പ്രണയത്തിനോളം വില മറ്റൊന്നിനുമില്ലെന്ന് പറയാറില്ലേ. ഇത് ഏറെക്കുറെ തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് നടന് ഹൃത്വിക് റോഷന്. മുംബൈയിലെ ജുഹുവില്‍ തന്റെ ആഡംബര ഫഌറ്റുകളിലൊന്ന് കാമുകിയായ സബ ആസാദിന് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് ഹൃത്വിക്. മുംബൈയിലെ ഏറ്റവും പ്രീമിയം അപ്പാര്ട്ട്മെന്റുകളിലൊന്നായ മന്നത്ത് അപ്പാര്ട്ടുമെന്റ്സിലെ (വര്ധമാന് എന്നും പേര്) ഒരു ഫഌറ്റാണ് പ്രതിമാസം 75000 രൂപ വാടകയ്ക്ക് ഹൃത്വിക് സബയ്ക്ക് നല്‍കിയത്.
1.25 ലക്ഷം രൂപയുടെ നിക്ഷേപവും ഹൃത്വിക് സബയില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. പ്രണയം ഒരു വശത്തുണ്ടെങ്കിലും ബിസിനസിനും അല്‍പ്പം പ്രാധാന്യം കൊടുത്തിട്ടുണ്ടെന്നു സാരം. എന്നിരുന്നാലും ഇടപാടില്‍ സ്വീകരിച്ചിരിക്കുന്ന പണം, മാര്‍ക്കറ്റിലെ പൊതുനിരക്കും പ്രോപ്പര്‍ട്ടിയുടെ മൂല്യവും പരിശോധിക്കുമ്പോള്‍ തീരെ കുറവാണ്.
മുംബൈയിലെ ഏറ്റവും മികച്ച റെസിഡന്‍ഷ്യല്‍ സ്പെയ്സുകളിലൊന്നിലെ വിലാസമാണ് സബയ്ക്ക് പ്രതിമാസം വെറും 75000 രൂപ നിരക്കില്‍ ലഭിച്ചിരിക്കുന്നത്. ഇതേ അപ്പാര്‍ട്ട്മെന്റിലെ ആറാം നിലയിലുള്ള ഒരു ഫ്ളാറ്റ് 2023 ല്‍ പ്രതിമാസം 10 ലക്ഷം രൂപ വാടകയ്ക്കാണ് നല്‍കിയിരുന്നത്. 2020 ലാണ് ജുഹു വെര്‍സോവ ലിങ്ക് റോഡിലുള്ള മന്നത്ത് അപ്പാര്‍ട്ട്മെന്റിലെ മൂന്ന് നിലകള്‍ (18 മുതല്‍ 20 വരെ) ഹൃതിക് റോഷന് വാങ്ങിയത്. ആകെ സ്പേസ് 12,000 ചതുരശ്ര അടി വിസ്തീര്‍ണ്ണം. 97.5 കോടി രൂപയാണ് ഈ ആഡംബര ഫഌറ്റുകള്‍ വാങ്ങാന്‍ ചെലവഴിച്ചത്.
റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സജീവമാണ് ഹൃത്വിക്കും അദ്ദേഹത്തിന്റെ പിതാവും ചലച്ചിത്ര നിര്‍മ്മാതാവുമായ രാകേഷ് റോഷനും. മുംബൈയിലെ അന്ധേരിയിലെ മൂന്ന് അപ്പാര്‍ട്ട്മെന്റുകള്‍ ആകെ അടുത്തിടെ 6.75 കോടിക്ക് ഇവര്‍ വിറ്റിരുന്നു.
ജൂലൈയില്‍ ഹൃതിക്, രാകേഷ് റോഷന് എന്നിവരുടെ ഉടമസ്ഥതയിലുള്ള എച്ച്ആര്‍എക്സ് ഡിജിടെക്, മുംബൈയിലെ ചാന്ദിവാലിയിലുള്ള ബൂമറാങ് ബില്‍ഡിംഗില്‍ 31 കോടി വിലവരുന്ന മൂന്ന് ഓഫീസ് യൂണിറ്റുകള്‍ വാങ്ങിയിരുന്നു. 13,546 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്പേസണിത്. 1.86 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും 30,000 രൂപ രജിസ്ട്രേഷന് ഫീസായും ചെലവാക്കി. 2024 സെപ്റ്റംബറില്‍, ഇതേ കെട്ടിടത്തിന്റെ അഞ്ചാം നിലയിലുള്ള അഞ്ച് ഓഫീസ് യൂണിറ്റുകള്‍ 37.75 കോടി രൂപക്ക് റോഷന് കുടുംബം സ്വന്തമാക്കിയിരുന്നു.




