ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം എഴുപതിലേറെ രാജ്യങ്ങള്‍ക്ക് താരിഫേര്പ്പെടുത്തിയത് വ്യാപാരത്തെ തടസ്സപ്പെടുത്തുന്ന പ്രവൃത്തിയാണെന്ന് ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍. വിവേചനപരമായി താരിഫ് ഉയര്‍ത്തുന്നത് ആയാലും താരിഫ് ഇല്ലാതാക്കുന്നതായാലും അതല്ല സംരക്ഷണവാദമാണെങ്കിലും വ്യാപാരത്തെ നിയന്ത്രിക്കുന്ന ഇത്തരം പ്രവൃത്തികളില്‍ തങ്ങള്‍ ആശങ്കാകുലരാണെന്ന് എണ്‍പതാം ഐക്യരാഷ്ട്രസഭ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദേശകാര്യമന്ത്രകിമാരുടെ യോഗത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.
സമ്മര്‍ദ്ദത്തിനായി ഉപയോഗിക്കപ്പെടുന്ന അത്തരം നടപടികള്‍ ആഗോള വ്യാപാരം കുറയാന്‍ കാരണമാകുമെന്നും ആഗോള വിതരണ ശൃംഖലകളുടെ താളം തെറ്റിക്കുമെന്നും അന്താരാഷ്ട്ര സാമ്പത്തിക, വ്യാപാര പ്രവര്‍ത്തനങ്ങളില്‍ അനിശ്ചിതത്വത്തിന് ഇടയാക്കുമെന്നും നിലവിലെ സാമ്പത്തിക അസമത്വങ്ങള്‍ക്ക് ആക്കം വര്‍ധിപ്പിക്കുകയും ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയുടെ എസ് ജയ്ശങ്കര് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, പുതിയ ബ്രിക്സ് രാജ്യങ്ങളായ ഇറാന്, ഇന്തോനേഷ്യ, യുഎഇ, എത്യോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും പങ്കെടുത്തു.
2026ല്‍ ബ്രിക്സ് രാജ്യങ്ങളുടെ അധ്യക്ഷ പദവിയിലേക്ക് ഇന്ത്യ എത്തുകയാണ്. അത് സംബന്ധിച്ച നടപടികളും യോഗത്തില്‍ നടന്നു. ഉയര്‍ന്നുവരുന്ന വിപണികളിലും വികസ്വര രാജ്യങ്ങളിലും ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, കരീബിയ എന്നിവിടങ്ങളിലെ അവികസിത രാജ്യങ്ങളിലും പ്രാതിനിധ്യമുണ്ടാകുമെന്ന് യോഗത്തില്‍ അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു.