സമ്പത്തിന്റെ ബഹുഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാന്‍ പ്രതിജ്ഞ ചെയ്യുന്ന ‘ദ ഗിവിംഗ് പ്ലെഡ്ജി’ന്റെ ഭാഗമായിരിക്കുകയാണ് സ്റ്റോക്ക് ബ്രോക്കിംഗ് സ്റ്റാര്‍ട്ടപ്പായ സിറോധയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്ത്. ശതകോടീശ്വര സംരംഭകരായ വാറന്‍ ബഫറ്റും ബില്‍ ഗേറ്റ്സും മെലിന്ദ ഗേറ്റ്സും ചേര്‍ന്ന് 2010 ല്‍ ആരംഭിച്ച ഗിവിംഗ് പ്ലെഡ്ജ് ക്യാംപെയ്നില്‍ അംഗമാകുന്ന നാലാമത്തെ ഇന്ത്യക്കാരനായി ഇതോടെ നിഖില്‍.
“എന്റെ പ്രായം പരിഗണിക്കെത്തന്നെ, ലോകത്തെ പോസിറ്റീവായി സ്വാധീനിക്കുകയെന്ന ആശയത്തോട് ഞാന്‍ പ്രതിബദ്ധനാണ്”
നിഖില്‍ കാമത്ത്
ചാരിറ്റിക്കായി സമ്പത്തിന്റെ സിംഹഭാഗവും മാറ്റി വെക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനെന്ന ഖ്യാതിയും നിഖിലിന് കൈവന്നിരിക്കുകയാണ്.
ആര്‍ജിക്കുന്ന സമ്പത്ത് മറ്റു സംരംഭങ്ങളിലോ നിക്ഷേപ മാര്‍ഗങ്ങളിലോ സ്വരുക്കൂട്ടാന്‍ ചെറുപ്പക്കാര്‍ താല്‍പ്പര്യം കാണിക്കുന്ന പ്രായത്തിലാണ് നിഖില്‍ കാമത്ത് തനിക്ക് സമ്പത്തിലുപരി സമൂഹത്തോടാണ് കടപ്പാടെന്ന് വ്യക്തമാക്കുന്നത്. ‘എന്റെ പ്രായം പരിഗണിക്കെത്തന്നെ, ലോകത്തെ പോസിറ്റീവായി സ്വാധീനിക്കുകയെന്ന ആശയത്തോട് ഞാന്‍ പ്രതിബദ്ധനാണ്,’ നിഖില്‍ പറയുന്നു.
ഇതിനകം ആഗോള തലത്തില്‍ 29 രാജ്യങ്ങളില്‍ നിന്നുള്ള 241 സംരംഭകര്‍ ഗിവിംഗ് പ്ലെഡ്ജിന്റെ ഭാഗമായിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് വിപ്രോ ചെയര്മാന് അസിം പ്രേംജി, ബയോകോണ്‍ സ്ഥാപക കിരണ്‍ മജൂംദാര്‍ ഷോ, ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന് നിലേക്കനി, ഭാര്യ രോഹിണി നിലേക്കനി എന്നിവരാണ് നേരത്തെ ഗിവിംഗ് പ്ലെഡ്ജില്‍ അണിചേര്‍ന്നിരുന്നത്.