കേരളത്തിൽ ഏറ്റവും കൂടുതൽ വനിതാ സംരംഭങ്ങൾക്ക് തുടക്കമായത് കോവിഡ് കാലത്താണ്. മറ്റ് പ്രൊഫഷനുകളിൽ സജീവമായി നിൽക്കുമ്പോഴും ക്രിയാത്മകമായ ബിസിനസ് ആശയങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്നവരാണ് കേരളത്തിലെ സ്ത്രീകൾ എന്ന് തെളിയിച്ച കാലമായിരുന്നു കോവിഡ് കാലം. പൊതുവെ കെട്ട കാലമെന്ന് പറയപ്പെടുമ്പോഴും സംരംഭക രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച കാലമായിരുന്നു അത്. ഇത്തരത്തിൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 2019 ൽ ലോക്ക് ഡൗണ്‍ വന്നപ്പോൾ തന്റെയുള്ളിലെ സംരംഭകയെ തിരിച്ചറിഞ്ഞ വ്യക്തിയാണ് മലപ്പുറം സ്വദേശിനിയായ രജിത മനു.
അധ്യാപികയായ രജിതയെ സംരംഭകത്വത്തിലേക്ക് വഴിതിരിച്ചു വിട്ടത് ലോക്ക് ഡൗണ്‍ കാലയളവിലുണ്ടായ ഒറ്റപ്പെടലും മടുപ്പും ആയിരുന്നു. നീലയാംബരി എന്ന പേരിൽ കാച്ചെണ്ണ വിപണിയിൽ എത്തിച്ചു കൊണ്ടായിരുന്നു രജിതയുടെ തുടക്കം. ലോക്ക് ഡൗണ്‍ കാലത്തിന്റെ മടുപ്പിലിരിക്കുന്ന ജനങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ തന്നെ സൗന്ദര്യ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനുമെല്ലാം പ്രാധാന്യം കൊടുക്കുന്ന സമയത്താണ് നീലയാംബരി എന്ന ബ്രാൻഡുമായി രജിതയുടെ വരവ്. സൗഹൃദകൂട്ടായ്മയിൽ പരിചയപ്പെടുത്തിയ കാച്ചെണ്ണ വൈറലായത് വളരെ വേഗത്തിലായിരുന്നു. കോവിഡിന് ശേഷവും കാച്ചെണ്ണ ബ്രാൻഡിന് ആവശ്യക്കാർ വർധിച്ചു വന്നതോടെ സൗന്ദര്യ വർധക വസ്തുക്കളുടെ വിപണി മനസിലാക്കി രജിത ഈ മേഖലയിലേക്ക് തിരിയുകയായിരുന്നു.
പാരമ്പര്യത്തിലൂന്നിയ കാച്ചെണ്ണ
ചെറുപ്പം മുതല്‍ക്ക് നീണ്ട ഇടതൂര്‍ന്ന മുടികളായിരുന്നു രജിതയെ വേറിട്ട് നിര്‍ത്തിയിരുന്നത്. അമ്മ കാച്ചി തന്നിരുന്ന കറ്റാര്‍വാഴയും വേപ്പും കൈയ്യുണ്യവും നീലയമരിയും എല്ലാം ചേര്‍ത്ത എണ്ണയായിരുന്നു ഇടതൂര്‍ന്ന ആ മുടിയുടെ രഹസ്യം. വിവാഹശേഷം, അമ്മയില്‍ നിന്നും എണ്ണയുടെ കൂട്ട് മനസിലാക്കി തനിക്കാവശ്യമായ എണ്ണ രജിത സ്വയം കാച്ചാന്‍ തുടങ്ങി. രജിതയുടെ ഇടതൂർന്ന മുടിയിഴകൾ കണ്ട് ഈ എണ്ണ ആര് ചോദിച്ചാലും ഒരു മടിയും കൂടാതെ അതിന്റെ കൂട്ട് പറഞ്ഞു കൊടുക്കുമായിരുന്നു രജിത.
അങ്ങനെ കോവിഡ് കാലമായി , ലോക്ക് ഡൗണ്‍ വന്നു. അധ്യാപനം ഓണ്‍ലൈന്‍ വഴിയായി. അതോടെ കയ്യില്‍ ധാരാളം സമയം ബാക്കി. പ്രൊഡക്റ്റിവ് ആയി എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ആഗ്രഹവുമായി ഇരിക്കുമ്പോഴാണ് അടുത്ത സുഹൃത്ത് മുടികൊഴിച്ചിലിനെപ്പറ്റി പരിഭവം പറയുന്നത്. കോവിഡിൽ ഒറ്റപ്പെടലും സ്ട്രെസും നിമിത്തം മുടി കൊഴിച്ചിലനുഭവപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു. മുടികൊഴിച്ചിൽ നിൽക്കാനായി താൻ ഉപയോഗിക്കുന്ന എണ്ണയുടെ കൂട്ട് പറഞ്ഞു കൊടുത്തെങ്കിലും ഒറ്റക്ക് എണ്ണ കാച്ചാനുള്ള ധൈര്യം സുഹൃത്തിനുണ്ടായിരുന്നില്ല. അങ്ങനെ സുഹൃത്തിന്റെ ആവശ്യപ്രകാരം കുറച്ച് എണ്ണ കാച്ചി നല്കി. ഉപയോഗിച്ചപ്പോഴോ, സുഹൃത്ത് പൂര്‍ണ സംതൃപ്ത. എണ്ണയ്ക്ക് വീണ്ടും ഓര്‍ഡര്‍ ലഭിക്കാന്‍ തുടങ്ങിയതോടെ കാച്ചെണ്ണ നിര്‍മാണം ഒരു വരുമാനമാര്ഗമാക്കിക്കൂടെ എന്ന് ചില അടുത്ത സുഹൃത്തുക്കള്‍ ചോദിച്ചു. അടുത്ത സുഹൃത്തുക്കളുടെ ആ വാക്കുകളാണ് രജിതയ്ക്ക് ഈ രംഗത്ത് പ്രചോദനമായത്.
” ഞാൻ തിരിച്ചും മറിച്ചും ആലോചിച്ചു. കാച്ചെണ്ണ ഉണ്ടാക്കുക എന്ന് പറഞ്ഞാൽ അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വലിയ അളവിലാണെങ്കിൽ പറയുകയേ വേണ്ട. പച്ചമരുന്നുകളുടെ ലഭ്യത, വില്പനയ്ക്ക് വയ്ക്കുമ്പോള്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം, അടിസ്ഥാന മൂലധന നിക്ഷേപം തുടങ്ങി പല കാര്യങ്ങളും പ്രശ്നമാണ്. കൃത്യമായ ഒരു മാർക്കറ്റ് പ്ലാൻ ഉണ്ടെങ്കിൽമാത്രമേ ഈ രംഗത്ത് വിജയിക്കാൻ കഴിയൂ. സ്കൂളിലെ ജോലിയും അധ്യാപിക എന്ന ഉത്തരവാദിത്വവുമെല്ലാം ഇതിനൊപ്പം കൊണ്ട് നടക്കുകയും വേണം. ഇങ്ങനെ നിരവധി സംശയങ്ങൾക്കും ശങ്കകൾക്കും ഇടയിൽ നിന്ന രജിതയ്ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് മനോജ് എത്തിയതോടെ സ്വന്തം മുടിയുടെ രഹസ്യമായ കാച്ചെണ്ണ നീലയാംബരി നാച്ചുറൽ പ്രോഡക്റ്റ്സ് എന്ന പേരില്‍ വിപണിയില്‍ എത്തിക്കാന്‍ തന്നെ രജിത തീരുമാനിച്ചു.
ആയിരം എണ്ണ ബ്രാൻഡുകളിൽ ഒന്നല്ല നീലയാംബരി
മുടി വളരുന്നതിനും താരന്, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമൊക്കെയായി നിരവധി എണ്ണകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. കൂട്ടത്തില്‍ ഒന്നായി മാറുകയല്ലായിരുന്നു നീലയാംബരി.വലിയ തോതിൽ വ്യാവസായികാടിസ്ഥാനത്തില്‍ നിര്മിക്കുന്നതല്ല നീലയാംബരി എന്നതായിരുന്നു രജിതയുടെ ഉല്പന്നത്തിന്റെ പ്ലസ് പോയിന്റ്. മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന , തലക്ക് തണുപ്പ് നൽകുന്ന നീലിയമരിയും കയ്യുണ്യവും കറ്റാര്‍വാഴയുമെല്ലാം ചേര്‍ത്ത് ഓട്ടുരുളിവച്ച് ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത എണ്ണയുടെ ഗുണം പഴമക്കാര്‍ പറയുന്ന അതേ ചേരുവയില്‍ തന്നെ പുതു തലമുറയ്ക്ക് ലഭ്യമാക്കുകയായിരുന്നു രജിത. മുടിയുടെ വളർച്ചയേക്കാൾ തുടക്കത്തിൽ തലക്ക് കിട്ടുന്ന സുഖകരമായ തണുപ്പിനും ശാന്തതയ്ക്കുമാണ് ഉപഭോക്താക്കൾ തുടക്കത്തിൽ പ്രാധാന്യം നൽകിയത് . തികച്ചും ഹോം മേഡ് ആയ ഒരു ഉല്‍പ്പന്നം എന്ന നിലയ്ക്കാണ് നീലയാംബരി തുടക്കത്തില്‍ വിപണി പിടിച്ചത്.
” തുടക്കം ഒരു പരീക്ഷണമായിരുന്നു. മികച്ച ഉൽപ്പന്നം തന്നെ വിപണിയിലെത്തിക്കാനായി ഉൽപ്പന്നത്തെ പറ്റിയും കേടു കൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളെ പറ്റിയും വിപണിയെ പറ്റിയുമെല്ലാം നന്നായി പഠിച്ചു. എല്ലാവിധ പച്ചമരുന്നുകളുടെയും ലഭ്യത ഉറപ്പാക്കുക എന്നതായിരുന്നു പ്രധാന ചുമതല. കറ്റാര്‍വാഴ, നീലയമരി, കയ്യുണ്യം തുടങ്ങിയ പച്ചമരുന്നുകള്‍ എല്ലാം തന്നെ വീടിനു ചുറ്റുമുള്ള പറമ്പില്‍ ലഭ്യമായിരുന്നു. എന്നാൽ ആദ്യ ബാച്ച് എണ്ണ നിർമിച്ചതോടെ പറമ്പിലുണ്ടായിരുന്ന പച്ചമരുന്നുകൾ തീർന്നു. വീണ്ടും വീണ്ടും തുടർച്ചയായി ഓർഡറുകൾ ലഭിക്കാൻ തുടങ്ങിയതോടെ ഞാൻ ആക്ടീവായ ഒരു വനിതാ ഫേസ്ബുക്ക് കൂട്ടായ്മയിലെ സുഹൃത്തുക്കളോട് ഞാന്‍ കാര്യം പറഞ്ഞു.ഓർഡറുകൾക്കൊപ്പം പച്ചമരുന്നുകൾ കണ്ടെത്താനും എനിക്ക് ഈ കൂട്ടായ്മ സഹായകമായി. തുടക്കത്തിൽ നഗരങ്ങളിൽ നിന്നുള്ള ആളുകളായിരുന്നു എന്റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും. നഗരങ്ങളില്‍ നീലിയമരിയും കയ്യുണ്യവും എല്ലാം ചേര്‍ത്ത എണ്ണ കിട്ടാനില്ലെന്നതായിരുന്നു ഇതിനുള്ള കാരണം.” രജിത പ്രോഫിറ്റ് ന്യൂസിനോട് പറയുന്നു.
ഫേസ്ബുക്ക് പേജില്‍ നിന്നും തുടക്കം
ചുറ്റും പിന്തുണയുമായി വീട്ടുകാരും കൂട്ടുകാരും നിന്നതോടെ അധ്യാപനത്തോടൊപ്പം സംരംഭകത്വത്തിലും തന്റെ ഭാഗ്യം പരീക്ഷിക്കാൻ രജിത മുന്നിട്ടിറങ്ങി.നീലയാംബരി എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് നിർമിച്ചുകൊണ്ട് രജിത സംരംഭകരംഗത്ത് തന്റെ ഉൽപ്പന്നത്തിന്റെ സാന്നിധ്യം അറിയിച്ചു. തുടക്കത്തില്‍ സുഹൃത്തുക്കള്‍ ആയിരുന്നു പ്രധാന ഉപഭോക്താക്കള്‍. എന്നാല്‍ ഒരു വട്ടം ഉപയോഗിച്ച് കഴിയുന്നതോടെ മികച്ച ഫലം ലഭിക്കുന്ന ആളുകള്‍ കൂടുതല്‍ എണ്ണയ്ക്ക് ഓര്‍ഡര്‍ നല്കി. മാത്രമല്ല, മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റി വഴിയും ധാരാളം ഓര്‍ഡറുകള്‍ ലഭിച്ചു. എന്തിനേറെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യക്ക് പുറത്ത് നിന്ന് പോലും ഓർഡറുകൾ രജിതയെ തേടി എത്തിത്തുടങ്ങി.
നീലയാംബരി ഉപയോഗിച്ച ശേഷം ലഭിക്കുന്ന ഓരോ പോസറ്റിവ് അഭിപ്രായവും രജിതയ്ക്ക് കൂടുതല്‍ മുന്നോട്ട് പോകുന്നതിനുള്ള അവസരമൊരുക്കി.ഓരോ പുതിയ ബാച്ച് എണ്ണ നിര്‍മിക്കുമ്പോഴും അത് ഫേസ്ബുക്ക് പേജില്‍ അപ്ഡേറ്റ് ചെയ്യും. കാലതാമസമില്ലാതെ ഓര്‍ഡറുകളും പൂര്‍ത്തിയാകും. ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് ഗൂഗിള്‍ പേ വഴി പണം നല്‍കാം. നിശ്ചിത ദിവസത്തിനുള്ളില്‍ ഇന്ത്യയ്ക്കുള്ളില്‍ എവിടെയും എണ്ണ കൊറിയര്‍ ആയി എത്തിച്ചു നല്‍കും.കഴിഞ്ഞ ആറു വർഷമായി ഇതാണ് രജിതയുടെയും നീലയാംബരിയുടെയും ബിസിനസ് മോഡൽ.
ഒരു മാറ്റം ആർക്കാണ് ഇഷ്ടമില്ലാത്തത് ?
”പൊതുവെ സംരംഭകത്വത്തിന് മികച്ച പിന്തുണ ലഭിച്ച കാലമായിരുന്നു കോവിഡ് കാലം.ഈ പിന്തുണയാണ് എന്നെ ഒരു സംരംഭകയാക്കി മാറ്റിയത്. അധ്യാപനം എന്നതിനപ്പുറം മറ്റൊന്നിനെ പറ്റിയും ചിന്തിക്കാത്ത എനിക്ക് തുടക്കത്തില്‍ എണ്ണ നിര്‍മിച്ചു വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമോ, ബിസിനസിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ കഴിയുമോ എന്നൊക്കെ ഭയം ഉണ്ടായിരുന്നു. എന്നാല്‍ സുഹൃത്തുക്കളില്‍ പലരും ലോക്ക് ഡൗണില്‍ തന്റേതായ കഴിവുകള്‍ ഉപയോഗിച്ചും ഫേസ്ബുക്കിനെ മാര്‍ക്കറ്റിംഗ് ടൂള്‍ ആക്കിയും വരുമാനം കണ്ടെത്തുന്നത് കണ്ടപ്പോള്‍, എന്നാല്‍ പിന്നെ ഒരു പരീക്ഷണം ആകാമെന്ന ചിന്തയായി. ആ ചിന്ത ശരിയായിരുന്നു എന്ന് പിന്നീടുള്ള ബ്രാൻഡ് വളർച്ച തെളിയിച്ചു” രജിത പറയുന്നു
അച്ഛൻ നൽകിയ പണം കൊണ്ട് തുടക്കം
കാച്ചെണ്ണ ബിസിനസ് തുടങ്ങാനുള്ള തന്റെ തീരുമാനം രജിത അറിയിച്ചപ്പോള്‍ ബിസിനസിലേക്ക് ആദ്യമായി നിക്ഷേപം നടത്തിയത് രജിതയുടെ അച്ഛനായിരുന്നു. അത് തന്നെയായിരുന്നു രജിതയുടെ ഏറ്റവും വലിയ സന്തോഷവുംതുടക്കത്തിൽ തന്നെ വലിയ നിക്ഷേപങ്ങളിലേക്ക് പോകാതെ പരീക്ഷണാര്‍ത്ഥം രണ്ട് ലിറ്റര്‍ എണ്ണ വാങ്ങി നീലയാംബരിയുടെ ആദ്യ ബാച്ച് നിർമിക്കാൻ പ്രേരിപ്പിച്ചത് അച്ഛനായിരുന്നു. ഇത്തരത്തിലുണ്ടാക്കിയ കാച്ചെണ്ണ ദിവസങ്ങള്‍ക്കുള്ളില്‍ അത് വിറ്റുപോയി. അതില്‍ ഏറിയ പങ്കും വാങ്ങിയത് പരിചയക്കാര് തന്നെയായിരുന്നു. പിന്നീട് ഉപയോഗിച്ചവരെല്ലാം നല്ല അഭിപ്രായം പറയാന്‍ തുടങ്ങിയതോടെ കൂടുതൽ ഓര്‍ഡറുകള്‍ വരാന്‍ തുടങ്ങി.
മുടികൊഴികൊഴിച്ചില്, താരന്, അറ്റം പിളരല്‍, അകാലനര , ഉറക്കക്കുറവ് തുടങ്ങിയവയ്ക്ക് ഏറെ ഫലപ്രദമാണ് നീലയാംബരി എന്ന് ഉപഭോക്താക്കള്‍ വിധിയെഴുതിക്കഴിഞ്ഞു . തൊലിപ്പുറത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും നീലാംബരി ഫലപ്രദമാണ്. ഗുണമേന്മയില് വിട്ടു വീഴ്ച ചെയ്യാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്നെ പച്ചമരുന്നുകളുടെ ലഭ്യത മുന്‍നിര്‍ത്തി മാത്രമാണ് എണ്ണ നിര്‍മിക്കുന്നത്. ഇപ്പോൾ പച്ചമരുന്നുകൾ കൃഷി ചെയ്യാൻ പരിസരവാസികളായ സ്ത്രീകളെ പ്രോത്സാഹിപ്പിച്ച് അവരിൽ നിന്നും പണം കൊടുത്ത് പച്ചമരുന്നുകൾ വാങ്ങി സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലും രജിത ഭാഗമാകുന്നുണ്ട്. നിലവിൽ കാച്ചെണ്ണ വിപണിയിൽ സജീവമാണ് നീലയാംബരി എന്ന ബ്രാൻഡ്. അധ്യാപനവും സംരംഭകത്വവും ഒരുമിച്ചു മുന്നോട്ട് കൊണ്ട് പോകാൻ രജിതയ്ക്ക് സാധിക്കുന്നുണ്ട്.
സോപ്പ് മുതൽ ബോഡി ലോഷൻ വരെ
സംരംഭകത്വത്തിലേക്ക് ഇറങ്ങിയപ്പോഴാണ് സൗന്ദര്യ സംരക്ഷണ വസ്തുക്കളുടെ വിപണി എത്രമാത്രം വലുതാണെന്ന് രജിത മനസിലാക്കിയത്. അതിനാൽ തന്നെ ഈ രംഗത്തെ സാധ്യതകളെ പറ്റി കൂടുതൽ പഠിക്കുകയും മറ്റ് ഉൽപ്പന്നങ്ങളുടെ നിർമാണവും വിപണനവും ആരംഭിക്കുകയും ചെയ്തു. കാച്ചെണ്ണയിൽ നിലനിർത്തുന്ന പാരമ്പര്യം അതെ രീതിയിൽ സംരക്ഷിക്കുന്ന ഉൽപ്പന്നങ്ങളാണ് രജിത തുടർന്നും വിപണിയിൽ എത്തിച്ചത്. ഹാൻഡ് മേഡ് സോപ്പുകൾ , ആട്ടിൻപാലിൽ നിന്നുള്ള ബോഡി ലോഷനുകൾ , നീലയമരി പൊടി, ഹെന്ന പൊടി , ചെമ്പരത്തിതാളി, കറ്റാർ വാഴ ജെൽ, ഫേസ് പാക്കുകൾ , ശിശുക്കൾക്കായുള്ള എണ്ണ തുടങ്ങി അനേകം ഉൽപ്പന്നങ്ങൾ രജിത വിപണിയിൽ എത്തിക്കുന്നു.
വീടിനോട് ചേർന്ന് പുതുതായി നിർമിച്ച സ്ഥാപനത്തിലാണ് ഉൽപ്പന്നങ്ങളുടെ നിർമാണം , പാക്കിങ് എന്നിവ നടക്കുന്നത്. പച്ചമരുന്നുകൾ ശേഖരിച്ച് ഇവിടെ കൊണ്ട് വന്നു വൃത്തിയാക്കി പിഴിഞ്ഞ് നീരെടുത്താണ് എണ്ണ നിർമാണം. ചെറിയ നിക്ഷേപത്തിൽ നിന്നും തുടങ്ങി കഠിനപ്രയത്നം , വിപണി പഠനം എന്നി മുൻനിർത്തി വളർന്നു വന്ന ബ്രാൻഡ് എന്ന നിലയിൽ മികച്ച വരുമാനം ഈ രംഗത്ത് നിന്നും കണ്ടെത്താൻ നീലയാംബരിക്ക് കഴിയുന്നുണ്ട്. നീലയാംബരിയെ ഒരു വലിയ ബ്രാന്‍ഡായി വളര്‍ത്തണം എന്ന ആഗ്രഹമാണ് ഒരു സംരംഭകയുടെ കുപ്പായമിട്ടുകൊണ്ട് രജിത മുന്നോട്ട് വയ്ക്കുന്നത്.അധ്യാപനവും എണ്ണ നിര്‍മാണവും ഒരുമിച്ചു കൊണ്ട് പോകുന്നതിനാല്‍ തന്നെ ബ്രാന്‍ഡിംഗ് , മാര്‍ക്കറ്റിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് ഭർത്താവ് മനോജ്,മകൾ എന്നിവരടങ്ങുന്ന കുടുംബമാണ്. എക്സിബിഷനുകളിൽ സജീവമാണ് രാജിതയും നീലയാംബരിയും.
സംരംഭകരംഗത്തേക്ക് കടക്കുന്ന വീട്ടമ്മമാരോട് പറയാനുള്ളത്
കൃത്യമായ വരുമാനം ലഭിക്കുന്ന ഒരു തൊഴിൽ ഉണ്ടെങ്കിലും ഒരു പാസീവ് ഇൻകം മോഡൽ എന്ന നിലയിൽ ആരംഭിക്കാൻ കഴിയുന്ന നിരവധി ബിസിനസുകളുണ്ട്. അവരവരുടെ താല്പര്യം , കഴിവ് എന്നിവ അനുസരിച്ച് ഇത്തരത്തിലുള്ള ബിസിനസുകൾ തെരഞ്ഞെടുക്കാം. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം തുടക്കത്തിൽ തന്നെ വലിയൊരു തുക നിക്ഷേപിക്കാതെ , ചെറിയ തുക നിക്ഷേപിച്ച് മൈക്രോ ലെവലിൽ സംരംഭം ആരംഭിക്കുക. തുടർന്ന് സംരംഭത്തിന്റെ വളർച്ചയുടെ ദിശ , ഉപഭോക്താക്കളുടെ എണ്ണം , സംതൃപ്തി എന്നിവ കണക്കാക്കി കൂടുതൽ നിക്ഷേപം കൊണ്ട് വരിക. എല്ലാത്തിലും പ്രധാനമാണ് നിർമിക്കുന്ന ഉൽപ്പന്നത്തിന്റെ ഗുണമേന്മ, വിപണി പഠനം എന്നിവ. വിപണിയുടെ താല്പര്യങ്ങൾ പർച്ചേസിംഗ് കപ്പാസിറ്റി എന്നിവ കണ്ട് മനസിലാക്കി മാത്രം ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുക. ഇല്ലെങ്കിൽ എത്ര മികച്ച ഉല്പന്നമായാലും വിറ്റുപോകാനുള്ള സാധ്യത വിരളമാണ്. ന്യൂ ജെൻ മാർക്കറ്റിംഗ് രീതികൾ ഉപയോഗപ്പെടുത്തി ബ്രാൻഡിന് വിപണിയിൽ ഒരു സ്വാധീനവും സ്ഥാനവും ഉണ്ടാക്കിയെടുക്കുക. ഉപഭോക്താക്കൾ രാജാക്കന്മാരാണെന്ന ചിന്ത മനസ്സിൽ സൂക്ഷിക്കുക. വിജയം പിന്നാലെ വരും.