2.4 ലക്ഷം കോടി രൂപയുടെ ബജറ്റാണ് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. വ്യവസായ മേഖലയുടെ വിഹിതം 1,417 കോടി രൂപയാണെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 122 കോടി രൂപയുടെ വര്‍ധനവുണ്ട്. ഗതാഗതം, സാമൂഹ്യ സുരക്ഷ, സാങ്കേതികവിദ്യ, വ്യവസായം എന്നീ മേഖലകള്‍ക്ക് പരിഗണന നല്‍കിയിട്ടുണ്ട്. എങ്കിലും സിംഹഭാഗവും ക്ഷേമ പെന്ഷന് നല്‍കുന്നതിനും കാര്‍ഷിക അനുബന്ധ പ്രവര്‍ത്തികള്‍ക്കും സ്ത്രീസുരക്ഷ പോലെയുള്ള പദ്ധതികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മറ്റുമായി മാറ്റി വെച്ചിരിക്കുന്നതായി കാണാന്‍ കഴിയും. ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, പ്രീ സ്കൂള്‍ ടീച്ചര്മാര്, ആയമാര്‍ എന്നിവരുടെയൊക്കെ വേതന വര്‍ദ്ധനവ് ഇതില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ആ മേഖലയില്‍ നല്ലതാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക നിവാരണവും, ശമ്പള കമ്മീഷന് നിയമനവും (ഇതിന് ബഡ്ജറ്റില്‍ പ്രത്യേക തുക നീക്കി വെച്ചിട്ടില്ലെങ്കില്‍ കൂടി) എടുത്ത് പറയാവുന്ന പ്രത്യേകതകളാണ്.
എന്നാല്‍ വ്യവസായ മേഖല പ്രതീക്ഷിച്ച വിവിധ പദ്ധതികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നതാണ് ആഴത്തിലുള്ള വിലയിരുത്തലില്‍ വ്യക്തമാകുന്നത്.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്
കേരളത്തിലെ വ്യവസായ നിക്ഷേപത്തില്‍ വലിയ പ്രതീക്ഷ നല്കുന്ന ഒന്നാണ് ആഗോള നിക്ഷേപക സംഗമം. ധാരണപത്രം ഒന്നും കൂടാതെ തന്നെ 110 സംരംഭങ്ങള്‍ വലിയ തോതിലുള്ള നിക്ഷേപവുമായി അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അവര്‍ക്ക് മതിയായ പരിഗണന നല്‍കുന്നതിന് ബജറ്റ് വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയിട്ടില്ല. ഭാവി കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന ഒന്നായി ഈ ആഗോള നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ മാറേണ്ടതായിരുന്നു. അതിന് അനുസൃതമായ ഒരു പദ്ധതി വിഹിതം ഇവിടെ കാണാനില്ല.
പിങ്ക് വ്യവസായ പാര്‍ക്കുകള്‍
കേരളം തുടക്കം കുറിച്ച സംരംഭ വര്‍ഷ പദ്ധതികള്‍ ഈ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കി. അതില്‍ വനിതാ സംരംഭങ്ങളുടെ പ്രാഥിനിത്യം വളരെ വലുതായിരുന്നു. പുതിയ സംരംഭങ്ങളില്‍ സ്ത്രീകള്‍ക്ക് മതിയായ പങ്കാളിത്തമുണ്ട്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് പിങ്ക് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും എന്ന് വ്യവസായ സമൂഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത്തരം നടപടികള്‍ ബജറ്റില്‍ ഉണ്ടായിട്ടില്ല. വനിതാ വ്യവസായികള്‍ക്ക് വേണ്ടി ഒരു പ്രത്യേക പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും യാഥാര്‍ത്ഥ്യമായില്ല.
ഓണ്ട്രപ്രണര് സപ്പോര്‍ട്ട് സ്കീം
ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ വ്യവസായികള്‍ക്ക് നല്‍കാനുള്ളത് ഏകദേശം 500 കോടിയോളം രൂപയാണ്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും 2023ന് ശേഷം പാസായ അപേക്ഷകളുടെ സബ്സിഡി വിതരണം പൂര്‍ത്തിയായിട്ടില്ല. ഇനിയും നിരവധി അപേക്ഷകള്‍ പാസാക്കാന്‍ ഇരിക്കുന്നു. നിരവധി അപേക്ഷകള്‍ വിവിധ ഘട്ടങ്ങളില്‍ പ്രോസസിങ്ങില്‍ ആണ്. അവയ്ക്ക് നല്കേണ്ടിവരുന്ന ഏകദേശം തുക 500 കോടിയോളം വരും. 110 കോടി മാത്രമാണ് ഈ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇത് തികച്ചും അപര്യാപ്തമായ ഒരു തുകയാണ്. കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തിന് അനുസരിച്ചാണ് സംരംഭ സഹായ പദ്ധതിയുടെ അപേക്ഷകള്‍ കൂടി വരുന്നത്. കേരളത്തിന്റെ വികസനത്തിന് ഇത് ശുഭ സൂചകമാണ്. ഇത്തരത്തില്‍ വരുന്ന അപേക്ഷകരെ കൃത്യമായി പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ തുടര്‍ന്ന് അങ്ങോട്ടും ഈ മേഖലയില്‍ ഒരു മുന്നേറ്റം ഉണ്ടാവുകയുള്ളൂ. കാര്യമായ പരിഗണന, സംരംഭസഹായ പദ്ധതിക്ക് ഉണ്ടാകേണ്ടതുണ്ട്. നാനോ സംരംഭങ്ങള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്‍ഡ് നല്കുന്ന പദ്ധതി പ്രകാരം കഴിഞ്ഞവര്‍ഷം മാറ്റിവെച്ച 17 കോടി രൂപ ഈ വര്‍ഷവും നീക്കിവെച്ചിട്ടുണ്ട് എന്ന് കാണാം.
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് സഹായം
ഈ പദ്ധതിക്കും മതിയായ വിഹിതം മാറ്റി വെച്ചിട്ടില്ല. കേരളത്തില്‍ 40 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് ഇതിനകം തന്നെ അനുമതി നല്‍കിയിട്ടുണ്ട്. ഇത്രയും വ്യവസായ എസ്റ്റേറ്റുകളിലൂടെ 500 ഏക്കറില്‍ അധികം സ്ഥലം വ്യവസായ ആവശ്യത്തിന് വിനിയോഗിക്കാന്‍ പര്യാപ്തമായിരിക്കുന്നു എന്നത് വലിയ നേട്ടമാണ്. ഒരു പാര്ക്കിന് ശരാശരി മൂന്ന് കോടിയോളം രൂപ സര്‍ക്കാര്‍ സഹായം ആവശ്യമുണ്ട് (എല്ലാവര്ക്കും 3 കോടി വേണ്ടെങ്കിലും). ഇതിന് കാര്യമായ തുകയൊന്നും മാറ്റി വെച്ചിട്ടില്ല. ഇത്തരം പ്രവണതകള്‍ പുതിയ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ രൂപപ്പെടുത്തുന്നതിന് തടസ്സമാകും എന്ന് പറയേണ്ടതില്ലല്ലോ.
ക്രെഡിറ്റ് ഗ്യാരന്റി സപ്പോര്‍ട്ട്
കേന്ദ്രസര്‍ക്കാര്‍ പത്തു കോടി രൂപ വരെയുള്ള സൂക്ഷ്മ ചെറുകിട വായ്പകള്‍ക്ക് ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ബാങ്കുകള്‍ ഇത്തരത്തില്‍ അധിക സെക്യൂരിറ്റി കൂടാതെ തന്നെ വായ്പ അനുവദിക്കുന്നുണ്ട്. പലിശ, സര്‍വീസ് ചാര്‍ജ് അടക്കമുള്ള സപ്പോര്‍ട്ട് ആണ് വ്യവസായ സമൂഹം പ്രതീക്ഷിച്ച മറ്റൊരു പദ്ധതി, അതും ലഭിച്ചില്ല. സെക്യൂരിറ്റി നല്‍കാനില്ലാത്തവര്‍ക്കും വായ്പയെടുക്കാന്‍ കഴിയുന്ന ബൃഹത്തായ വ്യവസായ പ്രോത്സാഹന പദ്ധതിയാണ് ക്രെഡിറ്റ് ഗ്യാരണ്ടി. ഇതിനു വേണ്ടത്ര പരിഗണന ബജറ്റില്‍ നല്‍കിയിട്ടില്ല.
റെയര്‍ എര്‍ത്ത് കോറിഡോര്‍
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഴിഞ്ഞം-ചവറ റെയര്‍ എര്‍ത്ത് കോറിഡോര്‍ എന്ന ഒരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ സാമ്പത്തിക വികസനത്തിന്റെ തലവര മാറ്റാന്‍ പോന്ന അതിബൃഹത്തായ ഒരു പദ്ധതിയാണ് വിഴിഞ്ഞം പോര്‍ട്ടും അനുബന്ധ മേഖലകളും. വിഴിഞ്ഞം പോര്‍ട്ടിന്റെ വികസനത്തിന് 1,000 കോടി രൂപ മാറ്റിവെച്ചതായി കാണാം. എന്നാല്‍ വിഴിഞ്ഞം-ചവറ റെയര്‍ എര്‍ത്ത് കോറിഡോര്‍ സ്ഥാപിക്കുന്നതിന് മതിയായ തുകയും ബജറ്റില്‍ വകയിരുത്തിയിട്ടില്ല.
കാര്യമായ ചികിത്സ വേണം
ബജറ്റില്‍ പ്രഖ്യാപിക്കുന്ന തുക പോലും മാറിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. പല ഗവണ്മെന്റ് സഹായ പദ്ധതികളുടെയും ബില്ലുകള്‍ ട്രഷറികള്‍ പാസാക്കുന്നില്ല. ചെറിയ തുകകള്‍ക്ക് പോലും നിയന്ത്രണം നിലനില്ക്കുകയും ചെയ്യുന്നു. ബജറ്റ് വിഹിതം പോലും നല്കാന് കഴിയാത്ത ഒരു സ്ഥിതിയിലാണ് നാം എത്തിനില്‍ക്കുന്നത്. കാര്യമായ ഒരു ചികിത്സ ഇവിടെ ആവശ്യമാണ്. വ്യവസായങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരിക എന്നുള്ളതാണ് ശാശ്വതമായ പരിഹാരം. അതിന് വ്യവസായ പ്രോത്സാഹന പദ്ധതികളോട് ഉദാരമായ ഒരു സമീപനം കൈക്കൊള്ളേണ്ടതുണ്ട്.
മിഷന്-1000, മിഷന് വണ്‍ ലാക്, നാനോ സംരംഭങ്ങള്‍, എംഎസ്എംഇ അടിസ്ഥാന സൗകര്യ വികസനം ടെക്നോളജി/എഐ/ഐടി, വര്‍ക്ക് നിയര്‍ ഹോം, ഇഎസ്എസ്, കെ ഫോണ്‍, ലൈഫ് സയന്‍സ് പാര്‍ക്ക് എന്നിവയ്ക്ക് വലുതല്ലാത്ത ഒരു പരിഗണന നല്‍കിയതായി കാണാന്‍ പറ്റും. കേരളത്തിന്റെ ഭാവി സുരക്ഷിതമാകണമെങ്കില്‍ സംരംഭ രംഗത്ത് നാം ഇന്ന് ഉണ്ടാക്കിയിട്ടുള്ള നേട്ടങ്ങള്‍ നിലനിര്‍ത്തുകയും അതിനനുസൃതമായിട്ടുള്ള തുടര്‍ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുകയും വേണം. കടല്‍ കടക്കുന്ന യുവജനങ്ങളെ പിടിച്ചുനിര്‍ത്തുന്നതിന് വ്യവസായ രംഗത്തുള്ള മുന്നേറ്റമാണ് ഏക പോംവഴി. ഈ മേഖലയ്ക്ക് മൊത്തത്തില്‍ മതിയായ ബജറ്റ് വിഹിതവും സര്‍ക്കാര്‍ പ്രോത്സാഹനങ്ങളും അത്യന്താപേക്ഷിതമാണ്.
(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)




