അമേരിക്കന്‍ ഡോളറിന്റെ കരുത്ത് കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധന. ഇതോടെ വിപണിയില്‍ ശക്തമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സ്വര്‍ണം ഔണ്‍സിന് 3,335 ഡോളര്‍ എന്ന നിലയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. സ്വര്‍ണത്തിനൊപ്പം വെള്ളി വിലയിലും ഇന്ന് കാര്യമായ വര്‍ധനയുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ മാറ്റം പ്രതിഫലിച്ചിട്ടില്ല. അതിനാല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 9,070 രൂപയും പവന് 72,560 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,440 രൂപയെന്ന നിലയിലാണ്. വെള്ളി ഗ്രാമിന് 116 രൂപയെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം.
ഡോളറില്‍ വന്‍ ഇടിവ് കൂടാതെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് മാര്‍ച്ച് 22ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറയുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ കഴിയും.
അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയും യു.എസ് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഡാറ്റയുമാണ് ഡോളറിന്റെ വിലയിടിച്ചത്. ഇതിനൊപ്പം നാറ്റോയുടെ പ്രതിരോധ ബജറ്റ് വര്‍ധിച്ചതും റഷ്യ-യുക്രെയിന് യുദ്ധവും സ്വര്‍ണ വിലയെ മുന്നോട്ടുനയിച്ചെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 72,560 രൂപയാണ് കേരളത്തില്‍ വിലയെങ്കിലും ഇതേതൂക്കത്തിലുള്ള ആഭരണം വാങ്ങാന്‍ ഇതിലുമേറെ നല്‍കണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ സഹിതം 78,527 രൂപയെങ്കിലും വേണം.