ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷവും നഷ്ടത്തില്‍ നിന്ന് കരകയറാതെ എയര്‍ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും 2025 സാമ്പത്തിക വര്‍ഷത്തില്‍ 9,568.4 കോടി രൂപയുടെ നഷ്ടം നേരിട്ടു. നികുതിക്ക് മുന്‍പുള്ള നഷ്ടമാണിതെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോള്‍ പാര്‍ലമെന്റിനെ അറിയിച്ചു.
3,890.2 കോടി രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യക്കുണ്ടായത്. ചെലവ് കുറഞ്ഞ വിമാന സര്‍വീസ് നല്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് 5,678.2 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതാണ് തിരിച്ചടിക്ക് കാരണം. 2023 ല്‍ 117 കോടി രൂപ ലാഭത്തിലായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് 2024 സാമ്പത്തിക വര്‍ഷത്തില്‍ 163 കോടി രൂപ നഷ്ടത്തിലായിരുന്നു. ഇതാണ് അപ്രതീക്ഷിതമായി 35 ഇരട്ടി കുതിച്ചുയര്‍ന്നത്.
കടക്കെണിയിലായ പൊതുമേഖലാ കമ്പനിയായ എയര്‍ ഇന്ത്യയെയും എയര്‍ ഇന്ത്യ എക്സ്പ്രസിനെയും 2022 ലാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം 60% കുറച്ച് 4444 കോടി രൂപയിലേക്കെത്തിക്കാന്‍ ടാറ്റയ്ക്ക് സാധിച്ചിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 11,388 കോടി രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ഏറ്റെടുപ്പിന്റെ മൂന്നാം വര്‍ഷത്തില്‍ നഷ്ടം ഉയര്‍ന്നു.
മോശം സമയം
എയര്‍ ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ല സമയമല്ല ഇത്. 260 പേര് കൊല്ലപ്പെട്ട അഹമ്മാദാബാദ് വിമാനാപകടം കനത്ത ആഘാതമാണ് കമ്പനിക്ക് സൃഷ്ടിച്ചത്. വിമാനങ്ങള്‍ക്ക് പലതിനും സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതും വിമാനങ്ങള്‍ തുടര്‍ച്ചയായി വൈകുന്നതും മറ്റും വിമാനക്കമ്പനിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഓപ്പറേഷന് സിന്ദൂറിന് ശേഷം പാക് വ്യോമമേഖല ഒഴിവാക്കി പറക്കേണ്ടി വരുന്നതും അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനികളെ ബാധിച്ചിട്ടുണ്ട്.
ലാഭത്തില്‍ ഇന്‍ഡിഗോ
ഇന്‍ഡിഗോ ഒഴികെയുള്ള ആഭ്യന്തര വിമാനക്കമ്പനികളെല്ലാം കഴിഞ്ഞ വര്‍ഷം നഷ്ടത്തിലാണ്. 2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഡിഗോ നികുതിക്ക് മുമ്പ് 7,587.5 കോടി രൂപ ലാഭം രേഖപ്പെടുത്തി. സ്പൈസ് ജെറ്റ് നികുതിക്ക് മുമ്പ് 58.1 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. ആകാശ എയറിന് നികുതിക്ക് മുമ്പ് 1,983.4 കോടി രൂപ നഷ്ടം ഉണ്ടായതായി വ്യോമയാന മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
കടക്കെണി
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭമുണ്ടാക്കിയെങ്കിലും ആകെ കടത്തില്‍ 67,088.4 കോടി രൂപയുമായി മുന്നിലാണ് ഇന്‍ഡിഗോ. എയര്‍ ഇന്ത്യയുടെ കടം 26,879.6 കോടി രൂപയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ് 617.5 കോടി രൂപ, ആകാശ എയര്‍ 78.5 കോടി രൂപ, സ്പൈസ് ജെറ്റ് 886 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് വിമാനക്കമ്പനികളുടെ കടം.