ഒരു ബിസിനസ്സ് സ്ട്രാറ്റജിസ്റ്റ് എന്ന നിലയിൽ റോയിയുടെ വിജയം ഒരു ‘ഡിസ്രപ്റ്റീവ്’ മാതൃകയാണ്.പാരമ്പര്യമായി ലഭിച്ച സമ്പത്തോ വലിയ ബിസിനസ് പശ്ചാത്തലമോ ഇല്ലാതെയാണ് അദ്ദേഹം തന്റെ യാത്ര തുടങ്ങിയത്. സാമ്പത്തികമായ പരിമിതികളും അനിശ്ചിതത്വങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാലം. എന്നാൽ, ഈ പരിമിതികളാണ് അദ്ദേഹത്തിന് അധ്വാനം എന്താണെന്നും സ്ഥിരോത്സാഹം എങ്ങനെ നിലനിർത്തണമെന്നും പഠിപ്പിച്ചു കൊടുത്തത്. വിജയം എന്നത് പെട്ടെന്നുണ്ടാകുന്ന ഒന്നല്ല, മറിച്ച് കഠിനാധ്വാനത്തിലൂടെ നേടിയെടുക്കേണ്ട ഒന്നാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ തിരിച്ചറിവാണ് പിൽക്കാലത്ത് കോൺഫിഡന്റ് ഗ്രൂപ്പ് പോലൊരു ബിസിനസ് സാമ്രാജ്യം പടുത്തുയർത്താൻ അദ്ദേഹത്തിന് കരുത്തേകിയത്.
ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സി ജെ റോയിയുടെ ആസ്തി ഒരു ബില്യൺ ഡോളറിലധികം (ഏകദേശം 8000 കോടി രൂപയിലേറെ) വരുമെന്നാണ്കാണാക്കപ്പെടുന്നത്. കഠിനാധ്വാനത്തിന്റെ ഭാഗമായി നേടിയ ഈ സമ്പത്ത് അനിവാര്യമായ ഇടങ്ങളിലെല്ലാം ലാഭേച്ഛ കൂടാതെ വിനിയോഗിച്ച വ്യക്തിയായിരുന്നു സിജെ റോയ്. ബിസിനസ് തിരക്കുകൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം മുന്നിലുണ്ടായിരുന്നു. പ്രളയകാലത്ത് കേരളത്തിൽ നൂറോളം വീടുകൾ പുനർനിർമ്മിച്ചു നൽകാനും നിരവധി പേരുടെ ഹൃദയശസ്ത്രക്രിയകൾ ഏറ്റെടുക്കാനും അദ്ദേഹം തയ്യാറായി. വിവിധ ടെലിവിഷൻ പരിപാടികളുടെ പ്രധാന പ്രൊമോട്ടറായി കോൺഫിഡന്റ് ഗ്രൂപ്പ് വന്നതിലൂടെ റോയിയും സ്ഥാപനവും ഒരു പോലെ ശ്രദ്ധിക്കപ്പെട്ടു.
സിജെ റോയ് എന്ന ചിരിയങ്കണ്ടത്ത് ജോസഫ് റോയ്, കൊച്ചിയിലെ കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്വിറ്റ്സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി. 12ാം വയസില്‍ അമ്മയുടെ കൊച്ചു അക്കൗണ്ടന്റായി ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിച്ച തുടങ്ങിയ റോയിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലിചെയ്യുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ സ്വന്തമായി ഒരു ബിസിനസ് ആയിരുന്നു ലക്ഷ്യം. ആദ്യം പാര്‍ട്ട് ടൈം ആയി ബിസിനസ്, പിന്നീട് മൾട്ടി നാഷണൽ കമ്പനിയായ എച്ച്പിയിലെ ജോലി രാജിവെച്ച് ഫുള്‍ ടൈം റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. കേരളം, ബംഗളൂരു, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നിക്ഷേപങ്ങളാണ് കോൺഫിഡന്റ് ഗ്രൂപ്പ് നടത്തിയത്. ഏകദേശം 200-ഓളം പ്രോജക്റ്റുകളിലായി 15,000-ത്തിലധികം ഉപഭോക്താക്കൾ കമ്പനിക്കുണ്ട്.
വിശ്വാസത്തിൽ പടുത്തുയർത്തിയ ബ്രാൻഡ്
ഉപഭോക്താക്കൾക്ക് താരതമ്യേന വിശ്വാസക്കുറവുള്ള റിയൽ എസ്റ്റേറ്റ് പോലൊരു മേഖലയിൽ സത്യസന്ധതയെ ഒരു ലാഭകരമായ ബിസിനസ്സ് തന്ത്രമായി അദ്ദേഹം മാറ്റിയെടുത്തു.ഇത് വെറുമൊരു ധാർമ്മിക നിലപാടായിരുന്നില്ല. മറിച്ച്, വിപണന ചെലവുകൾ കുറയ്ക്കാനും ഉപഭോക്താക്കളെ സ്ഥിരമായി നിലനിർത്താനും സഹായിക്കുന്ന ഒരു ‘കോസ്റ്റ്-റിഡക്ഷൻ’ സ്ട്രാറ്റജി കൂടിയായിരുന്നു എന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ വിജയം വിലയിരുത്തിയാൽ മനസിലാക്കാൻ കഴിയും.
2005ൽ സ്ഥാപിതമായ കോൺഫിഡന്റ് ഗ്രൂപ്പ്, റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ, വില്ലകൾ, വാണിജ്യ സമുച്ചയങ്ങൾ, മിക്സഡ്-യൂസ് ഡെവലപ്മെന്റുകൾ എന്നിവയിലുടനീളമുള്ള പദ്ധതികളിലൂടെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പറായി മാറിയപ്പോൾ യഥാർത്ഥത്തിൽ വിജയം കണ്ടത് റോയ് മുന്നോട്ട് വച്ച ഉപഭോക്തൃ കേന്ദ്രീകൃതമായ ബിസിനസ് സ്ട്രാറ്റജിയായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ഇടത്തരം, പ്രീമിയം ഭവന വിപണികളിൽ അതിവിപുല പോർട്ട്ഫോളിയോയും ശക്തമായ ബ്രാൻഡും കെട്ടിപ്പടുത്ത കമ്പനി കർണാടകയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ചു. കമ്പനിയുടെ വളർച്ചാ തന്ത്രവും പ്രവർത്തനങ്ങളും ലക്ഷ്യാധിഷ്ഠിതമായി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രായോഗിക സംരംഭകനായാണ് റോയ് കണക്കാക്കപ്പെടുന്നത്.
പലർക്കും മാതൃകയായ സംരംഭകത്വം
ഒരു സംരംഭകൻ എന്ന നിലയിൽ സിജെ റോയിയുടെ തുടക്കം ഒരിക്കലും സമൃദ്ധിയുടെ പാതയിൽ നിന്നുമായിരുന്നില്ല എന്നത് പല സംരംഭകർക്കും പ്രചോദനമായ ഒന്നായിരുന്നു. വലിയ സാമ്പത്തിക പശ്ചാത്തലമോ നിക്ഷേപ പിന്തുണയോ ഒന്നുമില്ലാതെയായിരുന്നു അദ്ദേഹം സംരംഭലോകത്തേക്ക് എത്തുന്നത്. ഒരു ഒന്നാം തലമുറ സംരംഭകന്റെ എല്ലാ വെല്ലുവിളികളും അദ്ദേഹം നേരിട്ടു. എന്നാൽ ഈ പ്രതിസന്ധികളെ അദ്ദേഹം കണ്ടത് കേവലം പ്രയാസങ്ങളായല്ല, മറിച്ച് തന്റെ സംരംഭകത്വ ശൈലി രൂപപ്പെടുത്തുന്നതിനുള്ള ഒരു ‘തന്ത്രപരമായ പരിശീലന കേന്ദ്രം’ ആയിട്ടാണ്.
കോർപ്പറേറ്റ് മേഖലയിലെ ജീവിതത്തിൽ നിന്നും മാറി സ്വന്തമായൊരു സംരംഭമെന്ന സ്വപ്നം മനസ്സിൽ സൂക്ഷിച്ചിരുന്ന റോയ് 2000ൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുമ്പോൾ പ്രതിസന്ധികൾ നിരവധിയായിരുന്നു. എന്നാൽ ഓരോ പ്രതിസന്ധികളിലും ഓരോ അവസരങ്ങൾ അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിൻറെ തുടക്കം വളരെ ചെറിയ രീതിയിൽ ഭൂമിസംബന്ധമായ ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചുകൊണ്ടായിരുന്നു. ഇത്തരത്തിൽ ഭൂമി ഇടപാടുകളുടെ അടിസ്ഥാന കാര്യങ്ങൾ പഠിച്ചതാണ് അദ്ദേഹത്തിന് കോൺഫിഡന്റ് ഗ്രൂപ്പ് പോലൊരു സ്ഥാപനം ആരംഭിക്കാൻ എല്ലാ അർത്ഥത്തിലും ധൈര്യം നൽകിയത്.
2005–06‑ലാണ് അദ്ദേഹം ബെംഗളൂരു ആസ്ഥാനമായി കോൺഫിഡന്റ് ഗ്രൂപ്പ് ആരംഭിക്കുന്നത്. നിക്ഷേപങ്ങളെ ആശ്രയിക്കാതെ ബിസിനസ് വികസപ്പിക്കുന്ന രീതിയായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് പിന്തുടർന്നത്. ഫ്ലാറ്റുകൾ,അപ്പാർട്ട്മെന്റുകൾ അങ്ങനെ വലിയ പ്രൊജക്റ്റുകളിലേക്ക് കടന്നതോടെ സ്ഥാപനം ബെംഗളുരുവിനു പുറത്തേക്കും വ്യാപിച്ചു.സ്വന്തം സ്ഥലമായ കേരളത്തിലും റോയ് തന്റെ സ്ഥാപനത്തിന്റെ വേരുകൾ ഉറപ്പിച്ചു. ഘട്ടം ഘട്ടമായി റിയൽ എസ്റ്റേറ്റ് , കെട്ടിട നിർമാണ മേഖലയിൽ തനത് സ്ഥാനം ഉറപ്പിച്ച കോൺഫിഡന്റ് ഗ്രൂപ്പ് പിന്നീട് എന്റർടൈൻമെന്റ് , മീഡിയ എന്നീ രംഗങ്ങളിലേക്കും നിക്ഷേപം വ്യാപിപ്പിച്ചു. ‘ഐഡിയ സ്റ്റാർ സിംഗർ’ മുതൽ ‘ബിഗ് ബോസ്’ വരെയുള്ള ടെലിവിഷൻ റിയാലിറ്റി ഷോകളുടെ മുഖ്യ സ്പോൺസറായി കോൺഫിഡന്റ് ഗ്രൂപ്പ് മാറിയത് അദ്ദേഹത്തിന്റെ ബിസിനസ് തന്ത്രങ്ങളുടെ ഭാഗമായിരുന്നു. മത്സരാർത്ഥികൾക്ക് ആഡംബര വീടുകളും വൻതുകകളും സമ്മാനമായി നൽകി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായി. മലയാളത്തിൽ ‘കാസനോവ’, ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാണത്തിലും അദ്ദേഹം പങ്കാളിയായി.
കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആരംഭത്തിൽ പലവിധ സാമ്പത്തിക പരിമിതികൾ റോയ് നേരിട്ടിരുന്നു . എന്നാൽ അതെല്ലാം വിജയത്തിന്റെ അടിസ്ഥാന പാഠങ്ങൾ ആയാണ് റോയ് കണ്ടത്. വിജയം എന്നത് ഒരു നിമിഷം കൊണ്ട് സംഭവിക്കുന്ന ഒന്നല്ലെന്നും, അത് ദീർഘകാലാടിസ്ഥാനത്തിൽ ആർജ്ജിച്ചെടുക്കേണ്ട ഒന്നാണെന്നും തിരിച്ചറിഞ്ഞു പ്രവർത്തിച്ച ധീഷണാശാലിയായ ഒരു സംരംഭകനായിരുന്നു സി ജെ റോയ്.തിരിച്ചടികളിൽ പിന്തിരിയാതെ മുന്നോട്ട് പോകുവാൻ കാണിച്ച ആർജ്ജവമാണ് അദ്ദേഹത്തിന് മുന്നോട്ടുള്ള യാത്രയിൽ കരുത്തായത്.
‘വിശ്വാസം’ ബിസിനസ്സ് തന്ത്രമാക്കിയ കോൺഫിഡന്റ് ഗ്രൂപ്പ്
നിർമ്മാണത്തിലെ കാലതാമസവും ഗുണനിലവാരമില്ലായ്മയും കാരണം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു വലിയ വിശ്വാസപ്രതിസന്ധി നിലനിന്നിരുന്ന കാലത്താണ് സിജെ റോയ് വിപണിയിലേക്ക് പ്രവേശിക്കുന്നത്. അവിടെ അദ്ദേഹം ‘വിശ്വാസം’ എന്ന വികാരത്തെ ബ്രാൻഡ് ഐഡന്റിറ്റിയായി അവതരിപ്പിച്ചു. കോൺഫിഡന്റ് ഗ്രൂപ്പ് എന്ന പേര് തന്നെ ഉപഭോക്താവിന് നൽകുന്ന ഒരു വാഗ്ദാനമായിരുന്നു.
റോയിയുടെ ബിസിനസ്സ് വിജയത്തിന് പിന്നിൽ നാല് പ്രധാന ഘടകങ്ങളാണ് ഉണ്ടായിരുന്നത്.
- സുതാര്യമായ ആശയവിനിമയം : എല്ലാ ഇടപാടുകളിലും സത്യസന്ധത പുലർത്തുക എന്നതിന് റോയിയും അദ്ദേഹത്തിൻറെ കോൺഫിഡന്റ് ഗ്രൂപ്പും പ്രാധാന്യം നൽകി .
- കൃത്യതയുള്ള പ്രോജക്ട് ടൈംലൈനുകൾ : പ്രായോഗികമായ സമയപരിധികൾ മാത്രം നിശ്ചയിക്കുകയും അവ പാലിക്കുകയും ചെയ്യുക.വാഗ്ദാനം ചെയ്ത സമയത്ത് തന്നെ പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.
- ഗുണമേന്മയുള്ള നിർമ്മാണം : വീടുകൾ, ഫ്ലാറ്റുകൾ എന്നിവയെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ നിക്ഷേപങ്ങളാണ് എന്നതിനാൽ തന്നെ ഇവയുടെ നിർമാണത്തിൽ ഗുണമേന്മയ്ക്ക് റോയ് ഏറെ പ്രാധാന്യം കൽപ്പിച്ചു.
- ബിസിനസ് ധാർമികത : ദീർഘകാല മൂല്യങ്ങൾക്ക് ഹ്രസ്വകാല ലാഭത്തേക്കാൾ മുൻഗണന നൽകുന്ന രീതിയിലാണ് അദ്ദേഹം പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്.
അച്ചടക്കത്തോടെയുള്ള വളർച്ചയും വിപുലീകരണവും
ബിസിനസ്സ് വിപുലീകരിക്കുമ്പോൾ മിക്കവാറും കമ്പനികൾ വരുത്തുന്ന തെറ്റ് അമിതവേഗതയിലുള്ള വളർച്ചയാണ്. എന്നാൽ സിജെ റോയ് സ്വീകരിച്ചത് ‘സ്ഥിരതയുള്ളതും സുസ്ഥിരവുമായ വളർച്ച’ (Steady, sustainable expansion) എന്ന രീതിയാണ്. ഇത് അദ്ദേഹം സ്വീകരിച്ച ഒരു ‘റിസ്ക് മിറ്റിഗേഷൻ’ മാസ്റ്റർസ്ട്രോക്ക് ആയിരുന്നു. പിന്നീട് റിയൽ എസ്റ്റേറ്റ് മേഖലയിലെ പല ബ്രാന്‍ഡുകള്‍ക്കും ഇത് പ്രചോദനമായി. സാമ്പത്തിക ഭദ്രതയും നിർവ്വഹണ ശേഷിയും ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് അദ്ദേഹം പുതിയ പ്രോജക്റ്റുകൾ ഏറ്റെടുത്തത്. ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നതിൽ കേവലം ഭാഗ്യത്തിലോ വ്യക്തിപ്രഭാവത്തിലോ മാത്രം വിശ്വസിച്ച വ്യക്തിയായിരുന്നില്ല സിജെ റോയ്.കൃത്യമായ പ്ലാനിംഗ് , അതീവ ജാഗ്രതയോടെ നടപ്പിലാക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ സ്ട്രാറ്റജി.
കോൺഫിഡന്റ് ഗ്രൂപ്പിന്റെ വിജയമാതൃക
പ്രധാനമായും നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പിന്റെ വളർച്ച.തന്റെ 36ാം വയസില്‍ , ഒരു രൂപ പോലും കടംവാങ്ങാതെ ഒരു വിമാനം റോയ് സ്വന്തമാക്കിയത്. ചിട്ടയായ പ്രവർത്തങ്ങളുടെ പ്രതിഫലനമായിരുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോൺഫിഡൻസിന് പിന്നിലെ നാല് ഘടകങ്ങൾ ഇവയായിരുന്നു.
പ്രൊഫഷണൽ ടീമുകളുടെ രൂപീകരണം
സി ജെ. റോയ് ബിസിനസ് ശക്തമാക്കുന്നതിന്റെ ഭാഗമായി മനുഷ്യ വിഭവശേഷി നിലനിര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫീൽഡിലെ പ്രാവീണ്യമുള്ള ആർക്കിടെക്റ്റ്, എൻജിനീയർ, ഫിനാൻസ് വിദഗ്ധർ, മാർക്കറ്റിംഗ് വിദഗ്ധർ എന്നിവരുടെ ഒരു പ്രൊഫഷണൽ ടീം രൂപപ്പെടുത്തി. ഈ വിദഗ്ധരുടെ നിര കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രോജക്ടുകളിലെ കൃത്യതയും സമയബന്ധിതവും ഉയർന്ന നിലവാരത്തിലുള്ള കാര്യക്ഷമതയും ഉറപ്പു വരുത്താൻ സഹായിച്ചു. റോയ് വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം ടീമിനെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ കഴിവുകൾ പ്രോജക്ടുകളുടെ വിജയത്തിന് വേണ്ടി വിനിയോഗിക്കുകയും ചെയ്തു.
നടപടികളുടെ ബിസിനസ് സ്ട്രാറ്റജി
ബിസിനസ്സ് വളർച്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായി റോയ് ബിസിനസ്സ് നടപടിക്രമങ്ങൾ സ്റ്റാൻഡർഡൈസ് ചെയ്ത് പ്രക്രിയകളെ ലഘുവായും കാര്യക്ഷമമായും മാറ്റി. സിസ്റ്റമാറ്റിക് പ്രോജക്ട് ഫ്ലോ, ഉറപ്പായ ഡോക്യുമെന്റേഷൻ, ഫിനാൻഷ്യൽ മാനേജ്മെന്റ് സോഫ്റ്റ്വെയർ എന്നിവ ഉപയോഗിച്ചു, പദ്ധതികളുടെ വീഴ്ചകൾ ഒഴിവാക്കി. ഇതുവഴി നിർമാണം, മാർക്കറ്റിംഗ്, വിൽപ്പന, ഇടപാട് എന്നിവയെല്ലാം സുഗമമായും തന്ത്രപരമായും നടപ്പാക്കാൻ സാധിച്ചു.
ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം
നിർമ്മാണ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ മുൻഗണന നൽകി. CAD (Computer-Aided Design), BIM (Building Information Modeling), പ്രോജക്ട് മാനേജ്മെന്റ് സോഫ്റ്റ്വെയറുകൾ എന്നിവ ഉപയോഗിച്ച് പദ്ധതി രൂപകൽപ്പന മുതൽ പൂർത്തീകരണം വരെ മികച്ച നിലവാരവും സമയബന്ധിതത്വവും ഉറപ്പു വരുത്തി. ഗ്രീൻ ബിൽഡിങ്ങ്, ഊർജ്ജ-ഫലപ്രദമായ മെറ്റീരിയൽ, സ്മാർട്ട് ഹോം ടെക്നോളജി എന്നിവ ഉൾപ്പെടുത്തി കമ്പനിയുടെ മാർക്കറ്റ് വർധിപ്പിച്ചു. ഇത്തരത്തിൽ വ്യക്തികേന്ദ്രീകൃതമായ ഒരു സ്ഥാപനത്തെ സിസ്റ്റം കേന്ദ്രീകൃതമായ ഒരു സ്ഥാപനമായി മാറ്റിയതാണ് കോൺഫിഡന്റ് ഗ്രൂപ്പിനെ വിപണിയിലെ തളർച്ചകളെ അതിജീവിക്കാൻ പ്രാപ്തമാക്കിയത്.കഴിവും പ്രാപ്തിയും മാനേജ്മെന്റ് ശൈലിയും മുൻനിർത്തി റോയ് തന്റെ മികവ് പ്രവർത്തന രംഗങ്ങളിൽ തെളിയിച്ചു.
കഷ്ടപ്പെട്ട് വളർന്നുവന്ന സി.ജെ. റോയിയുടെ നേതൃത്വ ശൈലിയിൽ എംപതിയും പ്രായോഗികതയും സമന്വയിച്ചിരിക്കുന്നു. ജീവനക്കാരെ ശാക്തീകരിക്കുന്നതിനൊപ്പം തന്നെ അവരെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ലാഭത്തേക്കാൾ സ്ഥാപനത്തിന്റെ മൂല്യങ്ങൾക്കാണ് അദ്ദേഹം വില നൽകിയിരുന്നത്.
“അതിവേഗത്തിലുള്ള ലാഭത്തിന് വേണ്ടിയുള്ള കുറുക്കുവഴികളേക്കാൾ എപ്പോഴും ധാർമ്മികമായ പെരുമാറ്റത്തിനാണ് മുൻഗണന നൽകേണ്ടത്.” എന്ന് അദ്ദേഹം ഇപ്പോഴും പറയുമായിരുന്നു.അദ്ദേഹം മുന്നോട്ട് വച്ച ഈ നയം കമ്പനിക്കുള്ളിൽ ഒരു മികച്ച തൊഴിൽ സംസ്കാരം സൃഷ്ടിക്കുകയും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഭാവിയിലെ വൈവിധ്യവൽക്കരണത്തിന് കരുത്താർന്ന അടിത്തറ പാകുകയും ചെയ്തു.
സി.ജെ. റോയി ജീവിതയാത്ര ആധുനിക സംരംഭകർക്ക് നൽകുന്ന കഴിയുന്ന അഞ്ച് പ്രധാന പാഠങ്ങൾ:
- നിശ്ചയദാർഢ്യമാണ് യഥാർത്ഥ ആസ്തി: പാരമ്പര്യമോ മൂലധനമോ ഇല്ലാത്തത് ബിസിനസ് വിജയത്തിന് തടസ്സമല്ല.
- വിശ്വാസ്യത ഒരു മൂലധനമാണ്: സംശയാസ്പദമായ വിപണികളിൽ ഏറ്റവും വലിയ നിക്ഷേപം വിശ്വാസ്യതയാണ്.
- ഉത്തരവാദിത്തമുള്ള വളർച്ച: അന്ധമായ വികസനത്തെക്കാൾ സുസ്ഥിരമായ സ്കെയിലിംഗിന് മുൻഗണന നൽകുക.
- പരാജയങ്ങളിൽ നിന്ന് പഠിക്കുക: ഓരോ തിരിച്ചടിയും നിങ്ങളുടെ തന്ത്രങ്ങൾ പരിഷ്കരിക്കാനുള്ള ഒരു പാഠപുസ്തകമാണ്.
- മൂല്യങ്ങളിൽ ഉറച്ചുനിൽക്കുക: വിജയം നിങ്ങളുടെ മൂല്യങ്ങളെ നേർപ്പിക്കുകയല്ല, മറിച്ച് ഉറപ്പിക്കുകയാണ് വേണ്ടത്.
യഥാർത്ഥ ആത്മവിശ്വാസം എന്നത് പെട്ടെന്നുണ്ടാകുന്ന ഒന്നല്ല. അത് വർഷങ്ങളായുള്ള സത്യസന്ധതയിലൂടെയും കൃത്യനിഷ്ഠയിലൂടെയും ഇഷ്ടിക പോലെ പടുത്തുയർത്തേണ്ട ഒന്നാണെന്ന് സി.ജെ. റോയ് നമുക്ക് കാണിച്ചുതരുന്നു. ഈ വിശ്വാസ്യത തന്നെയാണ് കോൺഫിഡന്റ് ഗ്രൂപ്പിനെ ഇന്നും വിപണിയിലെ വിശ്വസ്ത ബ്രാൻഡായി നിലനിർത്തുന്നത്.




