ്
അന്താരാഷ്ട്ര വിപണിയിലെ കുതിപ്പാണ് ഇന്ത്യയിലും സ്വര്‍ണവില ഉയര്‍ത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 40.74 ഡോളര്‍ ഉയര്‍ന്ന് 3684.75 ഡോളറിലേക്ക് സ്വര്‍ണവില എത്തി. 3633 ഡോളര്‍ വരെ താഴ്ന്ന ശേഷമാണ് ഈ കുതിപ്പ്. പലിശ നിരക്ക് കുറയ്ക്കാനുള്ള യുഎസ് ഫെഡ് തീരുമാനത്തിന് ശേഷം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറുന്നതാണ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നതിന് പ്രധാന കാരണം.
ഉല്‍സവ സീസണ്
ഇന്ത്യയിലെ സാഹചര്യം പരിശോധിച്ചാല്‍ ദസറയും ദിവാലിയും ധന്തേരാസുമടക്കം ഏറ്റവും വലിയ ഉല്‍സവ സീസണാണ് തൊട്ടരികെയുള്ളത്. ഈ ഉല്‍സവകാലത്ത് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയെന്ന് ഇന്ത്യന്‍ കുടുംബങ്ങളുടെ ശീലമാണ്. ഈ സാഹചര്യം സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് സ്വര്‍ണ ഇറക്കുമതിയെ കൂടുതല്‍ ചെലവേറിയതാക്കിയിട്ടുണ്ട്.
1.25 ലക്ഷം സാധ്യമെന്ന് ഐസിഐസിഐ
സ്വര്‍ണത്തിന്റെ റെക്കോഡ് കുതിപ്പിന് ഉടനെയൊന്നും ശമനമുണ്ടാകില്ലെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. 2026 പകുതിയോടെ 10 ഗ്രാം തോല ബാറിന് 1,10,000- 1,25,000 രൂപ വരെ എത്താമെന്ന് ഐസിഐസിഐ ബാങ്കിന്റെ സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. 2025 ല്‍ ഇതുവരെ 33% മുന്നേറ്റമാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.