ഇരുപത് വര്‍ഷം പിന്നോട്ടുപോയാല്‍ ഇന്ന് നാം കഴിക്കുന്ന എന്തെല്ലാം വിഭവങ്ങള്‍ അന്ന് തീന്മേശയില് കാണാനിടയില്ലെന്ന് ആലോചിച്ചുണ്ടോ. ഇന്ന് ഭക്ഷണകാര്യത്തില്‍ നമുക്ക് വേറെ സംസ്ഥാനമെന്നോ, രാജ്യമെന്നോ ഒരു ഭേദവുമില്ല. നല്ല രുചികള്‍ എല്ലാ അതിരുകളും ഭേദിച്ച് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്ന കാഴ്ച കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി നമ്മള് കാണുന്നുണ്ട്. ഫ്രൈഡ് ചിക്കന്‍, പിസ, മോമോസ്, സൂഷി, ന്യൂഡില്‍സ് അങ്ങനെ പുതുതലമുറയുടെ പ്രിയരുചികള്‍ പലതും വിദേശികളാണ്. അതോടൊപ്പം തന്നെ ചില രുചികള്‍ നമുക്ക് കൈമോശം വരികയും ചെയ്യുന്നു. കാലത്തിന്റെ ഒഴുക്കില്‍ നഷ്ടപ്പെട്ടതോ അടുത്ത തലമുറയിലേക്ക് പകര്ന്നുനല്കാന് മറന്നതോ ആയ എത്രയോ രുചികള്‍ നമ്മുടെ രുചിനഷ്ടങ്ങളുടെ കണക്കിലുണ്ടാകും. എങ്കിലും ചില രുചികള്‍ വര്‍ഷങ്ങളോ ദശകങ്ങളോ നൂറ്റാണ്ടുകളോ എന്തിന് സഹസ്രാബ്ദങ്ങളോ ആയി നമുക്കിടയിലുണ്ട്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് നമ്മുടെ പൂര്‍വ്വികര്‍ എന്താണ് കഴിച്ചിരിക്കുക എന്ന് ചിന്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ. കേവലം രുചി എന്നതിനപ്പുറം അവയെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. അന്നുണ്ടായിരുന്ന എന്തെങ്കിലും ഇന്നും നമ്മള് കഴിക്കുന്നുണ്ടാകുമോ. ഉണ്ടാകാം. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ചില രുചികള്‍ പരിചയപ്പെടാം.
ഇഡ്ഡലി

ഇഡ്ഡലി ദക്ഷിണേന്ത്യയുടെ തനതുരുചിയാണ്. കേരളത്തിലും തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ആന്ധ്രാപ്രദേശിലും ഇഡ്ഡലി നൂറ്റാണ്ടുകളായി പ്രചാരത്തിലുണ്ട്. പത്താം നൂറ്റാണ്ടിലുള്ള ഒരു കന്നഡ ഗ്രന്ഥത്തില്‍ ഇഡ്ഡലിയോട് സാദൃശ്യമുള്ള ഒരു വിഭവത്തെ കുറിച്ചുള്ള പരാമര്‍ശമുള്ളതായി ബെറ്റര്‍ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് ഉഴുന്ന് മാത്രമാണ് ഇഡ്ഡലിക്ക് ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്നീടത് ഉഴുന്നും അരിയും ചേര്‍ന്ന മിശ്രിതമായി മാറി. പോഷകസമ്പന്നവും ദഹിക്കാന്‍ വളരെ എളുപ്പവുമാണ് ഇഡ്ഡലി.
പൊങ്കല്‍

ആന്ധ്രാപ്രദേശിലെയും തമിഴ്നാട്ടിലെയും പ്രാചീന രുചികളില്‍ ഒന്നാണ് പൊങ്കല്‍. തമിഴ്നാട്ടില്‍ പൊങ്കല്‍ ഒരു വിഭവം മാത്രമല്ല, അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷം കൂടിയാമെന്ന് നമുക്കറിയാം. വിളവെടുപ്പ് ഉത്സവമായ പൊങ്കലിന് പുന്നെല്ല് കുത്തിയെടുത്ത അരിയും ചെറുപയര്‍ പരിപ്പും നെയ്യും കുരുമുളകും ജീരകവും ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവമാണ് പൊങ്കല്‍. തമിഴ് ഇതിഹാസകാവ്യമായ 1-2 നൂറ്റാണ്ടില്‍ എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്ന ചിലപ്പതികാരത്തില് പൊങ്കലിനെ കുറിച്ച് പരാമര്‍ശമുണ്ട്.
ശര്‍ക്കര ചേര്‍ത്ത് മധുരമായും പൊങ്കലുണ്ടാക്കാം. പൊങ്കലിന് ശര്‍ക്കര പൊങ്കല്‍ സൂര്യദേവന് നൈവേദ്യമായി സമര്‍പ്പിക്കാറുണ്ട്.
മേസര് തെങ്ക

അസം, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചാരത്തിലുള്ള മേസര് തെങ്ക ഒരുതരം മീന്‍കറിയാണ്. അസംകാരുടെ പ്രിയവിഭവങ്ങളില്‍ ഒന്നാണിത്. ശുദ്ധജലമത്സ്യമാണ് ഇതിനായി എടുക്കുന്നത്. തക്കാളി, ചെരുനാരങ്ങ എന്നിവ ചേര്‍ത്ത ചാറില്‍ മീന്‍ വേവിച്ചെടുക്കുന്നു. ഒമ്പതാം നൂറ്റാണ്ടിലെ കാമരുപ രാജ്യത്ത് ഇതിന് സമാനമായ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നതായി പറയപ്പെടുന്നു.
ദോക്ല

ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തനതുരുചികളില്‍ ഒന്നാണ് ദോക്ല. വളരെ സോഫ്റ്റ് ആയ, പുളിരുചിയുള്ള ഈ വിഭവം കടലമാവ് പുളിപ്പിച്ചാണ് തയ്യാറാക്കുന്നത്. പത്താം നൂറ്റാണ്ടിലെ ജെയിന് ഗ്രന്ഥങ്ങളില്‍ ഇതിന് സമാനമായ ദുക്കിയ എന്നൊരു വിഭവത്തെ കുറിച്ച് പറയുന്നുണ്ട്. ഇപ്പോള്‍ തയ്യാറാക്കുന്ന ആവിയില്‍ വെച്ച് പാകം ചെയ്യുന്ന ദോക്ലയില്‍ കടലമാവും തൈരും ചേരുവകള്‍. എളുപ്പത്തില്‍ ദഹിക്കുന്ന ഈ വിഭവം ആരോഗ്യത്തിന് വളരെ നല്ലതാണ്. കടുക് താളിച്ചതും ജീരകവും മല്ലിയിലയും ഇതിന് മേമ്പൊടിയായി ചേര്‍ക്കുന്നു.
കിച്ചടി

ബീഹാര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ പ്രചാരത്തിലുള്ള കിച്ചഡിക്കും വലിയ പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഇന്ത്യയുടെ ദേശീയ ആഹാരമെന്ന് വരെ കിച്ചടിയെ വിളിക്കാറുണ്ട്. അരിയും പരിപ്പും ഒന്നിച്ച് വേവിക്കുന്ന ഒരുതരം കഞ്ഞിയാണിത്. പണ്ട് പുരോഹിതരുടെയും പട്ടാളക്കാരുടെയും രാജകുടുംബാംഗങ്ങളുടെയും പ്രിയ ആഹാരമായിരുന്നു ഇത്. പതിനാറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അയിന് – ഇ അക്ബറി എന്ന ആയുര്‍വേദ ഗ്രന്ഥത്തില്‍ കിച്ചടിയുടെ പല വകഭേദങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.




