ഒരിടവേളക്ക് ശേഷം തലൈവര്‍ തിരികെയെത്തിയിരിക്കുകയാണ്. മാസ് എന്റര്ടെയ്നര് ‘കൂലി’യുമായി ആഗോള ബോക്സ് ഓഫീസുകള്‍ കീഴടക്കിയുള്ള ഒരു വമ്പന്‍ തിരിച്ചുവരവ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് മുഖ്യവേഷമിട്ട കൂലി നാല് ദിവസത്തെ കളക്ഷന്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസിലെ നമ്പര്‍ വണ്‍ ചിത്രമായിരിക്കുന്നു.
ആഗോള ബോക്സ്ഓഫീസില്‍ നിന്ന് 393 കോടി രൂപയാണ് (45 മില്യണ്‍ ഡോളര്‍) ഓഗസ്റ്റ് 14 ന് റിലീസ് ചെയ്ത കൂലിയുടെ നാല് ദിവസത്തെ കളക്ഷന്‍. ഇതില്‍ 160 കോടി രൂപ (18 മില്യണ്‍ ഡോളര്‍) വിദേശ രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്ന് നികുതികള്‍ കണക്കാക്കാതെ 233 കോടി രൂപയാണ് കൂലിയുടെ നാല് ദിവസത്തെ കളക്ഷന്‍. നികുതിക്ക് ശേഷമുള്ള വരുമാനം 194.25 കോടി രൂപ.
മറികടക്കാന്‍ സെല്‍വനും ജയിലറും
യുഎസ് ബോക്സ് ഓഫീസില്‍ നിന്ന് 6 മില്യണ്‍ ഡോളര്‍ കൂലി നേടിക്കഴിഞ്ഞു. ശങ്കര്‍ സംവിധാനം ചെയ്ത 2.0 ആയിരുന്നു യുഎസില്‍ ഇതുവരെ ഏറ്റവും നേട്ടമുണ്ടാക്കിയ രണ്ടാമത്തെ രജനി ചിത്രം. 2.0 ന്റെ 5.43 മില്യണ്‍ ഡോളര്‍ കളക്ഷന്‍ റെക്കോഡ് കൂലി മറികടന്നു. യുഎസില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ തമിഴ് ചിത്രങ്ങളുടെ പട്ടികയിലും കൂലി മൂന്നാമതെത്തി. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനാണ് 6.4 മില്യണ്‍ ഡോളര്‍ കളക്ഷനുമായി കൂലിയുടെ മുന്നിലുള്ളത്. ഒന്നാം സ്ഥാനത്ത് സാക്ഷാല്‍ രജനിയുടെ തന്നെ ജയിലര്‍. കളക്ഷന്‍ റെക്കോഡ് 7.35 മില്യണ്‍ ഡോളര്‍. ഈ റെക്കോഡ് കൂലി തകര്‍ക്കുമോയെന്നാണ് ഇനി കാണേണ്ടത്.
വെപണ്‍സ്, വാര് 2 പിന്നില്‍
വമ്പന്‍ ഹോളിവുഡ് പടങ്ങളൊന്നും റിലീസാവാഞ്ഞതാണ് ആഗോള ബോക്സ് ഓഫീസില്‍ കൂലിക്ക് നേട്ടമായത്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ഹോളിവുഡ് ഹൊറര്‍ സിനിമയായ വെപണ്‍സ് 44 മില്യണ്‍ ഡോളറാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. യുഎസില്‍ നിന്ന് 15 മില്യണ്‍ ഡോളറും പുറത്തുനിന്ന് 29 മില്യണ്‍ ഡോളറും നേടിയ ഹോളിവുഡ് ചിത്രം കളക്ഷനില്‍ കൂലിക്ക് പിന്നിലായി. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 30 മില്യണ്‍ ഡോളര്‍ നേടിയ ഹൃതിക് റോഷന്, ജൂനിയര്‍ എന്‍ടിആര്‍ ചിത്രമായ വാര് 2 ആണ് മൂന്നാം സ്ഥാനത്ത്. ആഴ്ചാവസാനം റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം നോബഡി 2 14 മില്യണ്‍ ഡോളര്‍ കളക്ഷനുമായി കൂലിക്കും വാര് 2 വിനും പിന്നിലായി.
ചെലവ് 400 കോടി രൂപ
കൂലിയുടെ മൊത്തം നിര്‍മ്മാണ ബജറ്റ് 350 കോടി മുതല്‍ 400 കോടി രൂപ വരെയെന്നാണ് കണക്കാക്കിയിരിക്കുന്നത്. രജനീകാന്തിന്റെ പ്രതിഫലം 150 കോടി രൂപയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ തമിഴ് ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കൂലി. രജനി തന്നെ നായകനായ ശങ്കറിന്റെ 2.0 ആണ് ഏറ്റവും ചെലവേറിയ തമിഴ് ചിത്രം. 400-600 കോടി രൂപയായിരുന്നു ചിത്രത്തിന്റെ നിര്‍മാണ ചെലവ്. രണ്ടാം സ്ഥാനത്ത് വിജയ് നായകനായ ഗോട്ട്. 380-400 കോടി രൂപയായിരുന്നു ഈ ചിത്രത്തിന്റെ നിര്‍മാണ ചെലവ്.




