അമേരിക്കയിൽ H-1B വീസയിലുള്ള ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്താനും വീസ നിലനിർത്താനും നൽകിയിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് നിർത്തലാക്കാൻ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാറ്റം നിലവിൽ വന്നാൽ, ജോലി നഷ്ടമാകുന്ന നിമിഷം തന്നെ വീസയുടെ സാധുത അവസാനിക്കുകയും തൊഴിലാളികൾ ഉടൻ തന്നെ അമേരിക്ക വിടുകയോ അല്ലെങ്കിൽ മറ്റ് സാധുവായ വീസകളിലേക്ക് മാറുകയോ ചെയ്യേണ്ടി വരും. മുൻപ് 60 ദിവസത്തെ സമയം ലഭിച്ചിരുന്നതിനാൽ അതിനുള്ളിൽ പുതിയ കമ്പനിയെ കണ്ടെത്തി വീസ ട്രാൻസ്ഫർ ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ പുതിയ നിർദ്ദേശം നടപ്പിലായാൽ അമേരിക്കയിലെ വിദേശ ജീവനക്കാരുടെ തൊഴിൽ സുരക്ഷയെയും ജീവിതത്തെയും അത് ഗുരുതരമായി ബാധിക്കും.
എന്താണ് പുതിയ നിർദ്ദേശം?
അമേരിക്കയിൽ H-1B അടക്കമുള്ള തൊഴിൽ വീസകളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടാൽ, പുതിയ ജോലി കണ്ടെത്താനോ മറ്റ് ലീഗൽ വീസകളിലേക്ക് മാറാനോ അനുവദിച്ചിരുന്ന 60 ദിവസത്തെ സാവകാശം പൂർണ്ണമായും ഒഴിവാക്കാനാണ് അമേരിക്കൻ ഭരണകൂടം ലക്ഷ്യമിടുന്നത്. നിലവിലുള്ള നിയമമനുസരിച്ച് ജോലി പോയാലും അടുത്ത 60 ദിവസത്തേക്ക് അവർക്ക് നിയമപരമായി യു.എസിൽ തുടരാമായിരുന്നു. എന്നാൽ പുതിയ നിയമം നടപ്പിലായാൽ, ജോലി നഷ്ടപ്പെടുന്ന അടുത്ത ദിവസം മുതൽ അവർ രാജ്യത്ത് അനധികൃതമായി തങ്ങുന്നവരായി കണക്കാക്കപ്പെടും.
എന്തുകൊണ്ട് ഈ മാറ്റം?
തൊഴിലാളിയുടെ വീസാ പദവിയും അവർ ചെയ്യുന്ന ജോലിയും തമ്മിൽ നേരിട്ടുള്ള ബന്ധം നിലനിർത്താനും, ഭരണപരമായ സങ്കീർണ്ണതകൾ കുറയ്ക്കാനുമാണ് ഈ നടപടിയെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കുന്നത്. ബരാക് ഒബാമയുടെ ഭരണകാലത്താണ് ഈ സാവകാശം കൊണ്ടുവന്നത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി 60 ദിവസത്തെ സമയം നൽകിയിട്ടുണ്ടെങ്കിലും, ഈ നിർദ്ദേശം അന്തിമമായി അംഗീകരിക്കപ്പെട്ടാൽ ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് രാജ്യത്ത് തുടരാൻ മറ്റ് നിയമപരമായ മാർഗ്ഗങ്ങളില്ലെങ്കിൽ ഉടൻ തന്നെ അമേരിക്ക വിട്ടുപോകേണ്ടി വരും.
ഇന്ത്യക്കാർക്ക് തിരിച്ചടി
അമേരിക്കയിലെ H-1B വീസക്കാരിൽ വലിയൊരു പങ്കും (90%-ത്തിലധികം) ടെക് മേഖലയിൽ ജോലി ചെയ്യുന്ന ഭാരതീയരാണ്. അതിനാൽ ഈ നിയമം ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് മലയാളി ഐ.ടി ജീവനക്കാർ ഉൾപ്പെടെയുള്ള ഭാരതീയരെയായിരിക്കും. മുൻപ് കമ്പനികൾ പിരിച്ചുവിട്ടാൽ പുതിയൊരു ജോലി കണ്ടെത്തി വീസ ട്രാന്സ്ഫര് ചെയ്യാൻ 2 മാസം സമയം ലഭിച്ചിരുന്നു. ഇനിമുതൽ പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽദാതാവിനെ കണ്ടെത്താൻ സമയം ലഭിക്കില്ല.H-1B വീസക്കാരുടെ ആശ്രിതരായ H-4 വീസയിലുള്ള പങ്കാളികൾക്കും കുട്ടികൾക്കും ഒപ്പം പെട്ടെന്ന് രാജ്യം വിടേണ്ടി വരുന്നത് വലിയ സാമ്പത്തിക-സാമൂഹിക പ്രയാസങ്ങൾ ഉണ്ടാക്കും. ജോലിക്കാരുടെ കുറവ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പുതിയ വിദേശ ജീവനക്കാരെ ജോലിക്ക് എടുക്കാൻ കമ്പനികൾ മടിക്കാനോ, അല്ലെങ്കിൽ വളരെ വേഗത്തിൽ വീസാ നടപടികൾ പൂർത്തിയാക്കാൻ നിർബന്ധിതരാകാനോ സാധ്യതയുണ്ട്.




