ഖത്തറിലെ അമേരിക്കന്‍ സൈനിക ബേസുകളിലേക്ക് ഇറാന് ആക്രമണം നടത്തിയിട്ടും എണ്ണവില കുതിച്ചില്ല. പകരം വലിയ തോതില്‍ ഇടിയുകയും ചെയ്തു. യു.എസിനെതിരേ പ്രതികാരം ചെയ്യാന്‍ തിരിച്ചടിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇറാന് ഖത്തറിലെ ക്യാംപ് ആക്രമിച്ചതെന്നാണ് വിലയിരുത്തല്‍. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ സമാധാനത്തിനായി സന്ധി ചെയ്യാന്‍ തങ്ങള്‍ തയാറാണെന്ന ഇറാന് വിദേശകാര്യ മന്ത്രിയുടെ പ്രതികരണവും സമാധാനം പുലരുമെന്ന സൂചനയായാണ് ഇത് കരുതപ്പെടുന്നത്.
ഹോര്‍മൂസിലും ആശ്വാസം രാജ്യാന്തര എണ്ണ വിതരണത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാന് ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന് പാര്‍ലമെന്റും ഇതിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഹോര്‍മൂസ് പാതയില്‍ തടസം സൃഷ്ടിക്കാന്‍ ഇറാന് ശ്രമിച്ചിട്ടില്ല. ഇത്തരത്തില്‍ നീക്കം നടത്തരുതെന്ന് സൗഹൃദ രാഷ്ട്രമായ ചൈനയുടെ മുന്നറിയിപ്പും ഇറാനെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചെന്ന് സൂചനയുണ്ട്.
ബ്രെന്റ് ക്രൂഡിന്റെ വില ഇന്ന് 69 ഡോളറിലാണ്. ഇന്നലെ 80 ഡോളറിന് അടുത്തെത്തിയ ശേഷമാണ് നാടകീയമായി വില ഇടിഞ്ഞത്. മര്‍ബന്‍ ക്രൂഡ് 70 ഡോളറിലാണ്. പ്രകൃതിവാതക വിലയിലും ഇടിവുണ്ട്. ആഗോള തലത്തില്‍ ആവശ്യത്തിലധികം എണ്ണ വിപണിയിലേക്ക് എത്തുന്നതും ആവശ്യകത ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കുറഞ്ഞു നില്ക്കുന്നതും വില വലിയ തോതില്‍ ഉയരാത്തതിന് കാരണമാണ്.