ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് കഫേ കോഫി ഡേ വെറുമൊരു കാപ്പിക്കടയല്ല, പ്രണയം തുറന്നുപറയാനും ബിസിനസ് ഡീലുകള്‍ സംസാരിക്കാനും സൗഹൃദങ്ങള്‍ പങ്കുവെക്കാനും ഏറ്റവും നല്ലൊരിടമായിരുന്നു. വി ജി സിദ്ധാര്‍ത്ഥയെന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച സംരംഭകരിലൊരാളുടെ ആശയമായിരുന്നു അത്. സാധാരണ ബിസിനസുകാരില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു സിദ്ധാര്‍ത്ഥ. വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോഴും പ്രശസ്തിയുടെ മായിക വലയത്തില്‍ വീഴാതെ, സ്വകാര്യതയില്‍ ജീവിച്ച ക്രാന്തദര്‍ശിയായ മനുഷ്യന്.
ബിസിനസിലേക്ക് കടന്നുവരുന്ന ആരും അറിഞ്ഞിരിക്കേണ്ട വിജയകഥയാണ് സിദ്ധാര്‍ത്ഥയുടേത്. വ്യക്തമായ ലക്ഷ്യവും ദീര്‍ഘദര്‍ശനവും കൊണ്ട് ലാഭകരമായ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ കഥ. പക്ഷേ 2019 ജൂലൈയിലെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത വലിയൊരു ഞെട്ടലുണ്ടാക്കി. അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പ് കൂടി പുറത്തിറങ്ങിയതോടെ ആ ഞെട്ടല്‍ കൂടി. ലാഭകരമായ ബിസിനസ് മാതൃക ഉണ്ടാക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്നും വായ്പാദാതാക്കളില്‍ നിന്നും പ്രൈവറ്റ് ഇക്വിറ്റി പാര്‍ട്ണര്‍മാരില്‍ നിന്നും ആദായ നികുതി വകുപ്പില്‍ നിന്നുമെല്ലാം വലിയ സമ്മര്‍ദ്ദം നേരിടുന്നുവെന്നുമാണ് ആ കുറിപ്പിലുണ്ടായിരുന്നത്. വിജയം നേടിയ വ്യവസായി എന്ന പ്രതിച്ഛായയില്‍ നിന്നും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയ സംരംഭകന് എന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല.
വി ജി സിദ്ധാര്‍ത്ഥയുടെ കഥയില്‍ നിന്നും യുവ സംരംഭകര്‍ ഉള്‍ക്കൊള്ളേണ്ട ചില പാഠങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്. ബിസിനസില്‍ പുറമേ നിന്ന് നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകാത്ത, ബാലന്‍സ് ഷീറ്റില്‍ പ്രകടമാകാത്ത ചില പ്രതിസന്ധികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
വിജയ പ്രതിച്ഛായ മറച്ച കടബാധ്യത
പുറമേ നിന്ന് നോക്കുമ്പോള്‍ സിദ്ധാര്‍ത്ഥയുടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കോഫി ഡേ എന്റര്പ്രസൈസസ് ലിമിറ്റഡ് (CDEL) എന്ന കമ്പനിക്ക് അതിന്റെ വായ്പാ പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള ആസ്തികള്‍ ഉണ്ടായിരുന്നു. പണ ലഭ്യത പ്രശ്നം നേരിടുമ്പോഴും വരവുചിലവുകള്‍ തട്ടിച്ചുനോക്കുമ്പോള്‍ കമ്പനി ലാഭത്തിലും ആയിരുന്നു. ഇത് വലിയ രീതിയിലുള്ള ആശയക്കുഴപ്പമുണ്ടാക്കി. കൈകാര്യം ചെയ്യാവുന്ന സാമ്പത്തിക പ്രതിസന്ധി ആയിട്ടുകൂടി സിദ്ധാര്‍ത്ഥ എന്തിന് ഈ കടുംകൈ ചെയ്തു എന്നതായിരുന്നു പലരുടെയും സംശയം.
എന്നാല്‍ പിന്നീട് പുറത്തുവന്ന വിവരങ്ങള്‍ അതുവരെ കമ്പനിയെ കുറിച്ച് ആളുകള്‍ കരുതിയതില്‍ നിന്നും വ്യത്യസ്തമായിരുന്നു. പ്രതീക്ഷയുള്ള പല കമ്പനികളിലും പദ്ധതികളിലും നിക്ഷേപം നടത്തുന്നതിനായി സിദ്ധാര്‍ത്ഥ വലിയ വായ്പകള്‍ എടുത്തുകൊണ്ടിരുന്നു. ഓഹരിവിപണികള്‍ ഒരിക്കലും സിദ്ധാര്‍ത്ഥയുടെ വ്യക്തിപരമായ ബാധ്യതകള്‍ കണ്ടില്ല, കമ്പനിയുടെ ലാഭം മാത്രമാണ് അവ കണ്ടത്. പക്ഷേ വായ്പ എത്രയും വേഗം തിരിച്ചടയക്കണമെന്ന് ബാങ്കുകാര് പ്രശ്നമുണ്ടാക്കിത്തുടങ്ങി. CDEL-ന്റെ മൊത്തം വായ്പ ബാധ്യത 6547 കോടി രൂപ ആയിരുന്നുവെങ്കില്‍ ഗ്രൂപ്പിന്റെ മൊത്തം വായ്പയും വ്യക്തിപരമായ വായ്പയും 11,000 കോടി രൂപയ്ക്ക് മുകളിലായിരുന്നു.
ഇതൊരു പാഠമാണ്, ഒരു കമ്പനിയെ കുറിച്ച് പൊതുവില്‍ നിലനില്‍ക്കുന്ന പ്രതിച്ഛായ അതിന്റെ സ്ഥാപകന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വെളിവാക്കണമെന്നില്ല.
സങ്കീര്‍ണ്ണമായ ഘടന ദുരന്തത്തിന് മരുന്നായി
സിദ്ധാര്‍ത്ഥ തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത് അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഒരു കോര്‍പ്പറേറ്റ് ഘടനയിലായിരുന്നു. ഒരു ഹോള്‍ഡിംഗ് കമ്പനിയും നാല് ഉപകമ്പനികളും നാല്‍പ്പതോളം ചെറുകമ്പനികളും അരഡസനോളം പങ്കാളിത്തങ്ങളും സംയുക്ത സംരംഭങ്ങളും. ദുര്‍ഘടമായ ഈ ഘടന തന്നെയാണ് പബ്ലിക് കമ്പനിക്കും സ്വകാര്യ കടത്തിനും ഇടയില്‍ പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലാതിരിക്കാനും അത് വലുതാകാനും കാരണമായത്.
കമ്പനിയുടെ ഈ സങ്കീര്‍ണ്ണഘടന നിക്ഷേപകരെയും വായ്പാദാതാക്കളെയും ഓഡിറ്റര്‍മാരെ വരെ ആശയക്കുഴപ്പത്തിലാക്കി. ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചോ ഫണ്ടുകളെ കുറിച്ചോ ആര്‍ക്കും വ്യക്തമായ ചിത്രം കിട്ടിയില്ല. ഗ്രൂപ്പിന് കീഴിലെ 40 ഉപകമ്പനികളെ ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് ഒരിക്കല്‍ കമ്പനി ഓഡിറ്ററായ ബിഎസ്ആര്‍ ആന്‍ഡ് അസോസിയേറ്റ്സ് വ്യക്തമാക്കിയിരുന്നു.
ഈ സങ്കീര്‍ണ്ണ ഘടന തന്റെ പദ്ധതികള്ക്കൊത്ത് പല ലെവലുകളില്‍ നിന്നായി ഫണ്ടുകള്‍ നേടാന്‍ സിദ്ധാര്‍ത്ഥയെ സഹായിച്ചെങ്കിലും അവസാനം അത് ദുരന്തത്തിനുള്ള മരുന്നായി. ആസ്തികളും ബാധ്യതയും കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയായി. ഒടുവില്‍ മാത്രമേ ആ വലിയ വായ്പാ പ്രതിസന്ധി മറ നീക്കി പുറത്തുവന്നുള്ളു.
നിക്ഷേപകരുടെ ക്ഷമയെ തെറ്റിദ്ധരിച്ചു
ക്ഷമയോടെയാണ് സിദ്ധാര്‍ത്ഥ സമ്പത്ത് കെട്ടിപ്പടുത്തത്. ഇന്‍ഫോസിസിലെ നിക്ഷേപം പോലെ ഓഹരിവിപണികളില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തി. പക്ഷേ തന്റെ സ്വകാര്യ നിക്ഷേപകരും തന്നെപ്പോലെ ക്ഷമാശീലരായിരിക്കുമെന്ന് കരുതിയതാണ് സിദ്ധാര്‍ത്ഥയ്ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. വലിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് സമയം വേണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍ പല നിക്ഷേപകരില്‍ നിന്നുമുള്ള സമ്മര്‍ദ്ദം താങ്ങാന്‍ അദ്ദേഹത്തിനായില്ല.
ക്ഷമ ഒരു നിക്ഷേപകന് വേണ്ട ഏറ്റവും ആവശ്യമായ ഗുണമാണെന്ന് ഓഹരി വിപണികള്‍ അദ്ദേഹത്തെ പഠിപ്പിച്ചിരുന്നു. പക്ഷേ സ്വകാര്യ ഇക്വിറ്റി ഫണ്ട് നിക്ഷേപകര്‍ ദീര്‍ഘകാല നിക്ഷേപത്തിന് തയ്യാറാകുമെന്നത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയായിരുന്നു. സ്വകാര്യ ഇക്വിറ്റി കമ്പനികളില്‍ നിന്നും വായ്പ നല്കിയ ബാങ്കുകളില്‍ നിന്നും വലിയ രീതിയിലുള്ള സമ്മര്‍ദ്ദം അദ്ദേഹം നേരിട്ടു. വേഗത്തിലുള്ള റിട്ടേണാണ് അവര്‍ അവരുടെ നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചത്. KKR എന്ന ഒരു പ്രധാന നിക്ഷേപകര്‍ കമ്പനിയിലെ നിക്ഷേപം കുറച്ചതോടെ സമ്മര്‍ദ്ദം കൂടി.
സംരംഭകര്‍ മനസ്സിലാക്കേണ്ട മറ്റൊരു വലിയ പാഠമാണിത്. സ്വകാര്യ ഇക്വിറ്റികളുടെ നിക്ഷേപ കാലാവധികള്‍ പൊതു ഓഹരി വിപണിയിലേത് പോലെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ ആയിരിക്കുമെന്നും നിക്ഷേപകര്‍ ക്ഷമയും സൗമ്യ മനസ്ഥിതിയുള്ളവരും ആയിരിക്കുമെന്ന് കരുതരുത്.
ആദായ നികുതി വകുപ്പിന്റെ അധിക്ഷേപം
തന്റെ അവസാനത്തെ കത്തില്‍ ആദായ നികുതി വകുപ്പില്‍ നിന്നും താന്‍ നേരിട്ട അധിക്ഷേപത്തെ കുറിച്ച് സിദ്ധാര്‍ത്ഥ പരാമര്‍ശിക്കുന്നുണ്ട്. കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്ന തന്റെ ആത്മവിശ്വാസം കെടുത്തിയത് ഈ സംഭവമാണെന്ന് സിദ്ധാര്‍ത്ഥ ആരോപിച്ചിരുന്നു. ഐടി കമ്പനിയായ മൈന്‍ഡ് ട്രീയിലെ തന്റെ ഉടമാവകാശം രണ്ട് തവണയായി ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയെന്നും ഫണ്ടുകള്‍ സമാഹരിക്കാനുള്ള നിര്‍ണ്ണായക ഡീലുകളെ ഈ നീക്കെ ബാധിച്ചെന്നും അദ്ദേഹം പറയുന്നു. ഇതാണ് ഗുരുതരമായ ധനലഭ്യത പ്രശ്നം ഉണ്ടാക്കിയത്.
അതേസമയം ഇടപാടുകള്‍ മറച്ചുവെച്ചതിന്റെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ സിദ്ധാര്‍ത്ഥയ്ക്കെതിരെ നടപടിയെടുത്തതെന്ന് ആദായ നികുതി വകുപ്പും വിശദീകരിച്ചു. മാത്രമല്ല, 480 കോടി രൂപയുടെ രേഖകളില്ലാത്ത വരുമാനം ഉണ്ടായിരുന്നതായി സിദ്ധാര്‍ത്ഥ തന്നെ സമ്മതിച്ചതായും നികുതിവകുപ്പ് ആരോപിച്ചു.
നിക്ഷേപകര്‍ ആയാലും, വായാപാദാതാക്കള്‍ ആയാലും, സര്‍ക്കാര്‍ വകുപ്പുകള്‍ ആയാലും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഒരു സംരംഭകനെ എത്രത്തോളം തളര്‍ത്താമെന്നാണ് സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ വ്യക്തമാക്കുന്നത്.
ആകാശത്തോളം പ്രതീക്ഷ പുലര്‍ത്തിയ വ്യക്തി
അതിരുകളില്ലാത്ത പ്രതീക്ഷയും ലക്ഷ്യങ്ങളുമായിരുന്നു സിദ്ധാര്‍ത്ഥയ്ക്ക് ഉണ്ടായിരുന്നത്. ഇന്‍ഫോസിസ് ഐപിഒ വിജയം മുതല്‍ കഫേ കോഫി ഡേ എന്ന സ്വപ്നം വരെ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ വളരെ വിശാലമായിരുന്നു. സിസിഡി പോലെയൊരു ഇന്ത്യന്‍ ബ്രാന്‍ഡ് ടൈം സ്ക്വയറിലോ ഓര്‍ച്ചഡ് സ്ട്രീറ്റിലോ ഫീച്ചര്‍ ചെയ്യപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഒരിക്കല്‍ സിദ്ധാര്‍ത്ഥ തന്റെ സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്. അത് ഇന്ത്യക്കാര്‍ക്കും നമുക്കും അഭിമാന നിമിഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ ഈ വലിയ സ്വപ്നം യാഥാര്‍ത്ഥ്യത്തില്‍ നിന്നും സാമ്പത്തിത സ്ഥിതിയില്‍ നിന്നും വളരെ അകലെയായിരുന്നു. ബിസിനസ് വിപുലീകരണ പദ്ധതികള്‍ക്ക് ഫണ്ട് ഉണ്ടാക്കാനായി ആസ്തികള്‍ പലതും നഷ്ടപ്പെടുത്തേണ്ടതായി വന്നു. കമ്പനി ഓഹരികള്‍, ആസ്തികള്‍, വ്യക്തിപരമായ സ്വത്തുക്കള്‍ എന്നിവയെല്ലാം ഇതിനായി ഉപയോഗിച്ചു.
സ്വപ്നങ്ങളും യഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യാത്മകത അംഗീകരിക്കുക എന്നതാണ് ഇതില്‍ നിന്നും സംരംഭകര്‍ പഠിക്കേണ്ടത്. സ്ഥിരതയില്ലാതെ, കടമെടുത്ത് ഒരു വലിയ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ നോക്കിയാല്‍ തീ കൊണ്ട് കളിക്കുന്ന അവസ്ഥയിലെത്തുമെന്ന് സംരംഭകര്‍ ഓര്‍ത്തിരിക്കണം.
ലാഭക്കണക്കുകളിലല്ല യാഥാര്‍ത്ഥ്യം
കോര്‍പ്പറേറ്റ് ഫിനാന്‍സുകള്‍ക്ക് അപ്പുറമുള്ള കഥയാണ് സിദ്ധാര്‍ത്ഥയുടേത്. അദൃശ്യമായ സമ്മര്‍ദ്ദങ്ങളും ഒളിഞ്ഞുകിടക്കുന്ന സങ്കീര്‍ണ്ണതകളും വ്യക്തിപരമായ ബാധ്യതകളും സംരംഭകയാത്രയില്‍ ഉണ്ടാകാമെന്ന ഓര്‍മ്മപ്പെടുത്തലാണത്. ആളുകള്‍ കരുതുന്നതും യാഥാര്‍ത്ഥ്യവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും അത് സൂചിപ്പിക്കുന്നു. സങ്കീര്‍ണ്ണായ കോര്‍പ്പറേറ്റ് ഘടനകള്‍ പതിയിരിക്കുന്ന അപകടങ്ങളെ മറച്ചുപിടിക്കും പല മൂലധന സ്രോതസ്സുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം സസൂക്ഷ്മം കൈകാര്യം ചെയ്യണം.
സിദ്ധാര്‍ത്ഥയുടെ ദുരന്തം ചില ചോദ്യങ്ങള്‍ ബാക്കിവെക്കുന്നുണ്ട്, ബിസിനസുകാരെ പിന്തുണയ്ക്കുന്ന നിലയില്‍ ബിസിനസ് ആവാസ വ്യവസ്ഥയും സംസ്കാരവും മാറേണ്ടതല്ലേ. അതുപോലെ, ഏറെ വൈകുന്നതിന് മുമ്പ് നേരിടുന്ന പ്രതിസന്ധികള്‍ ബിസിനസുകാരും അംഗീകരിക്കേണ്ടേ?


