എഥനോള്‍ ചേര്‍ത്ത പെട്രോളിനെതിരെ രാജ്യത്ത് പെയ്ഡ് കാംപെയ്ന് നടക്കുന്നുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 20% എഥനോള്‍ ചേര്‍ത്ത പെട്രോളിനെതിരെ (ഇ20) വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണം. നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് പണം മുടക്കിയുള്ള ഇത്തരം പ്രചരണത്തിന് പിന്നിലെന്നും ഗഡ്കരി ആരോപിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ എഥനോളിനെതിരായ പ്രചരണം തന്നെ രാഷ്ട്രീയമായി ലക്ഷ്യമിട്ടുള്ളതാണെന്നും ഗഡ്കരി ആരോപിച്ചു.
കരിമ്പില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യത്തുടനീളം വില്‍ക്കുകയെന്ന ലക്ഷ്യം ജൂലൈയില്‍ ഇന്ത്യ കൈവരിച്ചിരുന്നു. എന്നാല്‍ പല കാര്‍ ഉടമകളും അടുത്തിടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഈ നീക്കത്തെ വിമര്‍ശിച്ചു. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍, ഇന്ധനക്ഷമതയെയും ചില എഞ്ചിന് ഭാഗങ്ങളെയും ബാധിക്കുമെന്ന് അവര്‍ അവകാശപ്പെട്ടു.
എഥനോള്‍ ‘ഇറക്കുമതിക്ക് ബദലും ചെലവ് കുറഞ്ഞതും, മലിനീകരണ രഹിതവും, തദ്ദേശീയവുമാണ്’ എന്ന് ഗഡ്കരി വാദിക്കുന്നു. ഫോസില്‍ ഇന്ധന ഇറക്കുമതിക്കായി രാജ്യം പ്രതിവര്‍ഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ 22 ലക്ഷം കോടി രൂപ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേക്ക് പോയാല്‍, ഇവിടെ എത്ര ലാഭം ലഭിക്കും?’ അദ്ദേഹം ചോദിച്ചു. ഈ പദ്ധതി ഇതിനകം തന്നെ രാജ്യത്തെ കര്‍ഷകര്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
10% ഐസോബ്യൂട്ടനോള്‍ മിശ്രിതം അടങ്ങിയ ബയോഡീസല്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതോതില്‍ പുരോഗമിക്കുകയാണെന്ന് ഗഡ്കരി പറഞ്ഞു. ഫ്യുവല്‍ അഡിറ്റീവായി ഉപയോഗിക്കുന്ന ദ്രാവക ആല്‍ക്കഹോള്‍ ആയ ഐസോബ്യുട്ടനോള്, യീസ്റ്റ് ഉപയോഗിച്ച് ഗോതമ്പ്, സോര്‍ഗം, ബാര്‍ലി, കരിമ്പ് തുടങ്ങിയ വിവിധതരം ബയോമാസ് ഫീഡ്സ്റ്റോക്കുകളില്‍ നിന്ന് വാണിജ്യപരമായി ഉത്പാദിപ്പിക്കാന്‍ കഴിയും.
”ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ നയം. മുന്നോട്ട് പോകുമ്പോള്‍, 10% ബയോഡീസല്‍ മാത്രമല്ല, റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമെന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ബയോമാസും ഉപയോഗിക്കും,” ഗഡ്കരി വ്യക്തമാക്കി.