രാംചരണിന്റെ ഭാര്യ, ചിരഞ്ജീവിയുടെ മരുമകള്‍, ഉപാസന കാമിനേനി കോനിഡേലയെ കുറിച്ച് ഇത്രയൊന്നും അറിഞ്ഞാല്‍ പോര. സിനിമയുമായുള്ള ഈ ബന്ധം വിട്ടാല്‍ ഇന്ത്യയിലെ തന്നെ മികച്ച സംരംഭകരിലൊരാള്‍, കോര്‍പ്പറേറ്റ് ലോകത്ത് സ്വന്തമായി ഒരു ഇരിപ്പിടമുള്ള വനിത ഇതൊക്കെ
യാണ് ഉപാസന. രാജ്യത്തെ മുന്‍നിര ആശുപത്രി ശൃംഖലയായ അപ്പോളോ ഹോസ്പിറ്റല്‍സിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്ിസിബിലിറ്റി (സിഎസ്ആര്‍) വിഭാഗം വൈസ് ചെയര്‍പേഴ്സണ്‍ ആണ് ഉപാസന. ഉപാസനയുടെ മുത്തശ്ശനും കമ്പനി ചെയര്‍മാനുമായ ഡോ.പ്രതാപ് റെഡ്ഡിയാണ് അപ്പോളോ ഹോസ്പിറ്റല്‍സിന്റെ സ്ഥാപകന്‍. കമ്പനിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ആരോഗ്യപദ്ധതികളിലും സജീവമാണ് ഉപാസന.
തെലുങ്കിലെ സൂപ്പര്‍താരങ്ങളായ ചിരഞ്ജീവിയേക്കാളും മകന് രാംചരണിനേക്കാളും സമ്പന്നയാണ് ഉപാസന. 77,000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമാണ് താനെന്ന് കഴിഞ്ഞിടെ ഒരു അഭിമുഖത്തില്‍ ഉപാസന വെളിപ്പെടുത്തിയിരുന്നു. കാമിനേനി കുടുംബത്തില്‍ ജനിച്ച ഉപാസന പഠനത്തിന് ശേഷമാണ് ബിസിനസിലേക്ക് എത്തിയത്. ഉപാസനയുടെ അമ്മ ശോഭന കാമിനേനി അപ്പോളോ ഹോസ്പിറ്റല്‍സിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വനിതയാണ്. ഇക്കാര്യത്തില്‍ അമ്മയുടെ പാത തന്നെയാണ് ഉപാസനയും പിന്തുടരുന്നത്.
സിഎസ്ആര്‍ വിഭാഗത്തെ കൂടാതെ ഫാമിലി ഹെല്‍ത്ത് പ്ലാന്‍ ഇന്‍ഷുറന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് ഉപാസന. ഇതല്ലാതെ, UR.Life എന്ന ഒരു ആരോഗ്യപ്ലാറ്റ്ഫോമും ഉപാസന ആരംഭിച്ചിട്ടുണ്ട്. ആരോഗ്യജീവനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരിടമാണത്. ബിസിനസ് രംഗത്തെ സംഭാവനകള്‍ക്കായി നിരവധി പുരസ്കാരങ്ങളും ഉപാസനയെ തേടിയെത്തിയിട്ടുണ്ട്. ദാദാ ഫാല്‍കെ പുരസ്കാരം, ഫോര്‍ബ്സ് ബിസിനസ് ടൈക്കൂണ്‍ ഓഫ് ടുമാറോ എന്നിവ അവയില്‍ ചിലതാണ്.
പതിനായിരക്കണക്കിന് കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമാണെങ്കില്‍ കൂടിയും സമ്പത്ത് ചിലവഴിക്കുകയെന്നതല്ല കൂടുതല്‍ മികച്ച രീതിയില്‍ ബിസിനസ് എങ്ങനെ കൊണ്ടുപോകാമെന്നതും കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സമ്പത്ത് എങ്ങനെ വളര്ത്താമെന്നുള്ളതുമാണ് തന്റെ ദൗത്യമെന്ന് ഉപാസന പറയുന്നു.