ബോളിവുഡ് താരറാണി ദീപിക പദുകോണ്‍ കഴിഞ്ഞിടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍ പങ്കുവെച്ചു. പ്രമുഖ ഹോട്ടല്‍ ശൃംഖലയുമായി ചേര്‍ന്നുള്ള ഒരു പെയ്ഡ് പ്രമോഷന്റെ ഭാഗമായിരുന്നു അത്. പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം അത് വൈറലായി, 1.9 ബില്യണ്‍ വ്യൂസും വന്നു. പക്ഷേ ഒല ഇലക്ട്രിക്കിന്റെ മുന്‍ മാര്‍ക്കറ്റിംഗ് മേധാവിയായ നിതിന്‍ ചന്ദില്‍ ചോദിച്ചു, ഇതിലെന്തോ ഒരു കുഴപ്പമില്ലേ.
ലിങ്ക്ഡിന്‍ പോസ്റ്റിലാണ് ഈ റീലിന്റെ കണക്കുകളില്‍ നിതിന്‍ തന്റെ ചില സംശയങ്ങള്‍ പങ്കുവെച്ചത്. ആ റീലിന്റെ വ്യൂസിന്റെ എണ്ണം തന്നെ അമ്പരപ്പിച്ചുവെന്നാണ് (flabbergasted) നിതിന്‍ പറയുന്നത്. വ്യൂ കൗണ്ട് (റീല്‍ കണ്ടവരുടെ എണ്ണം സംബന്ധിച്ച കണക്ക്) പൂര്‍ണ്ണചിത്രം നല്‍കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. 1.9 ബില്യണ്‍ ആളുകളാണ് റീല്‍ കണ്ടിരിക്കുന്നത്. പക്ഷേ 1.3 മില്യണ്‍ ആളുകളേ അത് ലൈക്ക് ചെയ്തിട്ടുള്ളു. അതായത് മൊത്തം വ്യൂവിന്റെ 0.03 ശതമാനം. താരത്തിന്റെ ശരാശരി റീല്‍ വ്യൂസുമായി താരതമ്യം ചെയ്യുമ്പോള്‍ അത് വളരെ കുറവാണെന്നാണ് നിതിന്റെ അഭിപ്രായം.
ദീപിക പദുകോണിന്റെ ശരാശരി റീല്‍ വ്യൂ 5 മില്യണാണ്. അതിലുള്ള എന്‍ഗേജ്മെന്റ് (ലൈക്ക്, കമന്റ്, ഷെയര്‍ തുടങ്ങിയവ) 5 ശതമാനമാണ്. ഇത് സൂചിപ്പിക്കുന്നത് പ്രസ്തുത റീല്‍ ബൂസ്റ്റ് ചെയ്തതാണെന്നാണ് (പണം മുടക്കിയുള്ള പരസ്യ ക്യാംപെയ്ന്), അങ്ങനെയുള്ളപ്പോഴാണ് റീലില്‍ എന്‍ഗേജ്മെന്റ് കുറയുന്നതെന്ന് പോസ്റ്റില്‍ നിതിന്‍ വിശദീകരിക്കുന്നു.
റീലിന്റെ ഓര്‍ഗാനിക് വ്യൂസ് (പണം മുടക്കാതെ, സ്വാഭാവികമായി ആളുകളിലേക്ക് എത്തിയത്) 10 മില്യണ്‍ ആയിരിക്കാം, 1.89 ബില്യണ്‍ വ്യൂസ് പണം മുടക്കി നേടിയതാകാം. പരസ്യങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം ഈടാക്കുന്ന 2 ഡോളര്‍ നിരക്ക് പ്രകാരം (കോസ്റ്റ് പെര് ഇംപ്രഷന്‍, സിപിഎം) ഈ ക്യാംപെയിനായി ഏകദേശം 33 കോടി രൂപ ചിലവായിരിക്കാമെന്നാണ് നിതിന്റെ കണ്ടെത്തല്‍.
അത്ര എന്‍ഗേജിംഗ് അല്ലാത്ത ഉള്ളടക്കത്തിന് ഇത്ര വലിയ തുക ഇന്‍സ്റ്റഗ്രാമില്‍ മുടക്കുന്നത് ഗുണകരമാണോ എന്നും അത്രയും പണമുണ്ടെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ ഇന്ന് ചെയ്യാമെന്നും ചോദിച്ചാണ് നിതിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.




