ഇന്ത്യന്‍ ബിസിനസുകളെ ചൈനയില്‍ നിക്ഷേപിക്കാനും ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനും ക്ഷണിച്ച് ന്യൂഡെല്‍ഹിയിലെ ചെനീസ് അംബാസഡര്‍ സു ഫെയ്ഹോംഗ്. ചൈനീസ് ബിസിനസുകള്‍ക്ക് ഇന്ത്യയിലും ന്യായമായ ബിസിനസ് അന്തരീക്ഷം ഒരുക്കണമെന്നും ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
‘കൂടുതല്‍ ഇന്ത്യന്‍ കമ്പനികളെ അവരുടെ ഉല്പന്നങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനും ചൈനയില്‍ നിക്ഷേപിക്കുന്നതിനും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ചൈനീസ് സംരംഭങ്ങള്‍ക്ക് ന്യായവും വിവേചനരഹിതവുമായ ഒരു ബിസിനസ് അന്തരീക്ഷം ഒരുക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ഫെയ്ഹോംഗ് പറഞ്ഞു.
തുല്യവും ചിട്ടയുള്ളതുമായ ബഹുധ്രുവലോകത്തിനും സാര്‍വത്രികമായി പ്രയോജനകരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സാമ്പത്തിക ആഗോളവല്‍ക്കരണത്തിന് വേണ്ടി ഇന്ത്യയും ചൈനയും ഒരുമിച്ച് വാദിക്കുകയും ഏത് തരത്തിലുള്ള താരിഫ്, വ്യാപാര യുദ്ധങ്ങളെയും ശക്തമായി എതിര്‍ക്കുകയും ചെയ്യണമെന്നും സു കൂട്ടിച്ചേര്‍ത്തു.
യുഎസ് നേട്ടമുണ്ടാക്കുന്നു
ഇന്ത്യക്കെതിരെ യുഎസ് പ്രഖ്യാപിച്ച താരിഫുകള്‍ അന്യായവും യുക്തിരഹിതവുമാണെന്ന് സു വിശേഷിപ്പിച്ചു. യുഎസ് സ്വതന്ത്ര വ്യാപാരത്തില്‍ നിന്ന് നേട്ടമുണ്ടാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ‘യുണൈറ്റഡ് സ്റ്റേറ്റ്സ് സ്വതന്ത്ര വ്യാപാരത്തില്‍ നിന്ന് വളരെക്കാലമായി പ്രയോജനം നേടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവര്‍ താരിഫുകളെ ആയുധമാക്കി ഉപയോഗിക്കുന്നു. ഇന്ത്യക്ക് മേലുള്ള 50% താരിഫ് അന്യായവും യുക്തിരഹിതവുമാണ്, ചൈന അതിനെ ശക്തമായി എതിര്‍ക്കുന്നു.’ സു പറഞ്ഞു.
ലോകസമാധാനത്തിനായി സഹകരിക്കാം
ലോകസമാധാനം സംരക്ഷിക്കാന്‍ ചൈനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ചൈനീസ് അംബാസഡര്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു. ‘രണ്ട് പുരാതന പൗരസ്ത്യ നാഗരികതകളും പ്രധാന വികസ്വര രാജ്യങ്ങളും എന്ന നിലയില്‍, ചൈനയും ഇന്ത്യയും വന്‍ശക്തികള്‍ എന്ന നിലയില്‍ ആഗോള വീക്ഷണവും ഉത്തരവാദിത്തവും പ്രകടിപ്പിക്കുകയും ലോക സമാധാനം സംരക്ഷിക്കുന്നതിനും പൊതുവായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ഭരണം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ സംഭാവനകള്‍ നല്‍കണം,’ അദ്ദേഹം പറഞ്ഞു. ഇതിനായി ആദ്യം, ചെറുത്തുനില്‍പ്പിന്റെ കാലത്ത് രൂപപ്പെട്ട മഹത്തായ സൗഹൃദം മുന്നോട്ട് കൊണ്ടുപോകുകയും പ്രധാന അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ പാത സംയുക്തമായി പിന്തുടരുകയും വേണമെന്നും സു കൂട്ടിച്ചേര്‍ത്തു.




