ആവിയിൽ വേവിച്ച, അരിപ്പൊടിയും , തേങ്ങയും ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന മലയാളികളുടെ കൊഴുക്കട്ട, ഗണേഷ് ചതുർഥി ആഘോഷങ്ങളിൽ ഒരു പ്രധാന വിഭവമാണ്. മഹാരാഷ്ട്രയിൽ മോദക്ക് എന്നറിയപ്പെടുന്ന ഇത് എല്ലാ ബേക്കറികളിലും ഈ സീസണിൽ നിറയെ ഉണ്ടാകും.
ഗോൾഡൻ മോദക്
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഒരു മധുരപലഹാരക്കട, ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക ഗോൾഡൻ മോദക് ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. നാസിക് വിദ്യാ വികാസ് സർക്കിളിൽ പ്രവർത്തിക്കുന്ന സാഗർ സ്വീറ്റ്സ് എന്ന കടയിലാണ് ഈ വിലകൂടിയ മോദക് തയ്യാറാക്കിയിരിക്കുന്നത്. കിലോയ്ക്ക് 27,000 രൂപയാണ് ഈ ആഡംബര മോദക്കിന്റെ വില.
24 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണത്തകിട് പൊതിഞ്ഞാണ് ഈ മോദക് ഉണ്ടാക്കിയിരിക്കുന്നത്. ഇതുകൂടാതെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ചെറിയ അലങ്കാര ഘടകങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗണേശോത്സവക്കാലത്ത് കടയിലെത്തുന്ന ഉപഭോക്താക്കളുടെ പ്രധാന ആകർഷണമായി ഈ ഗോൾഡൻ മോദക് മാറിയിരിക്കുകയാണ്.
ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളിലൊന്നാണ് മോദക് . അതിനാൽ തന്നെ തേങ്ങയും ശർക്കരയും ചേർത്തുള്ള പരമ്പരാഗത മോദക്കിന് പുറമെ, ചോക്ലേറ്റ്, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവ ചേർത്തുള്ള 25-ഓളം വൈവിധ്യമാർന്ന മോദകങ്ങളും ഈ കടയിൽ ഒരുക്കിയിട്ടുണ്ട്. എങ്കിലും, വ്യത്യസ്തവും ആഡംബരപൂർണ്ണവുമായ വഴിപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് നിർമ്മിച്ച ഈ സ്വർണ്ണ മോദക്ക് തന്നെയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.




