വ്യോമയാന രംഗത്ത് സംശുദ്ധ ഊര്‍ജത്തിന്റെ ഉപയോഗമെന്ന സ്വപ്നത്തിന് ചിറകുകള് നല്കി ലോകത്താദ്യമായി ഒരു ഇല്ക്ട്രിക് വിമാനം യാത്രക്കാരെയും വഹിച്ച് വിജയകരമായി സര്‍വീസ് പൂര്‍ത്തിയാക്കി. യുഎസിലെ ന്യൂയോര്‍ക്കിലെ ഈസ്റ്റ് ഹാംപ്ടണ്‍ മുതല്‍ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ട് വരെയുള്ള 130 കിലോമീറ്റര്‍ ദൂരമാണ് ബീറ്റ ടെക്നോളജീസ് നിര്‍മിച്ച പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനമായ ആലിയ സിഎക്സ് 300 പറന്നത്. അര മണിക്കൂറാണ് ചരിത്രത്തിലേക്കുള്ള ഈ പറക്കലിന് വേണ്ടിവന്നത്.
കുറഞ്ഞ ചെലവ്
നാല് യാത്രക്കാരെയും കൊണ്ടാണ് ആലിയ സിഎക്സ് 300 പറന്നത്. വെറും 694 രൂപയാണ് (8 ഡോളര്‍) ഈ ട്രിപ്പിന് ചെലവായ വൈദ്യുതിയുടെ മൂല്യം. ഇതേ യാത്രക്ക് ഏവിയേഷന്‍ ഫ്യൂവല്‍ ഉപയോഗിക്കുന്ന ഒരു വിമാനത്തിന് ഇന്ധനച്ചെലവില്‍ 13,000 രൂപ (160 ഡോളര്‍) ചെലവ് വരും. കുറഞ്ഞ ഇന്ധന ചെലവ് ഭാവിയിലെ വിമാന യാത്രകളെ വിപ്ലവകരമാക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. ഇന്ധന ചെലവിലെ ലാഭത്തിനൊപ്പം അന്തരീക്ഷ മലിനീകരണമെന്ന പ്രശ്നത്തിനും മികച്ച പരിഹാരമാകും വൈദ്യുത വിമാനങ്ങള്‍.
ശബ്ദമില്ലാത്ത സുഖസൗകര്യങ്ങള്‍
എഞ്ചിനില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ശബ്ദമലിനീകരണം വളരെ കുറവാണ്. ശാന്തമായ യാത്ര ആസ്വദിക്കാന്‍ ഇത് യാത്രക്കാരെ സഹായിക്കും. പരമ്പരാഗത വിമാനങ്ങളുടെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന റോട്ടറുകളും എഞ്ചിനുകളും യാത്രയില്‍ പലപ്പോഴും അലോസരം ഉണ്ടാക്കാറുണ്ട്. എയര്‍ ടാക്സികള്‍ക്കും ബിസിനസ്സ് യാത്രകള്‍ക്കും അതിനാല്‍ വൈദ്യുത വിമാനങ്ങള്‍ ഉത്തമമാണ്.
ബീറ്റ ടെക്നോളജീസ്
2017 ല്‍ യുഎസിലെ വെര്‍മോണ്ട് ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ബീറ്റ ടെക്നോളജീസ് വൈദ്യുതി വിമാന നിര്‍മാണ രംഗത്തെ മികച്ച കമ്പനിയായി ഉയര്‍ന്നു വന്നിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ 250 നോട്ടിക്കല്‍ മൈല്‍ (463 കിലോമീറ്റര്‍) വരെ പറക്കുന്ന തരത്തിലാണ് സിഎക്സ്300, കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചെറിയ പ്രാദേശിക യാത്രകള്‍ക്ക് പ്രായോഗികവും പരിസ്ഥിതി സൗഹൃദപരവുമായ ഒരു ബദലായി വിമാനത്തെ വിലയിരുത്താം.