അമേരിക്കയുടെ 50 ശതമാനം താരിഫ് വര്‍ധന മേഖലയെ ഒന്നാകെ തകര്‍ക്കുമെന്ന ഭീതിയില്‍ ഇന്ത്യന്‍ തുകല്‍, ചെരുപ്പ് കയറ്റമതി വ്യവസായികള്‍. 90 ശതമാനം കയറ്റുമതിയെയും തീരുമാനം ബാധിക്കുമെന്ന് ദേശീയ തുകല്‍ കയറ്റുമതി സമിതി (CLE) ചെയര്മാന് ആര് കെ ജലാന്‍ പറഞ്ഞു. ഇതിനകം തന്നെ 20-25 ശതമാനം വില കുറയ്ക്കാന്‍ ഉപഭോക്താക്കളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നും അതിനിടയില്‍ പെട്ടെന്ന് താരിഫ് നിരക്ക് കുത്തനെ ഉയര്‍ത്തിയത് മേഖലയുടെ താളം തെറ്റിക്കുമെന്നു കാണ്‍പൂരില്‍ ചൊവ്വാഴ്ച നടന്ന CLE യോഗത്തില്‍ ജലാന്‍ പറഞ്ഞു. പുതിയ വിപണികളില്‍ വ്യാപാരം ശക്തമാക്കുക അത്ര വേഗത്തില്‍ നടക്കുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ അവസരങ്ങള്‍ തേടി റഷ്യയിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും വ്യാപാര പ്രതിനിധി സംഘത്തെ അയക്കാന്‍ CLE തീരുമാനിച്ചു. യുകെയുമായി സ്വതന്ത്ര്യ വ്യാപാരക്കരാര്‍ നിലവിലുള്ളതിനാല്‍ യുകെയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. അതിനിടെ പ്രാദേശിക വിപണികളിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉരുത്തിരിഞ്ഞു. നിലവില്‍ ഇന്ത്യയിലെ ചെരുപ്പ് ഉപയോഗം വര്‍ഷത്തില്‍ 1.8 യൂണിറ്റ് ആണ്. അതില്‍ ഭൂരിഭാഗവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തവയാണ്. ചെരുപ്പ് ഉപയോഗം വര്‍ഷം രണ്ട് എന്ന നിലയിലേക്ക് വളര്‍ന്നാല്‍ കയറ്റുമതി കുറയുന്നത് കൊണ്ടുള്ള നഷ്ടപ്പെ ലഘൂകരിക്കാന്‍ കഴിഞ്ഞേക്കുമെന്ന് മുന്‍ CLE ചെയര്മാന് ജാവേദ് ഇഖ്ബാല്‍ അഭിപ്രായപ്പെട്ടു.
അതേസമയം വിപണി മാറ്റം അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ലെന്നും ചെരുപ്പുകളുടെ സൈസ്, ഉപഭോക്താക്കളുടെ താല്‍പ്പര്യം, ഡിസൈനുകള്‍ എന്നീ ഘടകങ്ങളെല്ലാം അതിനെ ബാധിക്കുമെന്നും ജലാന്‍ പറഞ്ഞു. ഈ താരിഫ് താത്കാലികമാന്നെും 20-25 ശതമാനത്തിന്റെ സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കുമെന്നുമാണ് കരുതുന്നതെന്നും ജലാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
വ്യാപാരം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാണിജ്യമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ പ്രതിനിധി സംഘം ആഫ്രിക്കയും റഷ്യയും ഉടന്‍ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.




